തൊടുപുഴ: പൈനാവ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഒഴികെയുള്ളവർക്ക് ഇടുക്കി മുട്ടം ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ഒഴികെയുള്ളവർക്കാണ് ജാമ്യം. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലാക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഏഴും എട്ടും പ്രതികളായ ജസിൻ ജോയി, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഹാജരായി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് പ്രധാന ജാമ്യവ്യവസ്ഥകൾ.