കഴക്കൂട്ടം: അറബി വേഷം ധരിച്ച് ഹെലികോപ്റ്ററിൽ പറന്നിറങ്ങി വരൻ. വരനെ സ്വീകരിക്കാൻ അറബിഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്തച്ചുവടുകളുമായി കലാകാരികളും കലാകാരന്മാരും.വധുവിനെയും ഇതേരീതിയിൽ തന്നെ വേദിയിലെത്തിച്ചു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ക്യാപ്റ്റൻ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹം, ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കെല്ലാം നവ്യാനുഭവമാണ് സമ്മാനിച്ചത്.തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിൽ ഇൻഫോസിസിന് സമീപം പ്രവർത്തിക്കുന്ന അൽ സാജ് അരിനയിലാണ് ഏറെ പുതുമയും വ്യത്യസ്തതയുമുള്ള വിവാഹക്കാഴ്ചകൾ അരങ്ങേറിയത്.

ഇൻഡിഗോ എയർലൈൻസിൽ മൂന്നരവർഷമായി പൈലറ്റാണ് വരൻ ഷിറാസ്. ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് ഷിറാസ് സ്വന്തം കല്യാണത്തിന് വിവാഹവോദിയിലേക്ക് പറന്നിറങ്ങിയതും. കോപ്റ്ററിൽ പറന്നിറങ്ങിയ നവവരനെ അറബി ഗാനത്തിന് ഒത്ത് ചുവടുകൾ വെച്ച കലാകാരന്മാരും കലാകാരികളും ചേർന്നാണ് സ്വീകരിച്ചത്. മതാചാരപ്രകാരമാണ് ചടങ്ങുകളെല്ലാം നടന്നത്.

ചെറുപ്പം മുതലെ പൈലറ്റാകണമെന്നായിരുന്നു ഷിറാസിന്റെ സ്വപ്നം. വിവാഹത്തിന് ഹെലികോപ്റ്ററിൽ വന്നിറങ്ങണമെന്നൊരു ആഗ്രഹവുമുണ്ടായിരുന്നു. സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിനായി കുടുംബക്കാർ ഒപ്പം നിന്നതായി ഷിറാസ് പറയുന്നു. കാഞ്ഞിരംപാറ ബീകോം ഗ്രീൻ ലീവ്സിൽ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മൂത്ത മകനാണ് ഷിറാസ്. സ്‌കൂൾ വിദ്യാഭ്യാസം ഗൽഫിലായിരുന്നെങ്കിലും പ്ലസ് വൺ മുതൽ സ്‌കൂൾവിദ്യാഭ്യാസം തിരുവനന്തപുരത്താണ് പൂർത്തിയാക്കിയത്. തുടർന്ന് പൂണെയിലും ഫ്രാൻസിലുമായി വിമാനം പറത്താനുള്ള പഠനവും പൂർത്തിയാക്കി.

വധു ലാമിയ ഷിബു രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം കണിയാപുരം കരിച്ചാറ അഹ്ലം വീട്ടിൽ ഷിബു ഷീന ദമ്പതികളുടെ മകളാണ് ലാമിയ. ഹെലികോപ്റ്ററിൽ വിവാഹശേഷം ചുറ്റിയടിക്കാനായതിന്റെ ത്രില്ലിലാണ് ലാമിയ ഷിബു. അൽസാജ് ഇവൻസിന്റെ നേതൃത്വത്തിലായിരുന്നു വിവാഹത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ആദ്യമായാണ് അൽസാജിൽ ഇത്തരത്തിൽ ഒരു കല്യാണം നടക്കുന്നത്.