പത്തനംതിട്ട: ലൈംഗികമായി പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ പൊലീസുകാരൻ പരാതിക്കാരിയെ വിവാഹം കഴിച്ച് മാതൃക കാട്ടി. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുൺ ദേവ് ആണ് ഇന്ന് രാവിലെ കീക്കോഴൂർ ക്ഷേത്രത്തിൽ വച്ച് പരാതിക്കാരിയായ പുല്ലൂപ്രം സ്വദേശിനി(25)യെ വിവാഹം കഴിച്ചത്.

വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ച് പുല്ലൂപ്രം സ്വദേശിനി നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം റാന്നി പൊലീസ് അരുൺദേവിനെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തിരുന്നു. മാധ്യമങ്ങൾ ഈ വിവരം വാർത്തയാക്കിയതോടെ അരുൺ ദേവും മാതാവും ചേർന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ പൊലീസുകാരൻ തയാറാണെങ്കിൽ തൽക്കാലം അറസ്റ്റ് ഒഴിവാക്കാമെന്നൊരു നിർദ്ദേശം എസ്‌പിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ കീക്കോഴൂരിൽ വച്ച് വിവാഹിതനാകാൻ പ്രതി സമ്മതിച്ചത്.

കഴിഞ്ഞ മാസം 19 ന് അരുൺ ദേവ് നടത്തിയ ഒളിച്ചോട്ടമാണ് പീഡനക്കേസ് വരാൻ കാരണമായത്. അരുൺ ദേവ് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് മാതാവ് നൽകിയ പരാതിയിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്ന യുവതികളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. യുവതികൾ ഒരേ സമയം സ്റ്റേഷനിൽ എത്തിയപ്പോഴാണ് അരുൺ ദേവിന്റെ കള്ളക്കളി മനസിലായത്.

യുവതിയുടെ പരാതി ഇങ്ങനെ ആയിരുന്നു: ലോക്ഡൗൺ കൊടുമ്പിരിക്കൊണ്ടിരിക്കേ കഴിഞ്ഞ വർഷം മെയ്‌ 12 ന് പരാതിക്കാരിയുടെ വീട്ടിൽ എത്തി അവിടെ വച്ച് ബലാൽസംഗം ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് ആറു തവണ ഇതേ സ്ഥലത്ത് വച്ച് പീഡിപ്പിച്ചു. നവംബർ രണ്ടിന് പൂങ്കാവിൽ അരുൺദേവ് താമസിക്കുന്ന സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ വർഷം മെയ്‌ 20 ന് പത്തനംതിട്ട ജെ മാർട്ട് ഫൽറ്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിച്ചു. മാമന്റെ ഫൽറ്റാണ് ഇതെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടു പോയത്. പിന്നീടൊരിക്കൽ കൂടി ഇവിടെ വച്ച് പീഡനം നടന്നു. 1,73,800 രൂപ, അരപവന്റെ മാല, മുക്കാൽ പവന്റെ കമ്മൽ എന്നിവയും കൈവശപ്പെടുത്തി.

കഴിഞ്ഞ വർഷം ഏപ്രിൽ 21 ന് ഫേസ്‌ബുക്ക് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ മാസം 19 ന് അരുൺ ദേവ് നടത്തിയ ഒളിച്ചോട്ടം വഴിത്തിരിവായി. സുഹൃത്തിന്റെ വീട്ടിൽ സ്വന്തം ബൈക്ക് കൊണ്ടു വച്ച ശേഷം അവിടെയുണ്ടായിരുന്ന സ്‌കൂട്ടറുമായിട്ടാണ് ഇയാൾ അന്ന് ഒളിവിൽപ്പോയത്. മകനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം സൈബർ സെൽ സഹായത്തോടെയായിരുന്നു. ഇയാൾ നിരന്തരമായി വിളിച്ചിരുന്ന നമ്പരുകൾ കണ്ടെത്തി അതിന്റെ ഉടമകളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെയും അവിവാഹിതരായ യുവതികൾ. ഇവരുമായിട്ടെല്ലാം പൊലീസുകാരന് ബന്ധവും. യുവതികൾ ഒന്നടങ്കം സ്റ്റേഷനിൽ വന്നപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്.

അന്ന് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയ തന്നോട് പ്രതിയുടെ മാതാവ് അവൻ നിന്നെ വിവാഹം കഴിക്കുമെന്നും അവന്റെ ജോലി പോകുന്ന ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഇതിൻ പ്രകാരം മെയ്‌ 15 ന് പരാതിക്കാരിയുമായി വിവാഹം നിശ്ചയിച്ചു.
നടക്കാതെ വന്നപ്പോഴാണ് യുവതി പരാതിയുമായി അഭിഭാഷകനെ സമീപിച്ചത്. പത്തനംതിട്ട സ്റ്റേഷനിൽ നിന്ന് പെറ്റീഷൻ അന്വേഷിക്കുന്ന ചുമതലയായിരുന്നു അരുൺ ദേവിന്. ഇതും സാമൂഹിക മാധ്യമങ്ങളും യുവതികളെ വലയിൽ വീഴ്‌ത്താൻ പൊലീസുകാരൻ ഉപയോഗിച്ചു.