ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയും അഗ്‌നിപഥ് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇപ്പോഴുള്ള പ്രതിഷേധം തനിയെ കെട്ടടങ്ങുമെന്നാണ് വിലയിരുത്തൽ. ഇന്നും ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം അരങ്ങേറുന്നുണ്്. പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചുവെന്ന റിപ്പോർട്ട് അടക്കം പുറത്തുവരുന്നുണ്ട്.

അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്നു സേനാധിപന്മാരുടേയും യോഗം വിളിച്ചിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായ ശേഷം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത് ഇത് രണ്ടാം തവണയാണ്. പ്രക്ഷോഭം ആളിപ്പടരുമ്പോഴും അഗ്‌നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. അഗ്‌നിപഥ് റിക്രൂട്‌മെന്റുകൾ എത്രയും വേഗം ആരംഭിച്ചാൽ വിഷയം ഒരുപരിധി വരെ പരിഹരിക്കാമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് മൂന്നു സേനകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പദ്ധതിയുടെ വിശദമായ മാർഗരേഖ വ്യോമസേന പുറത്തുവിട്ടു. റിക്രൂട്ട്‌മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിശദമായി വിവരിക്കുന്ന മാർഗരേഖയാണ് വ്യോമസേന പുറത്തുവിട്ടത്. നിലവിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കും അഗ്‌നിപഥ് സ്‌കീമിൽ അപേക്ഷിക്കാം. എന്നാൽ ഇത്തരത്തിൽ അപേക്ഷിക്കണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണമെന്ന് മാർഗരേഖയിൽ പറയുന്നു.

എല്ലാ ഇന്ത്യക്കാർക്കും എല്ലാ വിഭാഗത്തിലുള്ളവർക്കും അഗ്‌നിപഥിൽ അപേക്ഷിക്കാം. 17.5 വയസു മുതൽ 21 വയസു വരേയുള്ളവരേയാണ് പരിഗണിക്കുന്നത്. വർഷത്തിൽ 30 ദിവസമായിരിക്കും അവധി. മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രോഗബാധിത അവധിയും ഉണ്ടായിരിക്കും. നാല് വർഷത്തിൽ 10.04 ലക്ഷം രൂപയായിരിക്കും സേവാ നിധി പാക്കേജ് പ്രകാരം അഗ്‌നിപഥ് സ്‌കീമിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുക. ആദ്യ വർഷം, മാസത്തിൽ 30,000 രൂപയായിരിക്കും ലഭിക്കുക. വസ്ത്രം, യാത്ര തുടങ്ങിയവയ്ക്കുള്ള അലവൻസ് ഇതിന് പുറമെ നൽകും. പ്രൊവിഡന്റ് ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ല. പ്രവർത്തന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും.

അർധസൈനിക വിഭാഗത്തിലും പ്രതിരോധ മന്ത്രാലയ വകുപ്പുകളിലും 10%സംവരണം നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, തീരരക്ഷാസേന, സേനകളിലെ സൈനികേതര ഒഴിവുകൾ എന്നിവയിലാകും സംവരണം. അർധസൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. വിമുക്തഭടർക്ക് നിലവിൽ നൽകിവരുന്ന 10 ശതമാനം സംവരണത്തിനു പുറമേയാണിത്. അർധസൈനികവിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനം ലഭിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് നൽകും. ആദ്യബാച്ചിലുള്ളവർക്ക് ഇളവ് അഞ്ചുവർഷത്തേക്ക് അനുവദിക്കും.

സേവനം പൂർത്തിയാക്കുന്ന അഗ്‌നിവീറുകളുടെ ആദ്യ ബാച്ചിന് സായുധ സേനകളിലെ നിയമനങ്ങളിലുള്ള പ്രായപരിധിയിൽ അഞ്ചും തുടർന്നുള്ള ബാച്ചുകൾക്കു മൂന്നും വർഷ ഇളവ് അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിലും സംവരണം ലഭിക്കും. അഗ്‌നിവീറുകൾക്കു തൊഴിൽ സാധ്യതകൾ തുറന്നു കേന്ദ്ര പെട്രോളിയം, വ്യോമയാന, ഷിപ്പിങ് മന്ത്രാലയങ്ങളും രംഗത്തുവന്നു.