കൊച്ചി: വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ ഒരുങ്ങിത്തന്നെ കസ്റ്റംസ് അധികൃതർ. സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പിഎസ് സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെയും ചോദ്യം ചെയ്യാനുള്ള സാധ്യത തേടിയത്. സ്പീക്കർ എന്നത് ഭരണഘടനാ പദവി ആയതിനാൽ ചോദ്യം ചെയ്യുന്നതിന് മുമ്പായി പൂർത്തിയാക്കേണ്ടി നടപടി ക്രമങ്ങളെ കുറിച്ചാണ് അസി. സോളിസിറ്റർ ജനറൽ പി.വിജയകുമാറിൽ നിന്നാണു നിയമോപദേശം തേടിയത്.

ഇപ്പോൾ സഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ സ്പീക്കറെ ചോദ്യം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സമ്മേളനം കഴിഞ്ഞ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ സാധിക്കുകയൂള്ളൂ. സ്പീക്കറിൽനിന്നും മൊഴിയെടുക്കുന്നതിൽ നിയമതടസ്സമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാൽ, കെ. അയ്യപ്പനിൽനിന്ന് മൊഴിയെടുക്കാൻ നോട്ടീസ് നൽകിയത് നിയമപ്രശ്‌നമായി മാറിയ പശ്ചാത്തലത്തിൽക്കൂടിയാണ് കസ്റ്റംസ് മുൻകരുതലെടുക്കുന്നത്. സമാനമായ പ്രശ്‌നങ്ങളിലെ സുപ്രീകോടതി നിർദ്ദേശങ്ങളും വിധികളുണ്ടെങ്കിൽ അതും പരിശോധിച്ചായിരിക്കും സമൻസ് തയ്യാറാക്കുക.

കേസിൽ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനാണിത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഒമ്പത് മണിക്കൂറോളമാണ് അയ്യപ്പനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രൈവന്റ്റീവ് ഓഫീസിൽ വെച്ച് 9 മണിക്കൂർ നേരമാണ് കെ അയ്യപ്പന്റെ ചോദ്യം ചെയ്തത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ തേടിയാണ് അയ്യപ്പനെ വിളിപ്പിച്ചിരിക്കുന്നത്. കെ അയ്യപ്പനെ ഇനി വിളിപ്പിക്കേണ്ടതില്ലെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയിൽ ഉണ്ടായിരുന്നത്.

ഇതിനിടെ അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. എന്നാൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ്, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ ചട്ടമെന്ന രൂക്ഷവിമർശനങ്ങളോടെ നിയമസഭാ സെക്രട്ടറിക്ക് മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനം നടക്കുന്ന ഇന്ന് അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരായത്.

അതിനിടെ സ്പീക്കർ കുരുക്കിലേക്കെന്ന സൂചന പുറത്തുവന്നതോടെ പ്രതിരോധ നടപടികളുമായി സിപിഎമ്മും രംഗത്തുവന്നിട്ടുണ്ട്. കസ്റ്റംസിനെതിരെ നിയമസഭാസെക്രട്ടറിക്ക് അവകാശ ലംഘന നോട്ടീസ് നൽകി രാജു എബ്രഹാം എംഎൽഎ ഇന്നലെ രംഗത്തുവന്നു. ഇന്നലെ സ്പീക്കറുടെ അസിസ്റ്റന്റ് പ്രവൈറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയാണ് നോട്ടീസിന് ആധാരം.

നിയമസഭാ ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാൻ ഉള്ളതല്ല എന്നായിരുന്നു ഈ നോട്ടീസിൽ ഉണ്ടായിരുന്നത്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ഉടനെ അയാളെ കുറ്റവാളിയായി കാണുന്നത് ശരിയല്ലെന്നും അത് ചട്ടങ്ങളുടെ ലംഘനമാണ് എന്നും കാണിച്ചുകൊണ്ടാണ് രാജു എബ്രഹാമിന്റെ നോട്ടീസ്.

അതിനിടെ വിഷയത്തിൽ രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎമ്മും രംഗത്തുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയക്കളി ശക്തമാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഇന്നലെ ആരോപിച്ചു. ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടുമെന്നും രാജ്യമാകെ ഇക്കാര്യം ചർച്ചാവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചതും രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായതു കൊണ്ടാണ് ഇതു പറയേണ്ടിവരുന്നത്. ഇനിയുള്ള മൂന്നു നാലു മാസത്തേക്കു പല നാടകങ്ങൾക്കുമുള്ള തിരക്കഥ അവർ തയാറാക്കിയിട്ടുണ്ട്. ആർക്കെതിരെയും നീങ്ങാം. ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതും ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണോ കാണുന്നതെന്ന ചോദ്യത്തിന് അതിനു മുൻ സംസ്ഥാന സെക്രട്ടറി വ്യക്തമായി മറുപടി നൽകിയിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നുമായിരുന്നു പ്രതികരണം.

സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി കയ്‌റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്നാണു കേസ്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണു ഡോളർ കടത്തിലും കസ്റ്റംസ് കേസെടുത്തത്.

സ്വർണക്കടത്തു കേസിൽ സന്ദീപ് നായരടക്കം 5 പ്രതികളുടെ രഹസ്യമൊഴിപ്പകർപ്പും എൻഐഎ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ സൈബർ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകളും തേടി എൻഐഎ കോടതിയിൽ കസ്റ്റംസ് അപേക്ഷ നൽകി. ഇവർ 5 പേരെയും എൻഐഎ മാപ്പുസാക്ഷികളാക്കുമെന്നാണു സൂചന.