ന്യൂഡൽഹി: പട്ടാപ്പകൽ ടാക്‌സിഡ്രൈവര് വെടിയേറ്റ സംഭവത്തിൽ പ്രതികളെ വലയിലാക്കി സിസിടിവിയും ഫോൺകോളുകളും.23കാരനായ രോഹനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ നുണക്കഥകൾ പറഞ്ഞ രോഹനെ കുടുക്കിയത് ഫോൺകോൾ ലിസ്റ്റും.കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് താനും കൊലപ്പെട്ട ഡ്രൈവറുടെ ഭാര്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിന് തടസ്സം നിന്നതിനാൽ ഭാര്യ തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ നൽകിയതെന്നുമുൾപ്പടെയുള്ള വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്.ഇതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനു നിർദ്ദേശം നൽകിയ ഭാര്യ അറസ്റ്റിലായി.

ബുധനാഴ്ചയാണ് സംഭവം. ബിഎസ്ഇസ് രാജധാനി പവറിലെ ഡ്രൈവറായ ഭീംരാജ് കാറിനകത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തി രോഹൻ വെടിയുതിർത്തു. ശേഷം ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്നു നടന്ന പൊലീസ് അന്വേഷണത്തിൽ രോഹനെ പിടികൂടി. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ബൈക്കിന്റെ നമ്പർ പ്ലേറ്റ് ആദ്യം വ്യക്തമായില്ലെങ്കിലും നമ്പറിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു. ഇൻഷുറൻസ് രേഖകളടക്കം പരിശോധിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.

ഇതിനിടെ, രോഹൻ മറ്റൊരിടത്ത് ബൈക്ക് പാർക്ക് ചെയ്ത് ഹെൽമറ്റുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തുമ്പായി. എന്നാൽ, ചോദ്യംചെയ്യാനെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ രോഹൻ ശ്രമിച്ചു. തെറ്റായി വിവരങ്ങളാണ് ഇയാൾ നൽകിയത്. ഭീംരാജുമായി റോഡിൽ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹൻ പൊലീസിനോട് പറഞ്ഞത്.

എന്നാൽ രോഹന്റെ ഫോൺ കോളുകൾ പരിശോധിച്ചതോടെ കള്ളി വെളിച്ചത്തായി. വിശദമായി ചോദ്യംചെയ്തതോടെ ബബിതയുമായുള്ള ബന്ധവും മറ്റുകാര്യങ്ങളും ഇയാൾ തുറന്നു പറഞ്ഞു. ബബിത തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹൻ പറഞ്ഞു.

ഭീംരാജിന്റെ ഭാര്യ 41 കാരിയായ ബബിതയും 23കാരനായ രോഹനും നാലു മാസമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ ഭീംരാജ് ബബിതയെ മർദിച്ചു. തുടർന്ന് ബബിത തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നും രോഹൻ മൊഴി നൽകി.ദക്ഷിണ ഡൽഹിയിൽ ഡിഫൻസ് കോളനിയിലാണ് സംഭവം. ചിരാഗ് ഡൽഹി സ്വദേശി ഭീംരാജിനാണ് (45) വെടിയേറ്റത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഭീംരാജ് ഡൽഹി എയിംസിൽ ചികിത്സയിലാണ്.