ശബരിമല: ശബരിമല ദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡിന്റെ ഇടപെടൽ.കോവിഡ് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ഫലം വേഗത്തിൽ കിട്ടാൻ മറ്റ് പുതിയ സംവിധാനങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ആർടിപിസിആർ പരിശോധനാഫലമാണ് ഹൈക്കോടതിയും ആരോഗ്യവകുപ്പും നിർദ്ദേശിച്ചി രുന്നത്. എന്നാൽ നിലക്കലിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഇല്ലാത്തതിനാലും കാലതാമസവും കണക്കിലെടുത്തും ആർടി ലാമ്പ് എക്സ്‌പ്രസ്സ് നാറ്റ് എന്നി കോവിഡ് പരിശോധന സംവിധാനങ്ങളെ കുറിച്ചാണ് ദേവസ്വം ബോർഡ് ഇപ്പോൾ ആലോചിക്കുന്നത്.

മകരവിളക്ക് ഉത്സവകാലത്ത് ദർശനത്തിന് എത്തുന്ന തീർത്ഥാടാടകർ അർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നായിരുന്നു ഹൈക്കോടതിയുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശം.സന്നിധാനത്ത് ജോലിക്ക് എത്തുന്ന ജീവനക്കാർ ഉൾപ്പടെ എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിടുണ്ട്.ഏത് പരശോധന നടപ്പാക്കാമെന്നത് സംബന്ധിച്ച് ലാബുകളുമായി ദേവസ്വം ബോർഡ് അധികൃതരുടെ ചർച്ച പുരോഗമിക്കുകയാണ്.

ശബരിമല തീർത്ഥാടകർ ഉൾപ്പടെ 390 പേർക്കാണ് മണ്ഡലകാലത്ത് കോവിഡ് സ്ഥിരികരിച്ചത്. ഇതിൽ 289 പേർ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. കോവിഡ് പരിശോധനയിൽ ഫലം പോസ്റ്റീവ് ആയ 96 അയ്യപ്പ ഭക്തരെ തിരിച്ചയച്ചു. മകരവിളക്ക് സമയത്ത് തീർത്ഥാടകരുടെ ഏണ്ണം ദിനംപ്രതി അയ്യായിരമാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഡിസംബർ മുപ്പതിന് തുറക്കും.