ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ കോടതിയിലെ വെടിവെപ്പിന്റെ വീഡിയോ പുറത്തുവന്നപ്പോൾ ഞെട്ടിക്കുന്ന രംഗങ്ങൾ. വെടിയൊച്ച കേൾക്കുമ്പോഴേക്കും സുരക്ഷയ്ക്കായി ഓടുന്ന പുരുഷന്മാരും, സ്ത്രീകളും കുട്ടികളും. ഗൂണ്ടാത്തലവൻ ജിതേന്ദർ ഗോഗി അടക്കം മൂന്നു ഗൂണ്ടകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എതിർ ഗാങ്ങിന്റെ വെടിയേറ്റാണ് മരണം. ഇവർ അഭിഭാഷകരുടെ വേഷം ധരിച്ചാണ് കോടതിക്കുള്ളിൽ കടന്ന് വെടിവച്ചത്. ആ സമയത്ത് ജഡ്ജിയും, അഭിഭാഷകരും, മറ്റുള്ളവരും കോടതി മുറിയിൽ ഉണ്ടായിരുന്നു.

ഗൂണ്ടകൾ വെടിവെപ്പ് തുടങ്ങുമ്പോഴത്തെ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. അക്രമികളെ വീഡിയോയിൽ കാണാൻ കഴിയുന്നില്ല. എന്നാൽ, തിരിച്ചുവെടിവെക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കാണാം. ഗോഗിക്ക് മൂന്നുതവണ വെടിയേറ്റു. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരിക്കറ്റു. ഇക്കൂട്ടത്തിൽ കോടതി മുറിയിൽ ഉണ്ടായിരുന്ന വനിതാ അഭിഭാഷകയും ഉൾപ്പെടുന്നു. വെടിവെപ്പ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെടുന്ന രണ്ടുകുട്ടികളെയും വീഡിയോയിൽ കാണാം.

വെടിവെപ്പ് നടക്കുന്ന മുറിയിലേക്ക് ഉറ്റുനോക്കുന്ന അഭിഭാഷകരെയും ഒളിച്ചിരിക്കാൻ നോക്കുന്നവരെയും കാണാം. സുരക്ഷാ ഉദ്യോഗസ്ഥരെയും. മെറ്റൽ ഡിറ്റക്ടറുകളും മറികടന്ന് ഗൂണ്ടാസംഘം അഭിഭാഷകരുടെ വേഷത്തിൽ കോടതിയിൽ കടന്നത് ഗുരുതര സുരക്ഷാ വീഴ്ച തന്നെയാണ്. ജിതേന്ദർ ഗോഗിയുമായി വർഷങ്ങളായി ശത്രുതയിൽ ഉള്ള തിലു ഗാങ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് മുതൽ ജയിലിൽ ആയിരുന്ന ഗോഗിയെ വകവരുത്താൻ തിലുഗാങ് ഉറപ്പിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തക്കം പാർത്തിരിക്കവെയാണ് കോടതി മുറിയിൽ ഒത്തുകിട്ടിയത്.

എതിർ സംഘത്തിലെ രണ്ടുപേരെയും പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചതായി ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു.ജിതേന്ദ്ര ഗോഗി കൊലക്കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരേ മക്കോക്കയും ചുമത്തിയിരുന്നു.
സ്‌കൂൾ പഠനം പാതിവഴിയിൽ നിർത്തിയ ഗോഗി 2010-ൽ പിതാവ് മരിച്ചതിന് പിന്നാലെയാണ് ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായത്.

2010 സെപ്റ്റംബറിൽ ശ്രദ്ധാനന്ദ് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവീൺ എന്നയാൾക്ക് നേരേ വെടിവെപ്പ് നടത്തിയിരുന്നു. പിന്നീട് ഇയാളും കൂട്ടാളികളും നിരവധി പേരെ ആക്രമിച്ചു. 2011 ഒക്ടോബറിൽ ഗോഗി അറസ്റ്റിലായെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഗുണ്ടാസംഘം വിപുലമാക്കി. കൊലപാതകവും കവർച്ചയും പണം തട്ടലും ഭീഷണിയുമെല്ലാം പതിവായി. ഹരിയാണയിലെ നാട്ടൻപാട്ട് കലാകാരൻ ഹർഷിദ ദാഹിയയെയും സ്‌കൂൾ ഉടമയും അദ്ധ്യാപകനുമായ ദീപക്കിനെയും കൊലപ്പെടുത്തിയതും ഗോഗിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

2016-ൽ പാനിപത്ത് പൊലീസ് ഗോഗിയെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. രണ്ടുവർഷം മുമ്പാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഗോഗിയെയും കൂട്ടാളിയായ കുൽദീപ് ഫസ്സയെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാർച്ചിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുൽദീപിനെ പൊലീസ് സംഘം വധിച്ചിരുന്നു.