കോഴിക്കോട്: നഗരത്തിൽ സ്വർണ കടത്തുമായി ബന്ധപ്പെട്ട് ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂർ സ്വദേശി മുജീബിന്റെ മർഷാദ് ജൂവലറിയിലാണ് രാവിലെ 11 മണിയോടെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇന്നലെ പാളയത്തെ മൊത്ത വിതരണ കേന്ദ്രത്തിൽ റെയ്ഡ് നടത്തുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പാളയത്ത് പ്രവർത്തിക്കുന്ന സ്വർണാഭരണ മൊത്ത വിൽപ്പന സ്ഥാപനത്തിലായിരുന്നു റെയ്ഡ്. 1.89 കോടി രൂപ വിപണിമൂല്യമുള്ള 3.82 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഉടമകളിൽ ഒരാൾക്കു നൽകിയിട്ടുണ്ട്.

ഇയാളിൽ നിന്നു ലഭിച്ച മൊഴിയുടെ തുടർച്ചയെന്നോണമാണ് ഇന്ന് റെയ്ഡ് നടത്തിയത്. കസ്റ്റംസ് ഇതിനകം അറസ്റ്റ് ചെയ്ത എരഞ്ഞിക്കൽ സ്വദേശി സഞ്ജുവിന്റെ വീട്ടിലും ഇന്ന് വീണ്ടും റെയ്ഡ് നടത്തി. സ്വർണക്കടത്തു കേസിൽ വിവിധയിടങ്ങളിൽ കസ്റ്റംസ് നടത്തുന്ന റെയ്ഡിന്റെ ഭാഗമായിട്ടാണ് കോഴിക്കോട്ടും റെയ്ഡ് നടക്കുന്നത്. രണ്ടാഴ്ച മുമ്പ് അരക്കിണറിലെ ഹെസ ജൂവലറിയിൽ നടന്ന റെയ്ഡിൽ മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് കോഴിക്കോട്ടും പരിശോധന നടത്തിയത്. മതിയായ രേഖകൾ ഇല്ലാതെ സൂക്ഷിച്ച 3.82 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

സ്റ്റോക്ക് രജിസ്റ്ററിൽ 13.82 കിലോഗ്രാം സ്വർണം കൈവശമുണ്ടെന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ 3.82 കിലോഗ്രാം അധികമുള്ളതായി കണ്ടെത്തി. നികുതി അടയ്ക്കാത്തതും മതിയായ രേഖകൾ ഇല്ലാത്തതുമായിരുന്നു ഈ ആഭരണങ്ങൾ. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ തുടർന്നു. വ്യാഴാഴ്ച ഇതേ സ്ഥാപനത്തിന്റെ മാങ്കാവിനു സമീപത്തെ ആഭരണനിർമ്മാണ ശാലയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവിടെ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ നടത്തുന്ന റെയ്ഡിന്റെ ഭാഗമായാണ് കോഴിക്കോട്ടും പരിശോധന നടത്തിയത്. ആഴ്ചകൾക്കു മുമ്പ് അരക്കിണറിലെ ഒരു ജൂവലറിയിലും കൊടുവള്ളിയിലെ പലയിടങ്ങളിലും സമാന രീതിയിൽ പരിശോധന നടന്നിരുന്നു. അരക്കിണറിലെ ജൂവലറിയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സ്വർണവും അനധികൃതമാണെന്നു കണ്ടെത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം കോഴിക്കോട്ടെ വിവിധ ജൂവലറികളിലെത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ പിടിയിലായവർ ഇതു സംബന്ധിച്ച മൊഴികളും നൽകിയിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് ഇപ്പോൾ നടന്നുവരുന്നത്.