കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടൻ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സിനിമാ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയിലെ വിഐപി വലിയൊരു വിഐപിയാകാൻ സാധ്യത കുറവെന്ന് മറുനാടൻ രണ്ടു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ആലുവയിലെ പ്രാദേശിക മുതലാളിയാണ് ഈ വിഐപിയെന്നായിരുന്നു റിപ്പോർട്ട്.

ആലുവയിൽ ശരത് എന്ന പേരിൽ ദിലീപിനൊരു സുഹൃത്തുണ്ട്. ഈ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ആലുവയിൽ ഹോട്ടലും ട്രാവൽ ഏജൻസിയുമുള്ള വ്യക്തിയിലേക്കാണ് അന്വേഷണമെന്നുമായിരുന്നു വാർത്ത. ഇത് ശരിവച്ച് ആലുവയിലെ ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി. സൂര്യന്റെ പേരിലുള്ള സ്ഥാപനങ്ങളുടെ ഉടമയാണ് ശരത്തെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ആ ശരത്തിന്റെ സ്ഥാപനത്തിന്റെ പേര് സൂര്യ ഹോട്ടൽസ് എന്നാണ്. ആലുവയിലെ ഈ വ്യക്തിയെ ആണ് പൊലീസ് അന്വേഷിക്കുന്നത്.

നല്ല രാഷ്ട്രീയബന്ധമുള്ള ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന വ്യക്തിയാണ് ഈ വിഐപിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി കഴിഞ്ഞിരുന്നു. അന്വേഷണം വിഐപിയിലേക്ക് അടുക്കുന്നതായി തോന്നുന്നുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു കഴിഞ്ഞു. നേരത്തെ അൻവർ സാദത്ത് ആണോ വിഐപി എന്ന നിലയിൽ ചർച്ച വന്നിരുന്നു. ഇത് ബാലചന്ദ്രകുമാർ നിഷേധിച്ചു. ഇതിനിടെയാണ് പുതിയ വ്യക്തിയിലേക്ക് അന്വേഷണം എത്തുന്നത്. സൂര്യന്റെ പേരിലെ സ്ഥാപനങ്ങളുടെ ഉടമയാണ് ഇയാളെന്നാണ് സൂചന-ഇതായിരുന്നു വാർത്ത.

ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശരത്തിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരായില്ല. ഇതിന് പിന്നാലെ ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഒപ്പം മുൻകൂർ ജാമ്യ ഹർജിയും നൽകി. ഇതിനിടെയാണ് പൊലീസ് റെയ്ഡുമായി എത്തുന്നത്. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് വിഐപിയെ ചുറ്റി പറ്റിയുള്ള അന്വേഷണം നടക്കുന്നത്. ഇതുറപ്പിക്കാൻ ശബ്ദം സാമ്പിൾ അനിവാര്യമാണ്. ഇത് നൽകാതിരിക്കാനാണ് ഇയാൾ ഒളിവിൽ പോകുന്നത്.

കേസിലെ ആറാമൻ വിഐപിയെ പൊക്കിയാൽ പൊലീസ് അന്വേഷണം നടിയെ ആക്രമിച്ച കേസിലെ മാഡത്തിലേക്ക് കടക്കും. ഇതിന് വേണ്ടി പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യും. മാഡത്തെ കുറിച്ചുള്ള ചർച്ചകൾ അട്ടിമറിക്കാനാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത് തടയണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ എത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റു ചെയ്യുമ്പോൾ ശരത്തും ദിലീപിനൊപ്പമുണ്ടായിരുന്നു. തൃശൂരിൽ ഇരുവരും ചേർന്ന് അമ്പലത്തിൽ പോയി മടങ്ങുമ്പോഴാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തു വന്ന വിവരം. എന്നാൽ അതിലെ സത്യം മറ്റൊരു കഥയാണ്. അന്ന് ദിലീപിനൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ശരത്. ശരത്തും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ ആ ആറാമൻ ശരത്താണെന്നാണ് വിലയിരുത്തലെത്തുന്നത്.

ബാലചന്ദ്രകുമാർ പറഞ്ഞത്: ''വിഐപിയിലേക്കുള്ള അന്വേഷണം അദ്ദേഹത്തോട് അടുക്കുന്നതായി തോന്നുന്നു. ഖദർ ധരിച്ച ഒരു ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥന് കാണിച്ചിട്ട് മനസിൽ തെളിഞ്ഞു വരുന്ന മുഖമിതാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതേ ശബ്ദത്തിലുള്ള കക്ഷിയുടെ ഒരു വീഡിയോയും അയച്ചുകൊടുത്തിട്ടുണ്ട്. ശബ്ദം അയാളുടേതാണെന്നാണ് സംശയം. നല്ല വെളുത്ത നിറം, വണ്ണമുള്ള കഴുത്ത്, ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന രാഷ്ട്രീയബന്ധമുള്ള വ്യക്തിയാണ് ഈ ഉന്നതൻ.''

''എന്റെ അന്വേഷണത്തിൽ ദിലീപിന് ശരത് അങ്കിൾ എന്ന് വിളിക്കുന്ന ഒരു ആത്മസുഹൃത്തുണ്ട്. ഇയാളും ബിസിനസുകാരനാണ്. ദിലീപിന്റെ വീട്ടിൽ വരാറുണ്ട്. ആലുവ സ്വദേശിയാണ്. ആലുവ എംഎൽഎയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അൻവർ സാദത്ത് അല്ല വിഐപിയെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദ രേഖകൾ എടുത്ത് പരിശോധിച്ചിരുന്നു. അല്ലെന്ന് മനസിലായി.ഒരു നിരപരാധിയെ പ്രഷർ കൊടുത്ത് ഇരിത്തേണ്ടെന്ന് വച്ചിട്ടാണ് വിഐപി അൻവർ സാദത്ത് അല്ലെന്ന് പറഞ്ഞത്. അദ്ദേഹത്തിലേക്ക് സൂചനയിടണമെന്ന് ചിലർ വിളിച്ചു പറഞ്ഞിരുന്നു. ഇല്ലാത്ത കാര്യം പറയാൻ എനിക്ക് സാധിക്കില്ല.'''ദിലീപിന് സ്വന്തം പേരിൽ സിം ഇല്ല'

സാക്ഷി വിസ്താരം പൂർത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തലുകൾ അവഗണിക്കാൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.