ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ യുവതി ഓടിച്ച കാറിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. അപ്പു എൻക്ലേവിലെ താമസക്കാരായ റിട്ട.ഗവ. ഉദ്യോഗസ്ഥൻ ശാന്തി സ്വരൂപ് അരോറ (79), ഭാര്യ അഞ്്ജന അറോറ (62) എന്നിവരാണ് മരിച്ചത്.

ഇതേ എൻക്ലേവിലെ തന്നെ താമസക്കാരിയാണ് അപകടമുണ്ടാക്കിയ ദീപാക്ഷി ചൗധരി. ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജീവനക്കാരിയാണ് ഇവർ. അപകട സമയത്ത് തന്റെ ശ്രദ്ധമാറിയിരുന്നുവെന്നും മറ്റെന്തോ ചിന്തിച്ച് വാഹനം ഓടിച്ചതാണ് കാരണമെന്നും ഇവർ പറയുന്നു.

പ്രദേശത്തുള്ള സിസിടിവിയിൽ അപകട ദൃശ്യം പതിഞ്ഞിരുന്നു. വൃദ്ധരെ ഇടിച്ചിട്ട ബലേനോ കാർ നിർത്തി യുവതി പുറത്തിറങ്ങുന്നതും കാറിന്റെ പിൻഭാഗത്തുവന്ന് നോക്കുന്നതും തുടർന്ന് കാറിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ആരെയോ വിളിക്കുന്നതും ദൃശ്യത്തിലുണ്ട്. അതുവഴി വന്നവർ കാർ തള്ളിനീക്കി ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.

യുവതിക്കെതിരെ അശ്രദ്ധമൂലം അപകടം വരുത്തി മരണത്തിന് ഇടയാക്കിയതിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അപകട സമയത്ത് യുവതി ലഹരി വസ്തുക്കളൊന്നും ഉപയോഗിച്ചിരുന്നില്ല. അറസ്റ്റിലായ യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടതായും പൊലീസ് വ്യക്തമാക്കി.