തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവർത്തനങ്ങൽക്ക് തുരങ്കം വെക്കുകയാണ് കേന്ദ്ര ഏജൻസികളെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ കുറ്റപ്പെടുത്തൽ. പദ്ധതികൾക്ക് തുരങ്കം വെക്കാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തെ എല്ലാ സാധ്യമായ വഴികളിലൂടെയും തടുക്കണമെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു. നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഈ നെറികേടിനെ ചെറുക്കണമെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിലൂടെ ആവശ്യപ്പെടുന്നത്.

കേന്ദ്ര ഏജൻസികളുടെ വരവിന്റെ രാഷ്ട്രീയ ഗൂഡോദ്ദേശം വ്യക്തമായെന്ന് പി.ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയും രംഗത്ത് വന്നത്.

കേന്ദ്ര ഏജൻസികൾ ഭരണഘടന വ്യവസ്ഥകളുടേയും സാമാന്യനീതിയുടേയും എല്ലാ സീമകളും ലംഘിച്ചുവെന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തൽ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിൽ അന്വേഷണം വഴി തെറ്റി.സ്വർണ്ണക്കടത്ത് കേസിലെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം പോയില്ല.എൻഐഎയ്ക്ക് പുറമെ ഇഡിയും സിബിഐയുംമെല്ലാം സ്വർണ്ണക്കടത്ത് വിട്ട് മറ്റ് പല മേഖലകളിലും കടന്ന് കയറി.ലൈഫിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിൽ സിബിഐ കേസ് ഏറ്റെടുത്തത് അസാധാരാണസംഭവമാണ്.

സർക്കാർ ആവശ്യപ്പെട്ട കേസ് ഏറ്റെടുക്കാത്ത സിബിഐ നടപടിയും ദുരൂഹമാണെന്നാണ് ദേശാഭിമാനിയിലൂടെ സിപിഎം ഉന്നയിക്കുന്ന ആരോപണം.കെ ഫോൺ പദ്ധതി വന്നാൽ പ്രധാനമന്ത്രിയുടെ ഉറ്റതോഴനായ മുകേഷ് അംബാനിക്ക് കനത്ത ആഘാതമേൽക്കുമെന്നും അതുകൊണ്ടാണ് കെ ഫോണിനെതിരെ അതിര് വിട്ട നീക്കങ്ങൾ നടക്കുന്നതെന്നും ദേശാഭാമാനി ആരോപിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ മുനയിൽ നിർത്തി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് പി ജയരാജൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.ഏജൻസികളുടെ നിക്കങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.