കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ അഭിഭാഷകന്റെ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും പരിശോധന വൈകിയെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥ ഇടപെടലെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തുന്നത്. ഇതോടെ കേസിൽ അട്ടിമറി സംശയം സജീവമാകുകയാണ്. വിഐപിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കിടെയാണ് പുതിയ വെളിപ്പെടുത്തൽ. അതും പൊലീസിനെതിരെ എന്നതാണ് നിർണ്ണായകം.

കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ബാബു കുമാറാണ് ഇക്കാര്യം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങടങ്ങിയ പെൻഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥർ വീട് പരിശോധന വൈകിപ്പിച്ചെന്നാണ് ആരോപണം. കോടതിയിൽ നിന്ന് അനുമതി വാങ്ങിയാണ് അഭിഭാഷകന്റെ വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും എന്നാൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നുമാണ് വെളിപ്പെടുത്തൽ.

'അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു ലീഡിങ് ഉണ്ടായിരുന്നില്ലോ. ലീഡങ് എന്ന് പറയുമ്പോൾ ഐജി ഉൾപ്പെടെ എല്ലാവരും കൂടെ ക്യാമ്പ് ചെയ്തല്ലേ സൂപ്പർവൈസ് ചെയ്തത്. അവരുടെ ഭാഗത്ത് നിന്നും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങൾ വന്നിരുന്നു. ഇതാണ് കാര്യങ്ങൾ വൈകാൻ ഇടയായത്,' -ബാബു കുമാർ പറയുന്നു. ഞാൻ ആദ്യത്തെ ചാർജ് ഷീറ്റ് കൊടുത്തിട്ട് പിന്നെ ഒരു മാസമേ അന്വേഷിച്ചുള്ളൂ. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് കോടതിക്ക് കൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ കാര്യങ്ങൾ വെളിച്ചത്ത് വരൂ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് കൊടുത്ത സമയത്താണ് റിഫൈനറിയിലേക്ക് ഡെപ്യൂടേഷൻ വന്നതെന്നും ബാബുകുമാർ പറഞ്ഞു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ ഓടയിൽ ഉപേക്ഷിച്ചെന്നായിരുന്നു കേസിലെ ഒന്നാം പ്രതി പൾസർ സുനി ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ പിന്നീട് ഈ ഫോൺ ദിലീപിന്റെ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും പൾസർ സുനി മൊഴി നൽകി. ദൃശ്യങ്ങൾ കണ്ടെത്താനിരിക്കാനുള്ള പ്രതികളുടെ നീക്കമായിരുന്നു ഇതെന്നാണ് നിലവിലെ വിലയിരുത്തൽ. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് പെൻഡ്രൈവിലാക്കിയാണ് കൈ മാറ്റങ്ങൾ നടന്നത്. ആക്രമ ദൃശ്യങ്ങൾ കേസിൽ ഇതുവരെ കണ്ടെത്താനാവാത്ത ഒരു വിഐപി ദിലീപിന്റെ വീട്ടിലെത്തിച്ച് നൽകിയെന്ന് നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടൻ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേർന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക ശ്രോതസ് പൊലീസ് അന്വേഷിക്കും. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം എഫ്.സി.ജെ.എം. കോടതി മജിസ്ട്രേട്ടാണു മൊഴിയെടുത്തത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു. മുമ്പ് പുറത്തുവന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് മൊഴി നൽകിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കേസിൽ സിനിമാ മേഖലയിൽനിന്നും ഇനിയും കൂടുതൽ സാക്ഷികൾ ഉണ്ടാകുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. വെളിപ്പെടുത്തൽ വൈകിയതിന്റെ കാരണവും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചയാണ് പരിഗണിക്കുക.

ക്രൈംബ്രാഞ്ച് സംഘത്തിനു ബാലചന്ദ്രകുമാർ നൽകിയ മൊഴി മജിസ്ട്രേട്ടിന് മുന്നിൽ ആവർത്തിച്ചതായാണു സൂചന. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും കേസിലെ സാക്ഷികളെ കൂറുമാറ്റാൻ പണം നൽകിയെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച മൊഴിയെടുക്കൽ രാത്രിവരെ തുടർന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണു നടൻ ദിലീപ് ഉൾപ്പെടെ ആറു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു ക്രൈംബ്രാഞ്ച് കേസെടുത്തത്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരുടെ പേരിൽ ഡിവൈ.എസ്‌പി. ബൈജു പൗലോസാണു പരാതി നൽകിയത്. അനൂപും സുരാജും മുൻകൂർ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്.