വർക്കല: ഹെലിപ്പാടിനു സമീപം റിസോർട്ടിൽ സ്വകാര്യസന്ദർശനത്തിന് എത്തിയ തമിഴ്‌നാട് ഡിണ്ടിഗൽ കാരികാലി സേവഗൗണ്ടച്ചിപാടിയിൽ മഹേഷ് കണ്ണന്റെ മകൾ ദഷ്രിത(21) മരിച്ച സംഭവത്തിൽ എല്ലാ വശവും പരിശോധിച്ച് പൊലീസ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക നിഗമനത്തിൽ ശരീരത്തിന് പുറത്ത് മുറിവുകളോ മറ്റു ബലപ്രയോഗത്തിന്റെയോ പാടുകൾ കാണാനില്ല. ആന്തരാവയവ പരിശോധനയുടെ ഫലം കൂടി ലഭ്യമായാൽ മാത്രമേ യഥാർഥ മരണകാരണം അറിയാനാകൂ എന്നു വർക്കല ഡിവൈഎസ്‌പി എൻ.ബാബുക്കുട്ടൻ അറിയിച്ചു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

സഹപാഠിക്കൊപ്പം 20ന് ആണ് ദഷ്രിത റിസോർട്ടിൽ എത്തിയത്. കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു ബാക്കിയുള്ളവർ ഏതാനും ദിവസം മുൻപേ വർക്കലയിൽ എത്തിയിരുന്നു. നാല് ജോഡി സഹപാഠികളാണ് എത്തിയത്. ജന്മദിനാഘോഷപരിപാടിയെന്ന പേരിലാണ് വിദ്യാർത്ഥികൾ വീട്ടുകാരെ അറിയിക്കാതെ വർക്കലയിലെത്തിയത്. ഫൊറൻസിക് വിഭാഗവും ഇവർ താമസിച്ച മുറികളിൽ പരിശോധന നടത്തി.

ഇന്നലെ സ്ഥലത്തെത്തിയ പെൺകുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മകൾ ആസ്തമ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നു മൊഴിയിൽ പറയുന്നുണ്ട്. ദാഷരിതയുടെ പോസ്റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഡിണ്ടിഗലിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞദിവസമാണ് കോയമ്പത്തൂർ നെഹ്‌റു എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയായ ദാഷരിത വർക്കലയിലെ റിസോർട്ടിൽ മരിച്ചത്. ദാഷരിതക്കൊപ്പമുണ്ടായിരുന്ന മൂന്നു പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഏഴു കോളജ് വിദ്യാർത്ഥികളും പൊലീസ് കസ്റ്റിഡിയിലായിരുന്നു. ഇന്നലെ ഇവരുടെയും രക്ഷിതാക്കൾ സ്ഥലത്തെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി തൽക്കാലം വിട്ടയ്ക്കും. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് കൂടുതൽ പരിശോധന നടത്തും.

കോയമ്പത്തൂർ നെഹ്‌റു എയ്‌റോനോട്ടിക് എൻജിനീയറിങ് കോളേജിലെ ദഷ്രിത ഉൾപ്പെടെ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളായ നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെ ദഷ്രിതയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതേത്തുടർന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് ദഷ്രിതയുടെ അമ്മയും ബന്ധുക്കളും റിസോർട്ടിൽ ഒപ്പമുണ്ടായിരുന്നവരുടെ രക്ഷിതാക്കളും വർക്കല സ്റ്റേഷനിലെത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്തു. അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയത് കൂട്ടുകാർക്ക് ആശ്വാസമാണ്. ദഷ്രിതയുടെ സഹപാഠികൾ വർക്കല സ്റ്റേഷനിൽ തുടരുകയാണ്. വീണ്ടും ഇവരുടെ മൊഴിയെടുത്തശേഷം വ്യവസ്ഥകളോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കാനാണ് പൊലീസ് തീരുമാനം.