ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന. എല്ലാ ജില്ലകളിലും ഒറ്റപ്പേരുകളിലേക്ക് എത്തിയെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയത്. ഡി.സി.സി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തിറക്കും. അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറിയെന്നും കെ സുധാകരൻ വ്യക്തമാക്കി.

തർക്കം തുടരുന്ന അഞ്ച് ജില്ലകളിൽ സമവായത്തിലെത്തിയാണ് ഹൈക്കമാൻഡിന് പട്ടിക കൈമാറിയത് എന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ ചിത്രം വ്യക്തമല്ല. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിൽ ഒരുവിഭാഗം രംഗത്തെത്തിയതോടെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ 9 ഡിസിസികളിൽ ഒറ്റപേരിലേക്ക് എത്തിയിരുന്നു.

അഞ്ച് ജില്ലകളിലായിരുന്നു തർക്കം നിലനിന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് തർക്കം. തിരുവനന്തപുരത്ത് എംപിമാരുടെ നോമിനിയായി ജി.എസ് ബാബുവും കെപിസിസി പിന്തുണയുള്ള കെ.എസ് ശബരിനാഥനുമാണ് സാധ്യതാപട്ടികയിൽ. കൊല്ലത്ത് പ്രായം തടസമാകുമ്പോഴും രാജേന്ദ്ര പ്രസാദിന് തന്നെയാണ് സാധ്യത. രാജേന്ദ്രപ്രസാദിനെ തള്ളിയാൽ എം.എം നസീറിന് നറുക്ക് വീഴും.

ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തൻ ബാബുപ്രസാദിന് മേൽക്കൈ. പാലക്കാട് എ.വി ഗോപിനാഥിന് വേണ്ടി അവസാന നിമിഷവും കെ.സുധാകരൻ വാദിക്കുന്നു. എ.തങ്കപ്പനു വേണ്ടി കെ.സി വേണുഗോപാലും വി.ടി ബൽറാമിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുണ്ട്. എ ഗ്രൂപ്പ് ശക്തമായ എതിർപ്പുന്നയിക്കുന്നെണ്ടെങ്കിലും കോഴിക്കോട് കെ.മുരളീധരൻ എംപിയുടെ നോമിനിയായ പ്രവീൺകുമാറിന് സാധ്യതയേറി.

സമ്മർദങ്ങൾക്ക് കീഴ്‌പ്പെടാതെ പട്ടിക പുറത്തിറക്കുമെന്ന് വി.ഡി സതീശൻ ആവർത്തിച്ചു. അതേസമയം മലപ്പുറത്ത് വി എസ് ജോയിയുടെ പേരിന് മുൻതൂക്കമെന്ന വാർത്ത പുറത്തുവന്നതോടെ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം രംഗത്തുവന്നു. വി എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം.

അതേസമയം, ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോരിന് കോൺഗ്രസ് ഗ്രൂപ്പുകൾ തയ്യാറെടുത്തുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്‌സ്ആപ് ഗ്രൂപ് ചർച്ചകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. തീരുമാനം വന്നാലുടൻ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡന്റ് പദത്തിലേക്ക് പരിഗണിച്ചവരുടെ ഫാൻസിനെ ഇളക്കിവിടണമെന്നുമാണ് ആഹ്വാനം. ആർ.സി. ബ്രിഗേഡ് എന്നാണ് വാട്‌സ്ആപ് ഗ്രൂപ്പിന്റെ പേര്.

പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമം നടത്തി സംയുക്ത ആക്രമണം നടത്താനും ആഹ്വാനമുണ്ട്. അതേസമയം രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്‌സ്ആപ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.

അതേസമയം പട്ടിക പുറത്ത് വരാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഗ്രൂപ്പ് നേതൃത്വങ്ങൾ. മണ്ഡലത്തിൽ സ്വാധീനമുള്ള മുതിർന്ന നേതാക്കളെ പോലും ഒഴിവാക്കിയുള്ള പേരുകളാണ് പല ഡിസിസികളുടെ തലപ്പത്തേക്കും ഇപ്പോൾ പറഞ്ഞ് കേൾക്കുന്നത്. ഈ പട്ടികയ്ക്കാണ് ഹൈക്കമാണ്ട് അംഗീകാരം നൽകുന്നതെങ്കിൽ പാർട്ടിയിൽ പരക്കെ അതൃപ്തിയുണ്ടാകുമെന്നാണ് ഇവർ കണക്ക് കൂട്ടുന്നത്. ആ അതൃപ്തി മുതലെടുക്കാനാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. ഡിസിസി, കെപിസിസി സ്ഥാനങ്ങൾ മോഹിച്ച് ഗ്രൂപ്പ് വിട്ട് പുതിയ പ്രസിഡണ്ടിനും പ്രതിപക്ഷനേതാവിനും ഒപ്പം കൂടിയവർ സ്ഥാനം കിട്ടാതെയാകുമ്പോൾ തിരിച്ചെത്തുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.

ഗ്രൂപ്പ് നേതാക്കളുടെ കാത്തിരിപ്പിന് പിന്നിൽ വേറെയുമുണ്ട് ലക്ഷ്യങ്ങൾ. അതിൽ പ്രധാനം ഹൈക്കമാണ്ടിന്റെ ഭാഗമായി നിൽക്കുന്ന കെ.സി.വേണുഗോപാൽ സംസ്ഥാനത്ത് നടത്തുന്ന ഇടപെടൽ തുറന്ന് കാണിക്കുക എന്നതാണ്. കെ.സി.വേണുഗോപാലിന്റെ സമ്മതം കൂടി ലഭിച്ചവരുടെ പേരുകളാണ് ഇപ്പോൾ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വർക്കിങ് പ്രസിഡണ്ടുമാരും ഇത് കൂടി പരിഗണിച്ചാണ് പേരുകൾ നിർദ്ദേശിച്ചതെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ പട്ടികയിലുള്ളവർക്കെതിരെ ഉയരുന്ന പ്രതിഷേധം കെ.സി.വേണുഗോപാലിനെതിരെയുള്ള പ്രതിഷേധമായി കൂടി വരുത്താൻ എളുപ്പമാണെന്നും ഇവർ കണക്ക് കൂട്ടുന്നുണ്ട്.

പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് തന്നെ അണികൾക്ക് മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ രംഗത്തുവന്നു. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല എന്നും സ്‌നേഹപൂർവ്വം ഓർമപ്പെടുത്തുന്നു. കോൺഗ്രസിന്റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നുവെന്നും സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോട്...

DCC പുനഃസംഘടനയുമായി മാധ്യമങ്ങളിൽ വരുന്ന ഊഹാപോഹങ്ങൾ ശ്രദ്ധയിൽ പെട്ടു. എല്ലാക്കാലത്തും കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും അകാരണമായി വേട്ടയാടിയിട്ടുള്ള മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളിൽ എന്റെ സഹപ്രവർത്തകരും കോൺഗ്രസ് അനുഭാവികളും വീണു പോകരുത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന യാഥാർത്ഥ്യം മറച്ചു വെയ്ക്കുന്നില്ല. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. എപ്പോഴൊക്കെ കോൺഗ്രസ് തളർന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ രാജ്യം കിതച്ചിട്ടുണ്ട്, തകർന്നടിഞ്ഞിട്ടുണ്ട്. ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിന്റെ ആവശ്യം ഓരോ കോൺഗ്രസ്‌കാരനും തിരിച്ചറിയണം.

അത്തരത്തിൽ നാടിന്റെ നന്മ ലക്ഷ്യമാക്കി കോൺഗ്രസിനെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുകയാണ്. സമുന്നതരായ നേതാക്കൾ ദിവസങ്ങളോളം കൂടിയാലോചിച്ച്, സംഘടനാ ശേഷി മാത്രം പരിഗണിച്ച് മികച്ചൊരു പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്.

എന്നാൽ മാധ്യമ ലോകത്തിലെ CPM സഹയാത്രികരും കോൺഗ്രസ് നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചിലരും ഒന്നുചേർന്ന് വ്യാജ വാർത്തകൾ ചമച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതകൾ മറച്ചു പിടിക്കാനാണ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള അനാവശ്യ കടന്നുകയറ്റം എന്ന് ഓരോ പാർട്ടി പ്രവർത്തകനും തിരിച്ചറിയണം. മാധ്യമങ്ങളുടെ പരിലാളനയും താരാട്ടുപാട്ടുകളും കേട്ടല്ല കേരളത്തിൽ കോൺഗ്രസും കോൺഗ്രസിന്റെ ജനകീയ നേതാക്കളും വളർന്നത്.

ഈ പാർട്ടിയെ ചലനാത്മകമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുടെ കൊള്ളകളെ തുറന്നു കാണിക്കാൻ തക്ക സംഘാടക ശേഷിയുള്ള നേതാക്കളെ ഉഇഇ പ്രസിഡന്റുമാരായി പാർട്ടിക്ക് നൽകാനാണ് തീരുമാനങ്ങളെടുക്കാൻ ഇത്രയധികം സമയം സംസ്ഥാന നേതൃത്വം വിനിയോഗിച്ചത്.
തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്.

ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല എന്നും സ്‌നേഹപൂർവ്വം ഓർമപ്പെടുത്തുന്നു. കോൺഗ്രസിന്റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് KPCC അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നു.

നമുക്കൊരു പാട് ദൂരം മുന്നിലേയ്ക്ക് സഞ്ചരിക്കാനുണ്ട്. ഈ നാടിന്റെ പ്രതീക്ഷ മുഴുവൻ നെഞ്ചിലേറ്റി നിങ്ങളോരോരുത്തരും മുന്നിലേയ്ക്ക് കുതിക്കണം. പുതിയതായി വരുന്ന DCC നേതൃത്വത്തിനൊപ്പം നിന്ന് ഈ മാഫിയ സർക്കാരിനെതിരെ നമുക്ക് കൈമെയ് മറന്ന് പൊരുതണം. പ്രസ്ഥാനം മുന്നിലേയ്ക്ക് കുതിക്കാനൊരുങ്ങുമ്പോൾ പ്രതിബന്ധമായി നിൽക്കുന്ന സ്വാർത്ഥ താത്പര്യക്കാരെയും ശത്രുക്കളെയും അകറ്റി നിർത്തി ഈ നാടിനെ പിണറായി വിജയന്റെയും മോദിയുടെയും ദുരന്ത ഭരണത്തിൽ നിന്നും മോചിപ്പിക്കാനായി നാമോരോരുത്തരും പ്രവർത്തിക്കണം. ഏതെങ്കിലും ഒരു നേതാവല്ല ഈ പാർട്ടി. നിങ്ങളും നമ്മളും ഒക്കെ ചേരുന്ന മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

കേരളത്തെ ദുരിതക്കയത്തിലേയ്ക്ക് തള്ളിയിട്ട പിണറായി വിജയൻ - RSS സഖ്യത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ എത്രയും പെട്ടെന്ന് തന്നെ DCC -കൾ പ്രവർത്തനസജ്ജമാകേണ്ടതുണ്ട്.ഹൈക്കമാൻഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചാലുടൻ തന്നെ കൂടുതൽ ഊർജ്ജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിന്റെ ശബ്ദമായി മാറാൻ ഓരോ പ്രവർത്തകനും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.