കൊല്ലം: പ്രവർത്തനത്തെ കുറിച്ച് വിമർശനങ്ങൾ ഉണ്ടായെങ്കിലും, കൊല്ലത്ത് നിലവിലെ എംഎൽഎയും നടനുമായ മുകേഷിനെ തന്നെ മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണ. മുകേഷിന് രണ്ടാമൂഴം നൽകാൻ സി പി എം സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശുപാർശ ചെയ്തു. കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മ തന്നെ വീണ്ടും മത്സരിച്ചേക്കും. ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാറിനും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എസ്. ജയമോഹൻ എന്നവരെയും പരിഗണിക്കുന്നുണ്ട്. മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരു ടേം കൂടി നൽകണമെന്ന് നിർദ്ദേശം ഉയർന്നു. ജി സുധാകരനും തോമസ് ഐസക്കിനും നൽകുന്നതുപോലെ മേഴ്സിക്കുട്ടിയമ്മയ്ക്കും ഇളവ് നൽകണമെന്നാണ് ആവശ്യം. മേഴ്സിക്കുട്ടിയമ്മയെ മാറ്റിയാൽ എസ് എൽ സജികുമാറിനെയോ ചിന്ത ജെറോമിനെയോ മണ്ഡലത്തിൽ പരിഗണിക്കും.മുകേഷിനും, മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ യോഗത്തിൽ കാതലായ വിമർശനങ്ങൾ ഉയർന്നു.

വിവാദങ്ങൾക്കിടയായ സംഭവങ്ങളിൽ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നത്. മുകേഷിനെക്കൊണ്ട് പാർട്ടിക്ക് ഗുണമുണ്ടായില്ലെന്നും വിമർശനമുയർന്നു. പി.കെ. ഗുരുദാസനാണ് മുകേഷിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. പാർട്ടിക്ക് മുകേഷിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ. വരദരാജനും മുകേഷിനെതിരായ വിമർശനങ്ങളെ അംഗീകരിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഇതേ നിലപാടാണ് എടുത്തത്.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായതായി വിമർശനമുയർന്നു. വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മേഴ്സിക്കുട്ടിയമ്മ. അങ്ങനെയുള്ള ആളിൽനിന്ന് ഇത്തരത്തിലുള്ള ജാഗ്രതക്കുറവ് ഉണ്ടാകരുതായിരുന്നെന്ന് സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.

ഇരവിപുരത്ത് നിലവിലെ എം എൽ എ എം നൗഷാദിന് ഒരു ടേം കൂടി നൽകാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.ചവറയിൽ അന്തരിച്ച എം എൽ എ വിജയൻ പിള്ളയുടെ മകൻ ഡോ സുജിത് വിജയനെ മത്സരിപ്പിക്കാനാണ് ധാരണ. സുജിത്തിനെ സി പി എം ചിഹ്നത്തിൽ മത്സരിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുന്നത്തൂർ സീറ്റ് ഏറ്റെടുക്കേണ്ടെന്നും, കോവൂർ കുഞ്ഞുമോൻ മത്സരിച്ചാൽ പിന്തുണയ്ക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

.കൊട്ടാരക്കരയിൽ ഐഷാ പോറ്റിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാനാണ് ധാരണ. കെ എൻ ബാലഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ പേരുകാരനാകും ബാലഗോപാൽ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ബാലഗോപാൽ. അതിനാൽ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.