തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിഷപ്പ് ഡോ. ധർമ്മരാജ് റസാലവും മറ്റ് ആരോപണ വിധേയരും ഇഡി യ്ക്ക് മുന്നിൽ എതിർ വിഭാഗത്തിന് എതിരെ തെളിവുകൾ ഹാജരാക്കി. ബെനറ്റ് എബ്രഹാമും ടി ടി പ്രവീണും വാദിച്ചത് കോഴ വിവാദത്തിൽ തങ്ങൾക്ക് പങ്കില്ലന്നാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇതെല്ലാം നടന്നത്. തങ്ങൾ ആരിൽ നിന്നും പണം കൈപറ്റിയിട്ടില്ല. എന്നാൽ ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രവീണിന്റെ സമ്പാദ്യത്തിലുള്ള വർദ്ധനവ് സംബന്ധിച്ച ചോദ്യത്തിന് ഇവർക്ക് വ്യക്തമായ മറുപടി നല്കാനായില്ല.

ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും പഴയ സഭാ സെക്രട്ടറിയുമായിരുന്ന ഡോ. റോസ്ബെസ്റ്റിനെയാണ് ഇവർ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഇദ്ദേഹത്തിന്റെ നപടികൾ ശരിയായ ദിശയിൽ ആയിരുന്നില്ലന്നും അതാണ് ഇദ്ദേഹത്തെ പുറത്താക്കി അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടി വന്നതെന്നും ഇവർ ഇ ഡി ഉദ്യോഗസ്ഥർക്ക മുന്നിൽ മൊഴി നല്കി. കൂടാതെ കോടികളുടെ സമ്പാദ്യം ഉണ്ടെന്ന്് ആരോപണം ഉയരുന്ന ബിഷപ്പിന്റെ പേരിൽ മറ്റു വസ്തു വകകൾ ഒന്നുമില്ല എന്ന രേഖയും ഇഡി ക്ക് മുന്നിലെത്തിച്ചു. ഇവർ പറഞ്ഞത് മുഴുവനായും ഇ ഡി വിശ്വസിച്ചിട്ടില്ല.

ടിടി പ്രവീൺ ബിഷപ്പിന്റെ ബിനാമിയാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ ആ വഴിക്കും ഇ ഡി അന്വേഷണം തുടരുകയാണ്. നാളെ സഭാ സെക്രട്ടറി ടി ടി പ്രവീണിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. പ്രവീണിന്റെ ചില സാമ്പത്തിക ഇടപാടുകളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കൂടാതെ പ്രവീണിന് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായ സാമ്പത്തിക വളർച്ച ഇതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി തന്നെ തുടരുകയാണ്. ഇത്ന് വ്യക്തത വരുത്താനാകും ഇ ഡി നാലെ ശ്രമിക്കുക.

അടുത്ത ദിവസം ബിഷപ്പിനെയും ബെനറ്റ് എബ്രഹാമിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് ശേഷം മുന്ന് പേരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് പരാതികൾ വന്നപ്പോൾ ബിഷപ്പ് നടത്തിയ ഇടപെടലുകളുടെ തെളിവുകളും ഇ ഡി ക്ക് കിട്ടിയിട്ടുണ്ട്. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും. ടി ടി പ്രവീണിന്റെ കരാർ ജോലികൾ, പ്രവീൺ മൈലം ഐ ടി ഐ യിൽ ജീവനക്കാരൻ ആയി എത്തിയത് മുതലുള്ള മുഴുവൻ വിവരങ്ങളും ഇ ഡി യുടെ കൈവശം ഉണ്ട്.

നാളെ രാവിലെ 10 മണിക്ക് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് പ്രവീണിനോടു നിർദ്ദേശിച്ചിരിക്കുന്നത്. ബിഷപ്പ് ധർമ്മരാജ് റസാലം കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.ടി പ്രവീണ് എന്നിവർക്കെതിരെയുള്ള കള്ളപ്പണ കേസിൽ കേസെടുത്ത ഇ.ഡി ആദ്യ റൗണ്ട് ചോദ്യം ചെയ്യൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. ബിഷപ്പ് അടക്കമുള്ളവർ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി.

കഴിഞ്ഞ മാസം സി എസ് ഐ സഭ ആസ്ഥാനത്ത് മണിക്കൂറുകൾ ഇ ഡി പരിശോധന നടത്തി. സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തിയിരുന്നു. സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ്് യു.കെയിലേക്ക് പോകാനിരിക്കെയായിരുന്നു ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസിൽ ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല.

വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ സഭാംഗമായ മോഹനൻ ഇ.ഡി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയിൽ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഏറ്റെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചത്.
ബിഷപ് ഡോ.ധർമരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു.