കൊച്ചി: ആറുകോടിയുടെ മദ്യം കടത്തിയകേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജ് കൊച്ചി സിബിഐ. ഓഫീസിൽ കീഴടങ്ങി. സിബിഐ.യും കസ്റ്റംസും അന്വേഷിക്കുന്ന കേസിലെ ഒന്നാം പ്രതിയായ ലൂക്ക് രണ്ടുവർഷമായി ഒളിവിലായിരുന്നു. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ലൂക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. രണ്ടുവർഷമായി ജോലിക്ക് ഹാജരാകാത്ത ലൂക്കിനെ ജോലിയിൽനിന്ന് പുറത്താക്കാനാണ് കസ്റ്റംസ് നീക്കം.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മലേഷ്യൻ കമ്പനിയായ പ്ലസ് മാക്‌സ് ആറുകോടിരൂപ തീരുവ വെട്ടിച്ച് മദ്യം കടത്തിയതാണ് കേസ്. ഇവർക്ക് മദ്യം കടത്താൻ ലൂക്ക്, വിമാനത്താവളംവഴി യാത്രചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ നാല് എയർലൈൻസ് കമ്പനികളിൽനിന്ന് ശേഖരിച്ച് പ്ലസ് മാക്‌സിന് കൈമാറി. ഈ യാത്രക്കാർ മദ്യം വാങ്ങിയെന്ന് തെളിവുണ്ടാക്കാനായിരുന്നു ഇത്.

മദ്യം കടത്താനായി രാജ്യാന്തര യാത്രക്കാരുടെ വിവരം വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് 'പ്ലസ് മാക്‌സിനു' നൽകിയത് ലൂക്ക് കെ. ജോർജ് ആണെന്ന് കസ്റ്റംസ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിലാണ് വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കിയത്. ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്.

2017 സ്റ്റെപംബർ ഒന്നിനും ഡിസംബർ 15നും ഇടയിലുള്ള രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ പ്ലസ് മാക്‌സ് സിഇഒ ആർ.സുന്ദരവാസൻ എയർലൈൻസുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് എയർലൈൻസുകൾ തള്ളി. പിന്നീട്, ലൂക്ക് കെ. ജോർജ് ഇതേ ആവശ്യം എയർലൈൻസുകളോട് ഉന്നയിച്ചു. രേഖാമൂലം ആവശ്യപ്പെടണമെന്ന് എയർലൈൻസുകൾ മറുപടി നൽകി. കേസ് അന്വേഷണത്തിനായി യാത്രക്കാരുടെ വിവരം നൽകണമെന്നു ഡിസംബർ 18നു ഇ - മെയിൽ വഴി 17 എയർലൈൻസുകളോട് ആവശ്യപ്പെട്ടു.

ലൂക്ക് വിവരങ്ങൾ ശേഖരിക്കുന്നതറിഞ്ഞ്, കസ്റ്റംസ് അസി. കമ്മിഷണർ ഡിസംബർ 26നു താക്കീതു നൽകിയിരുന്നു. കസ്റ്റംസിന്റെ ശുപാർശപ്രകാരം അന്വേഷണം ഏറ്റെടുത്ത സിബിഐ ലൂക്കിനെ ഒന്നാംപ്രതിയാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. രണ്ടുവർഷം ജോലിക്ക് ഹാജരാകാതിരുന്നതിനാൽ ലൂക്കിനെ പിടികിട്ടാപ്പുള്ളിയായാണ് കസ്റ്റംസ് കണക്കാക്കുന്നത്.