മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെടുമ്പോഴും മഹാ വികാസ് അഘാഡി സഖ്യത്തിൽ നിസ്സഹായരായി കോൺ​ഗ്രസ്. മുന്നണി വിടാനോ, ഭരത്തിനുള്ള പിന്തുണ പിൻവലിക്കാനോ സാധിക്കാത്ത സാഹചര്യമാണ് കോൺ​ഗ്രസിനുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വുലയിരുത്തുന്നത്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാൽ കോൺ​ഗ്രസ് കേൾക്കേണ്ടി വരുന്ന പഴി ചെറുതല്ലെന്ന് ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും നന്നായി അറിയാം. അതുകൊണ്ചു തന്നെ പുതിയ വിവാദത്തിൽ കഴമ്പില്ലെന്ന നിലപാടിലാണ് ശിവസേനയും എൻസിപിയും. മഹാരാഷ്ട്രയിലോ കോൺ​ഗ്രസിന് മുന്നിലുള്ള ഏക മാർ​ഗം മുന്നണിയിൽ നിന്ന് പിന്മാറി സർക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുക എന്നത് മാത്രമാണ്. സംസ്ഥാന കോൺ​ഗ്രസ് മുന്നറിയിപ്പ് നൽകുന്നതും ഇങ്ങനെയാണ്. എന്നാൽ, അത് പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തും എന്നതിനാൽ അത്തരം ഒരു നടപടിയിലേക്ക് കോൺ​ഗ്രസ് പോകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസ് നേതാവ് നാന പട്ടോൾ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മഹാ വികാസ് അഘാഡി സഖ്യത്തിനുമേൽ കോൺഗ്രസ് സമ്മർദം ശക്തമാക്കിയത്. ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സഖ്യത്തിൽ നിന്നും പുറത്തുപോകുമെന്നാണ് പാർട്ടി നേതൃത്വം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചിട്ടുള്ളത്. നിലവിൽ എൻ.സി.പി നേതാവായ അജിത് പവാറാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. അധികാര വിഭജനത്തിൽ തുല്യതയുണ്ടാകണമെന്ന് സംസ്ഥാനത്തെ നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

‘ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസ് മഹാവികാസ് അഘാഡി സർക്കാരിൽ നിന്നും പിൻവാങ്ങുകയോ സർക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്ന് പിന്തുണക്കുകയോ ചെയ്‌തേക്കാം. ഈ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കണമെന്നാണ് രാഹുൽ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടത്.' ഉന്നത നേതാവ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

ശിവസേനക്ക് 57ഉം എൻ.സി.പിക്ക് 54ഉം കോൺഗ്രസിന് 44ഉം എംഎൽഎമാരാണുള്ളത്. സഖ്യത്തിൽ തങ്ങൾക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് കോൺഗ്രസ് എംഎൽഎമാർക്കിടിയിൽ പരാതിയുള്ളതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘സഖ്യത്തിന്റെ തീരുമാനങ്ങളെടുക്കുമ്പോൾ ശിവസേനയും എൻ.സി.പിയും മുൻപന്തിയിൽ നിൽക്കുകയും കോൺഗ്രസിനെ അവഗണിക്കുകയുമാണ്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും എൻ.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവുമുണ്ട്. കോൺഗ്രസിന് മാത്രം പ്രധാനപ്പെട്ട സ്ഥാനങ്ങളൊന്നുമില്ല. ഇത് ഞങ്ങൾ രാഹുൽ ഗാന്ധിയോട് സംസാരിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് അദ്ദേഹത്തിന് ബോധ്യമായി.' കോൺഗ്രസ് നേതാവ് പറഞ്ഞു.

അജിത് പവാർ ഒറ്റക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും ഇത് തുടർന്നാൽ കോൺഗ്രസിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നും ഈ നേതാവ് കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരിക്കുന്ന സമയത്ത് അധികാര വിഭജനത്തെ കുറിച്ച് അജിത് പവാറുമായി കൃത്യമായ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനെ കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്നും നേതാവ് പറഞ്ഞു.

സംസ്ഥാന കോൺ​ഗ്രസ് അദ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ ഭാ​ഗമായാണ് നിയമസഭ സ്പീക്കർ നാനാ പട്ടോൾ രാജിവെച്ചത്. കർഷക സമുദായമായ കുമ്പി വിഭാഗത്തിൽ നിന്നുള്ള നേതാവാണ് വിദർഭ മേഖലയിൽ നിന്നുള്ള നാനാ പട്ടോൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുമ്പി സമുദായം കോൺഗ്രസിനെ പിന്തുണച്ചിരുന്നു. കോൺഗ്രസ് നേതാവായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നാനാ പട്ടോൾ ഇടക്കാലത്ത് ബിജെപിയിൽ ചേർന്നിരുന്നു. 2014ൽ ബാന്ദ്രയിൽ നിന്നുള്ള ബിജെപി എംപിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ നാനാ പട്ടോളിനെ വീണ്ടും കോൺഗ്രസിലെത്തിച്ചു. 2019 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിക്കുകയും സ്പീക്കറാവുകയുമായിരുന്നു.

മുഖ്യമന്ത്രി ഉദ്ദവ് താക്കേറേയോടും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനോടും നാനാ പട്ടോളിന്റെ പുതിയ ഉത്തരവാദിത്വത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രിയായ ബാലാസാഹിബ് തോറാട്ടായിരുന്നു സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ. ഒരാൾക്ക് ഒരു സ്ഥാനം എന്ന നയത്തെ തുടർന്ന് തോറാട്ട് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്.