പത്തനംതിട്ട: മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്ന് റേഷൻ കടയിലേക്ക് കിറ്റ് വാങ്ങാനായി പോയ ഡിഎച്ച്ആർഎം പ്രവർത്തകന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ചതുപ്പിൽ കണ്ടെത്തി. വെട്ടിപ്രം മോടിപ്പടി കുമ്പാങ്ങൽ കെകെ മഹീന്ദ്ര(37)നാണ് മരിച്ചത്. വെട്ടിപ്രം സുബല പാർക്കിന് സമീപമുള്ള ചതുപ്പിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടര ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. ചതുപ്പിലേക്ക് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. കൈകൾ പിരിച്ചൊടിച്ചതു പോലെയുടെണ്ട്. ശരീരമാസകലമുള്ള ലക്ഷണങ്ങൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ 18 ന് രാവിലെ സമീപത്തുള്ള റേഷൻ കട ഉടമ കിറ്റ് വാങ്ങുന്നതിനായി മഹീന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കിറ്റ് വന്നോയെന്ന് ഇയാൾ വിളിച്ച് നിരന്തരം അന്വേഷിച്ചിരുന്നു. അതിൻ പ്രകാരമാണ് റേഷൻ കടയുടമ ഇയാളോട് വരാൻ ആവശ്യപ്പെട്ടത്. ഉച്ച കഴിഞ്ഞ് 2.30 വരെ കട തുറന്നിരുന്നുവെങ്കിലും ഇയാൾ കിറ്റിനായി എത്തിയിരുന്നില്ലെന്ന് കടയുടമ പറഞ്ഞു. ഈ കടയുടെ സമീപത്തായിട്ടുള്ള ചതുപ്പിലാണ് മൃതദേഹം കിടന്നിരുന്നത്. റേഷൻ കടയിലേക്കെന്ന് പറഞ്ഞാണ് മഹീന്ദ്രൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് സഹോദരിയും പറയുന്നു.

മൃതദേഹം കാണപ്പെട്ട സ്ഥലവും കിടന്നതിലെ അസ്വാഭാവികതയും ദുരൂഹത വർധിപ്പിക്കുന്നു. ചതുപ്പിൽ മുങ്ങി മരിക്കാനുള്ള സാധ്യത കുറവാണ്. ഉള്ളിലേക്ക് മാറിയാണ് മൃതദേഹം കിടന്നത്. അവിടെ വരെ ഇയാൾക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അവിവാഹിതരായ മഹീന്ദ്രനും സഹോദരിയും ഡിഎച്ച്ആർഎമ്മിന്റെ സജീവ പ്രവർത്തകരായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായ ദിവസം മന്നെ മഹീന്ദ്രൻ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കരുതുന്നു.