പന്തളം: മൂന്നു മാസം മുൻപ് വാഹനാപകടത്തിൽ മരിച്ച് സംസ്‌കാരവും നടത്തിയ നാട്ടിൽ തിരിച്ചെത്തി. അമ്പരന്നു പോയ ബന്ധുക്കളും പൊലീസും സംസ്‌കരിച്ചത് ആരുടെ മൃതദേഹമാണെന്ന് അറിയാതെ വെട്ടിലായി. കുടശനാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായ സാബു (സക്കായി-35) ആണ് 'മരിച്ച്' ജീവിച്ചത്. പത്രത്തിൽ കണ്ട അജ്ഞാത മൃതദേഹത്തിന്റെ പടം കണ്ട് അത് സാബുവാണെന്ന് ഉറപ്പിച്ച് ഏറ്റു വാങ്ങി സംസ്‌കരിച്ച വീട്ടുകാരാണ് ഞെട്ടിപ്പോയിട്ടുള്ളത്. നിരവധി കേസുകളിൽ പ്രതിയായ സാബു ഊരുതെണ്ടിയാണ്. അല്ലറ ചില്ലറ മോഷണവും ഉണ്ട്. വിവാഹം നിയമപരമായി കഴിച്ചിട്ടില്ലെങ്കിലും ലിവിങ്് ടുഗദറിൽ ഒരു കുട്ടിയുമുണ്ട്. ഇയാൾക്ക് വീടുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല. വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന ശീലവുമുണ്ട്.

ഡിസംബർ 25നു പുലർച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയിൽ അജ്ഞാത വാഹനമിടിച്ചു ഒരു യുവാവ് മരിച്ചിരുന്നു. ഈ വാർത്തയും ചിത്രവും കണ്ട് അത് സാബുവാണെന്ന് സഹോദരനും ബന്ധുക്കൾക്കും തോന്നി. അവർ പാലായിലെത്തി മരിച്ചത് സാബുവാണെന്ന് ഉറപ്പിച്ചു. മൃതദേഹത്തിന് മുൻവരിയിലെ മൂന്നു പല്ലുകൾ ഇല്ലാതിരുന്നതും മരിച്ചത് സാബുവാണെന്ന് സ്ഥിരീകരിക്കാൻ കാരണമായി. മാതാവും സഹോദരനും 26 ന് മൃതദേഹം തിരിച്ചറിഞ്ഞതോടെ 27 ന് പൊലീസ് അതു വിട്ടു നൽകി. ഇതിനായി അപേക്ഷയും ബന്ധുക്കൾ നൽകിയിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതിന് ശേഷം വിദേശത്തുള്ള സഹോദരങ്ങളെയും വരുത്തി. അവരും ഇത്് സാബു തന്നെയെന്ന് ഉറപ്പിച്ചതോടെ ഡിസംബർ 30 ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച രാവിലെ കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ സുഹൃത്തായ ഹരിശ്രീ ബസ് ഡ്രൈവർ മുരളീധരൻ നായരെ കാണാൻ സാബു എത്തിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനിൽ ജോലിയാണെന്നും തന്റെ ഫോൺ കേടായതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സാബു പറഞ്ഞു. മുരളീധരൻ പറഞ്ഞപ്പോഴാണ് തന്റെ അപകട മരണവും സംസ്‌കാരവും സാബു അറിയുന്നത്. സാബുവിനെ കണ്ട വിവരം അറിയിച്ച് ഒരു വീഡിയോ മുരളീധരൻ നായർ അവരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇതു കണ്ട ശരത് എന്നയാൾ സാബുവിന്റെ അമ്മയും സഹോദരൻ സജിയുമായും ബന്ധപ്പെട്ടു. ഇവർ വിവരം നഗരസഭാ കൗൺസിലർ സീനയെയും സമീപവാസിയായ രാജീവിനെയും അറിയിച്ചു. ഇവർ വീഡിയോ കാളിങ് നടത്തി വന്നിരിക്കുന്നത് സാബുവാണെന്ന് ഉറപ്പിച്ച ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്.

നവംബർ 20 ന്തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടൽ ഉടമയുടെ 46,000 രൂപയും മോഷ്ടിച്ചു കടന്ന കേസിൽ ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മോഷണക്കേസുണ്ട്. ഇയാളെ തിരുവനന്തപുരത്തു നിന്നെത്തിയ പൊലീസ് സംഘത്തിനു കൈമാറി.