പലതരം കല്യാണക്കുറികൾ നാം കണ്ടിട്ടുണ്ടെങ്കിലും വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഒന്ന് നാം ആദ്യമായിട്ടാകും കാണുക. അതും സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി. അതിഥികളാരും സമ്മാനങ്ങൾ ഒന്നും കൊണ്ടു വരേണ്ടെന്നും പകരമായി മോദിക്ക് വോട്ടുചെയ്താൽ മതിയെന്നും പറയുന്ന ക്ഷണക്കത്താണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ താരം.

2019  ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യമുള്ളത്. വാട്സ്ആപ്പിലും സോഷ്യൽ മീഡിയയിലും വിവാഹ ക്ഷണക്കത്ത് വൈറലായിട്ടുണ്ട്.

മംഗളൂരുവിൽനിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മോദി കൊണ്ടുവന്ന പദ്ധതികൾ പരാമർശിച്ചുള്ള വിവാഹ ക്ഷണക്കത്തുകളും പുറത്തുവന്നിട്ടുണ്ട്.