പാട്‌ന: രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങളിൽ ഒന്നെന്ന് പഴി കേൾക്കേണ്ടി വരുമ്പോഴും ബീഹാറിലെ രാഷ്ട്രീയക്കാരുടെ സാമ്പത്തിക സ്ഥിതി അങ്ങനല്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മത്സരിച്ചവരിൽ 375 പേരുടെ സ്വത്ത് ഒരുകോടിക്ക് മുകളിൽ ആയിരുന്നെങ്കിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥികളിൽ 495 കോടീശ്വരന്മാരാണുള്ളത്. 56 കോടിയുടെ ആസ്തിയുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ സഞ്ജീവ് സിങ് ആണ് ഏറ്റവും സമ്പന്നൻ. വൈശാലി മണ്ഡലത്തിലാണു സഞ്ജീവ് മത്സരിക്കുന്നത്.

എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കളത്തിൽ കോടീശ്വരന്മാരെ ഇറക്കിയിട്ടുണ്ട്. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 1463 സ്ഥാനാർത്ഥികളിൽ 495 പേരും കോടീശ്വരന്മാരാണെന്നാണു റിപ്പോർട്ട്. മിക്കവരും ആർജെഡിയുടെയും ബിജെപിയുടെയും ടിക്കറ്റിലാണു മത്സരിക്കുന്നത്. രണ്ടാംഘട്ടത്തിൽ മത്സരിക്കുന്ന 56 ആർജെഡി സ്ഥാനാർത്ഥികളിൽ 46 പേരും കോടീശ്വരന്മാരാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്. ചിരാഗ് പാസ്വാന്റെ എൽജെപിയുടെ 52 സ്ഥാനാർത്ഥികളിൽ 38 പേരും ബിജെപിയുടെ 39 സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണ്. ബിജെപിയുടെ 85 ശതമാനം സ്ഥാനാർത്ഥികൾക്കും ജെഡിയുവിന്റെ 81 ശതമാനം സ്ഥാനാർത്ഥികൾക്കും ഒരു കോടിക്കു മുകളിലാണ് ആസ്തി. കോൺഗ്രസിലെ 83 ശതമാനം സ്ഥാനാർത്ഥികളാണ് കോടീശ്വരന്മാരായി ഉള്ളത്.

സംസ്ഥാനത്തെ 118 സ്ഥാനാർത്ഥികൾക്ക് 5 കോടിക്കു മുകളിൽ ആസ്തിയുണ്ട്. 185ൽ അധികം സ്ഥാനാർത്ഥികൾക്ക് 2-5 കോടിക്കിടയിലാണ് ആസ്തി. രഗോപുരിൽനിന്നു മത്സരിക്കുന്ന മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിന് 5.58 കോടിയുടെ ആസ്തിയാണുള്ളത്. 2015ൽ രണ്ടു കോടിയായിരുന്നു ആസ്തി. സഹോദരൻ തേജ്പ്രതാപിന് 2.8 കോടിയുടെ ആസ്തിയുണ്ട്. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിൽ നവംബർ മൂന്നിനാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. 1315 പുരുഷന്മാരും 147 സ്ത്രീകളുമാണു മത്സരരംഗത്തുള്ളത്.

നവംബർ 3 നാണ് ബിഹാറിൽ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ്. സംസ്ഥാത്ത് തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എൻഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി മോദിയാണ് പ്രചരണങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. 4 ദിവസത്തിനിടെ 12 റാലികളിലാണ് മോദി പങ്കെടുത്തത്. 2015 ൽ മോദി സംസ്ഥാനത്ത് 31 റാലികളിലായിരുന്നു പങ്കെടുത്തത്. അന്ന് മത്സരിച്ച 157 സീറ്റുകളിൽ ബിജെപി വിജയിച്ചത് 53 സീറ്റുകളിലായിരുന്നു. അതേസമയം 2015 ൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്ന ജെഡിയു ഇത്തവണ എൻഡിഎയ്ക്കൊപ്പമാണ്.ഈ സാഹചര്യത്തിൽ ഇക്കുറി എൻഡിഎയ്ക്ക് വെന്നിക്കൊടി പാറിക്കാൻ മോദി മാജിക് സഹായിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പ്രധാനമന്ത്രി റാലി നയിക്കുന്ന 12 ജില്ലകളിൽ 2015ൽ ബിജെപി-ജെഡിയുമാണ് മുന്നിട്ട് നിന്നത്. അതായത് ഈ ജില്ലകളിൽ 110 സീറ്റുകളിൽ പകുതിയും.ഒക്ടോബർ 23 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ആദ്യത്തെ റാലി റോഹ്താസ് ജില്ലയിലെ സസാരാമിലായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴ് സീറ്റുകളിൽ രണ്ടെണ്ണം ജെഡി-യു നേടിയിരുന്നു. ഭാഗൽപൂർ ജില്ലയിലും 2015 ൽ ഏഴ് നിയമസഭാ വിഭാഗങ്ങളിൽ മൂന്നെണ്ണം ജെഡി-യു നേടി. ഒക്ടോബർ 28 ന് മോദി റാലി നടത്തിയ ആർ‌ജെ‌ഡി കോട്ടയായി കണക്കാക്കപ്പെടുന്ന മുസാഫർപൂർ ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനൊന്ന് സീറ്റുകളിൽ മൂന്നെണ്ണം ബിജെപി നേടിയിരുന്നു.

നവംബർ മൂന്നിന് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യാൻ പോകുന്ന വെസ്റ്റ് ചമ്പാരനിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചും ജെഡിയു ഒമ്പത് സീറ്റുകളിൽ ഒരു സീറ്റും നേടി. മത്സരിച്ച സീറ്റുകളിൽ 33 ശതമാനം മാത്രമേ ബിജെപിക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളൂവെങ്കിലും 2015 ൽ പ്രധാനമന്ത്രി റാലികളെ അഭിസംബോധന ചെയ്ത 45 ശതമാനം നിയമസഭാ സീറ്റുകളിലും പാർട്ടി വിജയിച്ചിരുന്നു. 2015 ൽ 80 സീറ്റുകളുമായി ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 71 സീറ്റുകളുമായി ജെഡി-യു രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറിൽ രണ്ടും മൂന്നും ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. എൻഡിഎ സഖ്യം വിട്ടില്ലെങ്കിലും എൽജെപി ഇക്കുറി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്കാണ് പാർട്ടിയുടെ പിന്തുണ.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.