തിരുവനന്തപുരം: കള്ളം പിടിക്കപ്പെട്ടപ്പോൾ മന്ത്രി മെഴ്സിക്കുട്ടിയമ്മ തോന്നിയത് പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ അവരുടെ ഭാഷയിൽ സംസാരിക്കാൻ താൻ തയ്യാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പൂന്തുറയിൽ സത്യാഗ്രഹസമരം ആരംഭിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചു.

കേരള സർക്കാർ സ്ഥാപനമായ കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും സ്വകാര്യ കമ്പനിയായ ഇഎംസിസിയും ചേർന്ന് കരാർ ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ടി.കെ.ജോസിന്റെ അന്വേഷണം സ്വീകാര്യമല്ല. അദ്ദേഹമാണ് സെക്രട്ടറി, സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറിൽ ഒപ്പിടാനാകുമോ. അതിനാൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. - ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കിൽ ആ കസേരയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.

താൻ വസ്തുതാപരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷം ആരോപണം ഉയർത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിസഭയിൽ കരാറിന് അംഗീകാരം കൊടുക്കുകയില്ലായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു. തീരദേശമേഖലയിൽ ഉണ്ടായിരിക്കുന്ന ശക്തമായ അമർഷം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. മന്ത്രിയെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.

ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പൂന്തുറയിൽ ഉപവാസ സമരം തുടങ്ങിയത്. പദ്ധതിയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ന‌ടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. രാവിലെ ഒമ്പതുമുതൽ നാലുവരെയാണ് സത്യാഗ്രഹം. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. ചെന്നിത്തല പറയുന്ന അഴിമതിയെല്ലാം ശരിവയ്ക്കുന്നതാണ് സർക്കാർ നടപടികൾ എന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തല എന്നും മുല്ലപ്പള്ളി പറഞ്ഞു.