കൊച്ചി: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നടനും ബാലുശേരിയിലെ യുഡിഎഫും സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് അന്ന് മുല്ലപ്പള്ളി രാമചന്ദ്രന് താൻ പരാതി നൽകിയിരുന്നെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ലെന്നും ധർമജൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ഇനി പുതിയ കെപിസിസി പ്രസിഡന്റ് വിഷയം എന്നോട് ചോദിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല. അത് കോൺഗ്രസിന്റെ പ്രശ്നമാണ്. ഇത് കമ്യൂണിസ്റ്റ് പാർട്ടിയിലാണെങ്കിൽ, അപ്പോൾ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നുവെന്നും ധർമജൻ കൂട്ടിച്ചേർത്തു.

ധർമജൻ പറഞ്ഞത്: ''കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് മുല്ലപ്പള്ളിക്ക് ഞാൻ പരാതി അയച്ചിരുന്നു. അദ്ദേഹം ഒരു മറുപടി പോലും തന്നില്ല. എന്താ ധർമ്മജാ സംഭവിച്ചത് എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുല്ലപ്പള്ളി കാണിച്ചില്ല. ഇനി പുതിയ കെപിസിസി പ്രസിഡന്റ് വിഷയം എന്നോട് ചോദിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല. അത് കോൺഗ്രസിന്റെ പ്രശ്നമാണ്. ഇത് കമ്യൂണിസ്റ്റ് പാർട്ടിയിലാണെങ്കിൽ, അപ്പോൾ തന്നെ ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമായിരുന്നു. നമ്മുടെ പാർട്ടിയിൽ അതില്ല.''

''തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഞാൻ കോൺഗ്രസിനൊപ്പം തന്നെയാണ്. ഞാനൊരു കട്ട കോൺഗ്രസുകാരനാണ്. പക്ഷെ കോൺഗ്രസ് കുറെ മെച്ചപ്പെടാനുണ്ട്. പഴയ കോൺഗ്രസ് അല്ല ഇപ്പോൾ. വിഡി സതീശനും കെ സുധാകരനും വന്നപ്പോൾ ഒരു പ്രതീക്ഷയുണ്ട്. ഗ്രൂപ്പുകൾ ഇല്ലാതെയാണ് ഇവർ രണ്ടു പേരും വന്നിരിക്കുന്നത്. ആ ഒരു സന്തോഷം എനിക്കുണ്ട്. ഗ്രൂപ്പുകൾ മറന്ന് നിന്നാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടൂ.''

''പ്രചരണസമയത്ത് അധികം നേതാക്കളൊന്നും ബാലുശേരിയിൽ എത്തിയില്ല. ഹൈബി ഈഡൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരൊക്കെ വന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഞാൻ പറഞ്ഞിരുന്നു, ജയിക്കുന്ന മണ്ഡലമോ, തോൽക്കുന്ന മണ്ഡലമോ അല്ല ആവശ്യം. പോരാടാൻ പറ്റുന്ന മണ്ഡലമാണ് ആവശ്യമെന്നാണ്. എല്ലാവർക്കും അറിയാമായിരുന്ന അവിടെ നിന്നാൽ തോൽക്കുമെന്ന്. പക്ഷെ അത്രയും വോട്ടിന് തോൽക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മനസിൽ വിഷമവും തോന്നി.''-ധർമജൻ പറഞ്ഞു.

ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നായിരുന്നു ധർമജൻ ബോൾഗാട്ടി കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. ഈ പണം തിരഞ്ഞെടുപ്പിൽ ചെലവാക്കിയിട്ടില്ല. തന്നെ തോൽപിക്കാൻ ഇരുവരും ചേർന്നു ശ്രമിച്ചെന്നും ധർമജന്റെ പരാതിയിൽ ആരോപിച്ചിരുന്നു.

സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നപ്പോൾ തനിക്കെതിരെ രംഗത്തുവന്ന യുഡിഎഫിന്റെ മണ്ഡലം ഭാരവാഹി തന്നെയാണ് തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായത്. ഒരു കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെ ഇയാൾ തനിക്കെതിരെ കരുക്കൾ നീക്കി. ഇവർക്കു രണ്ടു പേർക്കും മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. രൂപീകരിച്ചതിനു ശേഷം ഒരു വട്ടം പോലും തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേർത്തില്ല. ഞാൻ പുലയ സമുദായത്തിൽപ്പെട്ട ആളായതിനാൽ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നൽകിയത് ഇവർ രണ്ടു പേരുമാണ്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പിന്നോട്ടു വലിക്കാൻ ശ്രമിക്കുമ്പോഴും രണ്ടു പേരും ചേർന്നു വ്യാപകമായ പണപ്പിരിവ് നടത്തി. ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തിരഞ്ഞെടുപ്പിന് ചെലവാക്കിയിട്ടില്ല. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ധർമജന്റെ പരാതിയിൽ പറഞ്ഞിരുന്നു.

എഐസിസി പ്രതിനിധികളെ വാഹന,താമസ സൗകര്യങ്ങൾ നൽകാതെ തിരിച്ചയച്ചു, ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടികളിൽ നിന്നു ബാലുശ്ശേരിയെ ഒഴിവാക്കി, സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്തുപോലും മണ്ഡലം കമ്മിറ്റി തയാറാക്കിയില്ല തുടങ്ങിയ പരാതികളും ധർമജൻ ഉന്നയിക്കുന്നു.

സംഘടനാ ദൗർബല്യത്തിന് പുറമേ ഈ രണ്ടു നേതാക്കളുടെ നിലപാടുകളും ബാലുശ്ശേരിയിലെ തോൽവിക്ക് കാരണമായി. അതേ സമയം സാധാരണ കോൺഗ്രസ്,ലീഗ് പ്രവർത്തകരുടെ ആത്മാർഥതയും ഉത്സാഹവും താൻ ഓർക്കുമെന്നും ഒരു നേട്ടവും പ്രതീക്ഷിക്കാത്ത ആ പ്രവർത്തകരാണ് യുഡിഎഫിന്റെ ശക്തിയെന്നും ധർമജൻ പരാതിയിൽ പറയുന്നു. നേതാക്കളുടെ പണപ്പിരിവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും ധർമജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.