തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകും. ഇക്കാര്യമറിയിച്ച് ട്രസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായും ദലൈലാമ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

കേരളത്തിൽ മഴക്കെടുതിയെ തുടർന്നുണ്ടായ മരണങ്ങളിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹും ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീർ സന്ദേശമയച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സന്ദേശത്തിൽ അമീർ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരിതം അതിജീവിക്കാൻ ഭരണകൂടത്തിന് സാധിക്കട്ടെയെന്നും അമീർ കൂട്ടിച്ചേർത്തു.