മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. സിനിമയുടെ വരവേൽക്കാൻ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്.പികെ ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനിയാണ് മരക്കാർ റിലീസുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ അവധി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് കമ്പനി അറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്. വിഷയം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മോഹൻലാൽ ആരാധകർ നിരവധി ഫേസ്‌ബുക്ക് പേജുകളിലൂടെ പ്രസ്താവന പങ്കുവെക്കുന്നുണ്ട്.

100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.