കൊച്ചി: നിയമസഭയിൽ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷം നേരിടേണ്ടി വന്ന ഏറ്റവും വലിയ ശത്രുവായിരുന്നു പി ടി തോമസ്. തന്റെ നിലപാടുകളിൽ വിട്ടുവീഴ്‌ച്ചയില്ലാതെ ശക്തമായി പോരാടിയ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം സഭയിൽ കോർക്കുമായിരുന്നു പി ടി തോമസ്. ഇങ്ങനെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി നിരന്തരം പൊരുതുന്ന നേതാവ് അവർക്ക് അനിഭിമതനായതിൽ അത്ഭുതമൊന്നുമില്ല. എങ്കിലും മരിച്ച ശേഷവും അവഹേളിക്കാതിരിക്കുക എന്ന സാമാന്യ മര്യാദ പാലിക്കാൻ സിപിഎം സൈബർ സഖാക്കൾ തയ്യാറല്ല.

പി ടി തോമസിന്റെ മരണത്തെ തീർത്തും അവഹേളിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ നിരവധി സൈബർ ഇടത്തിൽ വന്നു കഴിഞ്ഞു. മരണം ഒരാളെയും വിരുദ്ധനാക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഇക്കൂട്ടരുടെ അവഹേളിക്കൽ പോസ്റ്റുകൾ. സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വ്യക്തിയായിരുന്നു പി ടി തോമസ് എന്നതു തന്നെയാണ് ഈ അവഹേളനത്തിന് കാരണവും. കാരണം സിപിഎമ്മിന്റെ കള്ളത്തരങ്ങൾ നിരന്തരം പൊളിക്കുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ അടക്കം പറഞ്ഞു പഴകിയ ചില നുണകൾ വേരോടെ പി ടി തോമസിന്റെ ഇടപെടലിൽ പൊളിഞ്ഞിട്ടുണ്ട്. അത്തരമൊരു കഥയാണ് തലശ്ശേരി കലാപത്തെ കുറിച്ചുള്ള സിപിഎമ്മിന്റെ തള്ളുകൾ. തലശ്ശേരി കലാപത്തെ കുറിച്ചുള്ള പി.ടി. തോമസിന്റെ അന്വേഷണം സിപിഎമ്മിന് അദ്ദേഹത്തെ അനഭിമതനാക്കിയെന്നാണ് അഡ്വ. എ ജയശങ്കറും പറയുന്നത്. തലശ്ശേരിയിലെ മുസ്ലിം വോട്ടുബാങ്കിനെ ഒപ്പം നിർത്താൻ വേണ്ടിയാണ് പിണറായി വിജയൻ അടക്കമുള്ളവർ മുസ്ലിംപള്ളികൾക്ക് കാവൽ നിന്ന് രക്തസാക്ഷിയായ സഖാവ് കുഞ്ഞിരാമന്റെ കഥ പറയുന്നത്.

ഇപ്പോൾ പിടി തോമസ് സൈബർ ഇടത്തിൽ അവഹേളിക്കപ്പെടുമ്പോൾ അതിന്റെ കാരണം ഈ നുണ പൊളിച്ചതു കൊണ്ടാണെന്നാണ് അഡ്വ. ജയശങ്കർ പറയുന്നത്. സിപിഎമ്മുകാർ പ്രസംഗങ്ങളിൽ അഭിമാനത്തോടെ പറഞ്ഞിരുന്ന കഥയായിരുന്നു കുഞ്ഞിരാമൻ പള്ളികൾക്ക് കാവൽ നിന്ന് രക്തസാക്ഷിയായ കഥ. എന്നാൽ, ഈകഥയിലെ വാസ്തവം രേഖകളുടെ അടിസ്ഥാനത്തിൽ പി ടി തോമസ് പരിശോധിക്കുകയായിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുഞ്ഞിരാമൻ കള്ളുഷാപ്പിലെ കുത്തേറ്റ് മരിച്ച ആളാണെന്നും സിപിഎം കലാപകാലത്ത് പള്ളി സംരക്ഷണത്തിനിടെ കുത്തേറ്റു മരിച്ചതല്ലെന്നും തെളിയിച്ചു.

ഇത് സംബന്ധിച്ച് പി ടി തോമസ് പിണറായി വിജയന്റെ നിയമസഭാ പ്രസംഗ വിവരങ്ങളും അന്നത്തെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകളും പരിശോധിച്ചു. അതിന് ശേഷം സിപിഎം നേതാക്കൾ കുഞ്ഞിരാമൻ രക്തസാക്ഷിയായ കഥ പൊടു ഇടങ്ങളിൽ പറഞ്ഞിട്ടില്ലെന്നാണ് അഡ്വ. ജയശങ്കർ പറയുന്നത്. ഈ സംഭവം സിപിഎം പ്രൊപ്പഗണ്ടകളെ എങ്ങനയാണ് പി ടി തോമസ് പൊളിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ അദ്ദേഹത്തിന്റെ മരണവും ഇക്കൂട്ടൂർ ആഘോഷമാക്കുന്നത്.