കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയണ്. രണ്ടാം ദിനം നിർണായകമായ വിവരങ്ങളാണ് അന്വേഷണ സംഘം പ്രതികളോട് ആരാഞ്ഞത്. ഇതിനിടെ പ്രതികളുടെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തു.

സിനിമയിൽ നിന്നും പിന്മാറിയത് അറിയിച്ചത് ബാലചന്ദ്രകുമാറാണെന്ന് റാഫി മൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബാലചന്ദ്രകുമാറിന് മനപ്രയാസം ഉണ്ടായിരുന്നു. ദേഷ്യം ഉണ്ടായതായി അറിയില്ലെന്നും റാഫി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് സിനിമയിൽ നിന്നും പിന്മാറിയ വിവരം ബാലചന്ദ്രകുമാർ റാഫിയെ അറിയിച്ചത്. സിനിമയിൽ പോക്കറ്റടിക്കാരനായ കള്ളന്റെ വേഷമായിരുന്നു ദിലീപിനായി വെച്ചത്. ഈ കഥാപാത്രത്തോട് ദിലീപിനും താൽപ്പര്യം ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങളോട് റാഫി പറഞ്ഞു.

ഇതിനിടെ സംവിധായകൻ അരുൺ ഗോപിയെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. ദിലീപിനെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് അരുൺ ഗോപിയെ വിളിപ്പിച്ചത്. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിയാൻ വേണ്ടിയാണ് അരുൺ ഗോപിയെ വിളിച്ചുവരുത്തിയത്.

നേരത്തെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ റാഫിയെയും ദിലീപിന്റെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ തുടന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്‌പി. മോഹനചന്ദ്രൻ പറഞ്ഞു. വധഗൂഢാലോചനക്കേസും നടിയെ ആക്രമിച്ചതും വ്യത്യസ്ത കേസുകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തി. നേരത്തെ സുനിയെ ജയിലിലെത്തി അമ്മ സന്ദർശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് വഴി പണം നൽകിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

നേരത്തെ ദിലീപിന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിഗ്രാന്റ് പ്രൊഡക്ഷൻസിന്റെ മാനേജറെയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണത്തിനാണ് ഇവരെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ ബാലചന്ദ്ര കുമാർ പലതവണയായി പണം കൈപ്പറ്റിയിരുന്നെന്ന പ്രതി ദിലീപിന്റെ ആരോപണം നേരത്തെ ക്രൈംബ്രാഞ്ച് നിരാകരിച്ചിരുന്നു.

ബിഷപ്പിന് ബാലചന്ദ്ര കുമാറുമായിട്ടോ കേസിലെ പ്രതി ചേർക്കപ്പെട്ടവരുമായിട്ടോ യാതൊരു ബന്ധവുമില്ലെന്ന് രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. ബാലചന്ദ്ര കുമാർ തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രധാനമായും ദിലീപ് ഉന്നയിച്ച ആരോപണം. എന്നാൽ പണ കൈമാറ്റം ദിലീപുമായി ഒന്നിച്ചു ചെയ്യാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടതാണെന്നും പിന്നീട് ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു.