കണ്ണൂർ: 17കാരിയായ ദളിത് പെൺകുട്ടിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. കൂത്തുപറമ്പ് മാങ്ങാട്ടിടം അയ്യപ്പൻതോട് നടുക്കണ്ടി ഹൗസിൽ പി.ജിതിൻ(29)ആണ് അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തതിനു പിന്നാലെ പോക്സോ കേസിൽ അറസ്റ്റിലായ പ്രതി കണ്ണൂർ സബ് ജയിലിൽ റിമാന്റിൽ കഴിയുകയാണ് പ്രതി.

കേസന്വേഷിക്കുന്ന പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 17നാണ് അറസ്റ്റ് ചെയ്തത്. ആലക്കോട് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ അവിടെയെത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു.

ഒരു വർഷക്കാലം നീണ്ടുനിന്ന സൗഹൃദം പിന്നീട് വഴി പിരിഞ്ഞതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ചെറുപുഴ പൊലീസ് മൊബൈൽ ഫോൺ പരിശോധനാ വിധേയമാക്കിയതിനെ തുടർന്ന് നിർണായക തെളിവുകളായ ഫോൺ സന്ദേശങ്ങളും വാട്‌സ്അപ്പ് ചാറ്റിങും ലഭിച്ചു. ഇത് ശക്തമായ ശാസ്ത്രീയ തെളിവുകളായി മാറിയതിനെ തുടർന്നാണ് ഇയാളെ പോക്‌സോ കേസിൽ പ്രതി ചേർത്ത് അറസ്റ്റു ചെയ്തത്.

ഇരയായ പെൺകുട്ടി മരിച്ച സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം റിപോർട്ടിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഗോപാലകൃഷ്ണ പിള്ളയുടെ നിർണായക വിവരങ്ങളാണ് കേസിൽ വഴിത്തിരിവായത്. എസ്‌ഐ എൻ.കെ ഗിരീഷ്, എഎസ്ഐ കെ.സത്യൻ ചൂരൽ എന്നിവരടങ്ങിയ സംഘമാണ് ജയിലിലെത്തിയത്.