ന്യുഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാതയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനൊപ്പം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എത്തിയപ്പോഴാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 1380 കിലോമീറ്റർ നീളത്തിലാണ് പാത പൂർത്തിയാകുക.ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2023ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവൃത്തിയിൽ 1200 കിലോമീറ്ററിന്റെയും നിർമ്മാണക്കരാർ നൽകിക്കഴിഞ്ഞു.ഡൽഹി- മുംബൈ യാത്രയും ചരക്കുനീക്കവും ഏറെ സുഗമമാക്കുന്ന പാതയുടെ നിർമ്മാണത്തിന് 98,000 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. ഡൽഹിയിൽനിന്ന് മുംബൈയ്ക്ക് ഇപ്പോൾ റോഡുമാർഗം 24 മണിക്കൂർ വേണ്ടത് ഇനി 12 മണിക്കൂറായി കുറയും. ദൂരം 130 കിലോമീറ്റർ കുറയും.2018 മാർച്ച് 9നാണ് തറക്കല്ലിട്ട് പദ്ധതിയുടെ നിർമ്മാണം തുടങ്ങിയത്

അതിവേഗപ്പാതയുടെ ഡൽഹി-ഫരീദാബാദ്-സോഹ്‌ന ഭാഗത്തുനിന്ന് ജേവാർ വിമാനത്താവളത്തിലേക്കും മുംബൈയിൽനിന്ന് ജവാഹർലാൽ നെഹ്റു തുറമുഖത്തേക്കും കടക്കാൻ മാർഗമുണ്ടാകും. ആറുസംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ സാമ്പത്തികഹബ്ബുകളായ ജയ്പുർ, കിഷൻഗഢ്, അജ്മേർ, കോട്ട, ചിറ്റോർഗഡ്, ഉദയ്പുർ, ഭോപാൽ, ഉജ്ജയിനി, ഇൻഡോർ, അഹമ്മദാബാദ്, വഡോദര, സൂറത്ത് എന്നിവയും ഉൾപ്പെടുന്നു.

ഒരു എൻജിനീയറിങ് വിസ്മയമായിരിക്കും ഡൽഹി-മുംബൈ എക്സ്പ്രസ് വേ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ 12 ലക്ഷം ടണ്ണിലധികം സ്റ്റീൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അതായത് ഏകദേശം 50 ഹൗറ പാലങ്ങൾ നിർമ്മിക്കുന്നതിന് തുല്യം. ഇന്ത്യയുടെ വാർഷിക സിമന്റ് ഉൽപാദന ശേഷിയുടെ ഏകദേശം 2 ശതമാനത്തോളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 80 ലക്ഷം ടൺ സിമന്റ് പദ്ധതിക്കായി ഉപയോഗിക്കും. ആയിരത്തോളം സിവിൽ എഞ്ചിനീയർമാരും അൻപത് ലക്ഷത്തോളം തൊഴിലാളികളുമാണ് പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ ഭാഗമാകുന്നത്.

തികച്ചും പരിസ്ഥിതിക്കനുയോജ്യമായ രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.പാതയിലുടനീളം 20 ലക്ഷം മരങ്ങൾ നടും. വന്യമൃഗങ്ങൾക്ക് തടസ്സമില്ലാതെ റോഡ് മുറിച്ചുകടക്കാൻ ഓവർപാസുകൾ നിർമ്മിക്കും. ഇത്തരത്തിലുള്ള ഏഷ്യയിലെ ആദ്യപാതയാകുമിത്. രണ്ടിടത്തായി എട്ടുവരി തുരങ്കങ്ങളുണ്ടാകും.പ്രതിവർഷം 32 കോടി ലിറ്റർ ഇന്ധനലാഭം. കാർബൺ പുറന്തള്ളലിൽ പ്രതിവർഷം 85 കോടി കിലോഗ്രാം കുറവുണ്ടാകും. അതായത് നാലുകോടി മരങ്ങൾ വെക്കുന്നതിന് തുല്യമായ നേട്ടം. മൂന്നുകിലോമീറ്ററിൽ ആറുമുതൽ ഒമ്പതുമീറ്റർവരെ ഉയരത്തിൽ എലിവേറ്റഡ് ഇടനാഴിയും പാതയുടെ ഭാഗമാണ്.

പുതിയ എക്സ്പ്രസ് വേ ഡൽഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റർ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് പ്രതിവർഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹിയിൽനിന്ന് ജമ്മുകശ്മീരിലെ കട്റയിലേക്കുള്ള എക്സ്‌പ്രസ് വേയും രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് ഗഡ്കരി പറഞ്ഞു. ഇതോടെ ഡൽഹിയിൽനിന്ന് കട്റയിലേക്കുള്ള ദൂരം 727 കിലോമീറ്ററിൽനിന്ന് 572 കിലോമീറ്ററായി കുറയും. ഡൽഹിയിൽനിന്ന് ആറ്ുമണിക്കൂറിൽ കട്റയെത്താം. ഡൽഹി- ചണ്ഡീഗഢ്, ഡൽഹി-ദെഹ്‌റാദൂൺ, ഡൽഹി-ഹരിദ്വാർ റൂട്ടുകളിലും പുതിയ റോഡുകൾ വരുമെന്ന് മന്ത്രി പറഞ്ഞു.