കൊച്ചി: തൃക്കാക്കരയിലെ എംഎൽഎ ആയിരിക്കവേ കാൻസർ ബാധിച്ചു മരിച്ച പി ടി തോമസിനെ ഇനിയും വെറുതേ വിടില്ലെന്ന തീരുമാനത്തിലാണ് സിപിഎം. പിടിയുടെ ഓർമ്മകളെ പോലും സിപിഎം നേതാക്കൾ ഭയക്കുന്നു എന്നതിന്റെ തെളിവാണ് പിടിയെ തള്ളിപ്പറഞ്ഞു കൊണ്ട് എം എം മണി കഴിഞ്ഞ ദിവസം രംഗത്തുവന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വന്നാൽ ഇവിടെ പിടിയുടെ പിൻഗാമിയായി ഉമ തോമസ് വന്നാൽ അനായാസം വിജയിക്കും എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് മരിച്ച പിടിയെ വെറുതേ വിടാതെ അവർ അപഹിക്കുന്നത് തുടരുന്നത്.

ഇതിനിടെ ഉപതിരഞ്ഞെടുപ്പിൽ സീറ്റു മോഹികളായി ചില കോൺഗ്രസ് നേതാക്കളും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. പി ടി തോമസിന് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഡൊമിനിക് പ്രസന്റേഷൻ രംഗത്തുവന്നത്. മറ്റൊരു കോൺഗ്രസ് നേതാക്കളും പരസ്യമായി പറയാത്ത ഇക്കാര്യം പറഞ്ഞു കൊണ്ട് ഡൊമിനിക് രംഗത്തുവന്നതിന് പിന്നിലെ കഥ വ്യക്തമാണ്. ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതേസമയം പി ടി തോമസിന് ഇത്രയും സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന കാര്യം അവ്യക്തമാണ്. കുടുംബം ഒരു കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

തന്റെ അന്ത്യാഭിലാഷം അടക്കം പിടി തുറന്നു പറഞ്ഞ ഡിജോ കാപ്പന് പോലും അദ്ദേഹത്തിന് സാമ്പത്തിക ബാധ്യത ഉണ്ടെന്ന കാര്യം അറിയില്ല. പിടിയുടെ കുടുംബത്തിന് ആകെ സാമ്പത്തിക ബാധ്യതയായി 17 ലക്ഷത്തോളം രൂപ മാത്രമാണ് ഉള്ളതെന്നുമാണ് അറിയുന്നത്. ഈ ബാധ്യത തീർക്കാൻ ആരുടെയും സഹായം പിടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം കെ സി ജോസഫ് ചോദിച്ചപ്പോൾ മാത്രമാണ് ഉമ പറഞ്ഞിട്ടുള്ളത്. ഇതേക്കുറിച്ച് മറ്റ് നേതാക്കൾ ആരും തന്നെ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നുമില്ല. അപ്പോഴാണ് ഡൊമിനിക് എത്തിയതും.

പിടി തോമസിന്റെ മകൻ ഡോക്ടറാണ്. ഉമയ്ക്ക് ജോലിയുമുണ്ട്. അതുകൊണ്ട് പിടിയുടെ ബാധ്യത തീർത്താൻ ആരുടെയും സഹായം വേണ്ടെന്ന നിലപാടിലാണ് കുടുംബം. ഒരു കോടിയുടെ ബാധ്യത ഇല്ലെന്നാണ് കെപിസിസി അധ്യക്ഷൻ അടക്കമുള്ളവർക്കും ലഭിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഡൊമിനിക് പുതിയ കഥയുമായി രംഗത്തുവന്നത്. വീടിന്റെ വായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് പുറമേ എം എൽ എ ഓഫീസിന്റെ വാടകയിനത്തിൽ 18 ലക്ഷം രൂപയും ബാദ്ധ്യതയുണ്ട്. കൂടാതെ, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും വിട്ടു കിട്ടുന്നതിന് ജാമ്യം നിന്ന ഇനത്തിലും 14 ലക്ഷം രൂപയുടെ ബാദ്ധ്യത പിടിയുടെ പേരിലുണ്ടെന്നായിരുന്നു ഡൊമിനിക് പ്രസന്റേഷൻ രംഗത്തുണ്ട്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലപ്രകാരം, പി.ടി.തോമസിനും ഭാര്യയ്ക്കും കൂടി 91 ലക്ഷം രൂപയുടെ ഭൂസ്വത്തുണ്ട്. വാഹനവും ബാങ്ക്, ട്രഷറി നിക്ഷേപവും ചേർത്തു 21.55 ലക്ഷം രൂപയുടെ ജംഗമ സ്വത്തുമുണ്ട്. ഭാര്യയുടെ പേരിലുള്ള ബാങ്ക്, പിഎഫ് നിക്ഷേപവും ഇൻഷുറൻസും സ്വർണവും ചേർത്തു 34.87 ലക്ഷം രൂപയുണ്ട്. മകന്റെ പേരിൽ വാഹനവും ഇൻഷുറൻസും ബാങ്ക് നിക്ഷേപവും ചേർത്തു 1.64 ലക്ഷം രൂപയുടെ ആസ്തി. പി.ടി.തോമസിനു ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിൽ 57.31 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

പിടിയുടെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കണമെന്ന് ഡൊമിനിക് പ്രസന്റേഷൻ ആവശ്യപ്പെടുമ്പോൾ എതിർപ്പുമായി കെ.ബാബു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പി.ടി.തോമസിന്റെ സാമ്പത്തിക ബാധ്യത കുടുംബം പരിഹരിക്കുമെന്നും അതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നും ബാബു പറഞ്ഞു. പി.ടിയുടെ കുടുംബത്തെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും ഉണ്ടാകരുതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഡൊമിനിക്കിന്റെ സീറ്റ് മോഹമാണ് ഇപ്പോൾ ഒരു കോടിയുടെ കടമെന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുന്നത്. ഉമ മത്സരിക്കുന്ന കാര്യത്തിൽ അവരോട് ആരും തന്നെ അഭിപ്രായം ചോദിച്ചിട്ടില്ല. ഉമയ്ക്കാണ് പാർട്ടി സ്വാഭാവികമായി നൽകുന്ന മുൻഗണന. ഇതിനിടെയാണ് സമുദായ കാര്യം അടക്കം ഉയർത്തിക്കൊണ്ടും കടബാധ്യതയുടെ കാര്യം ഓർമ്മപ്പെടുത്തിയും ഡൊമിനിക്ക് രംഗത്തുവന്നത്. രാഷ്ട്രീയത്തെക്കുറിച്ച് ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ലെന്നാണ് ഉമ പറയുന്നത്. രാഷ്ട്രീയ കാര്യത്തെക്കുറിച്ച് ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ലെന്ന് ഉമ പറഞ്ഞത്. 'പി ടിക്ക് ശേഷം ഒരു തെരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാൻ പോലും തോന്നുന്നില്ല. അതിലേക്ക് ഞാൻ എത്തിയിട്ടില്ല. എന്റെ നഷ്ടം വലിയൊരു നഷ്ടമാണ്. അതിൽ നിന്ന് പുറത്തു കടക്കേണ്ടതുണ്ടെന്നായിരുന്നു അവരുടെ വാക്കുകൾ.

പി ടി തോമസിന്റെ മരണത്തിന് പിന്നാലെ തന്നെ തൃക്കാക്കര ഉപതെരഞ്ഞെടുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്. ആരാകും പി ടിയുടെ പിൻഗാമിയായി എത്തുകയെന്നാണ് ചർച്ചകളെല്ലാം. 2016ലും 2021ലും പി ടി തോമസിനെ മികച്ച ഭൂരിപക്ഷത്തിലായിരുന്നു തൃക്കാക്കര നിയമസഭയിലേക്ക് അയച്ചത്. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാനു മികച്ച ഭൂരിപക്ഷം നൽകിയാണ് തൃക്കാക്കര എൽഡിഎഫിനെ ഞെട്ടിച്ചത്. 2016ൽ സിറ്റിങ് എംഎൽഎയെ മാറ്റി പി ടി തോമസിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് നിയോഗിച്ചത്. മറുവശത്ത് എൽഡിഎഫ് ഇറക്കിയതാകട്ടെ ഡോ. സെബാസ്റ്റ്യൻ പോളിനെ. ഫലം പ്രഖ്യാപിച്ചപ്പോൾ 11,966 വോട്ടുകൾക്ക് പി ടി വിജയിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫിനൊപ്പം തന്നെയായിരുന്നു.