തിരുവനന്തപുരം: സിപിഎമ്മിന്റെ വനിതാ പ്രാതിനിധ്യം കുറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ ഇക്കുറി ഇടംപിടിച്ചത് 11 വനിതകൾ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12 വനിതകൾക്കായിരുന്നു സിപിഎം അവസരം നൽകിയത്. കഴിഞ്ഞ തവണ ജയിച്ചവരിൽ ഐഷാ പോറ്റിയെ മാത്രമാണ് ഇക്കുറി മാറ്റി നിർത്തിയത്. തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റിനിർത്തിയതിന്റെ ഭാഗമായാണ് ഐഷാ പോറ്റിയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

കഴിഞ്ഞ തവണ മത്സരിച്ചവരിൽ മന്ത്രിമാരായ കെകെ ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വീണ്ടും ജനവിധി തേടുന്നു. ആറന്മുളയിൽ വീണ ജോർജ്ജും കായംകുളത്ത് യു പ്രതിഭയും ഇക്കുറിയും മത്സരരംഗത്തുണ്ട്. ആറ്റിങ്ങൽ - ഒഎസ് അംബിക, അരൂർ - ദലീമ ജോജോ, ആലുവ - ഷെൽന നിഷാദ്, കൊയിലാണ്ടി - കാനത്തിൽ ജമീല, ഇരിങ്ങാലക്കുട - ആർ ബിന്ദു, വണ്ടൂർ - പി മിഥുന, കോങ്ങാട് - കെ ശാന്തകുമാരി എന്നിവരാണ് സിപിഎം പട്ടികയിലുള്ള മറ്റ് വനിതകൾ. കഴിഞ്ഞ തവണ ടിഎൻ സീമ, അഡ്വ. ഷിജി ശിവജി, മേരി തോമസ്, സുബൈദ ഇസ്ഹാഖ്, കെപി സുമതി, കെകെ ലതിക എന്നിവരായിരുന്നു മത്സരിച്ചത്.