പത്തനംതിട്ട: 2021-22 വർഷത്തെ ശബരിമല തീർത്ഥാടനകാലത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കലക്ടർ ചെയർപേഴ്സണനായ ദുരന്ത നിവാരണ അഥോറിറ്റി വാടകയ്ക്ക് എടുത്തത് ഡിയോ സ്‌കൂട്ടർ! വാഹനത്തിന് ഇന്ധനം അടിച്ച വകയിൽ നൽകിയത് 30,000 രൂപ. വേഗത്തിൽ സന്ദേശം കൈമാറാനും ഓടിയെത്താനുമാണ് ഇരുചക്രവാഹനം വാടകയ്ക്ക് എടുത്തത് എന്ന വാദം അംഗീകരിച്ചാൽ കൂടി സ്‌കൂട്ടറിനേക്കാൾ ഇന്ധനക്ഷമതയുള്ള ബൈക്കുകൾ എന്തു കൊണ്ട് പരിഗണിച്ചില്ലെന്ന സംശയം ഉയരുന്നു. ദുരന്തനിവാരണ ഫണ്ട് ഈ രീതിയിൽ ഒഴുക്കി കളയുകയാണെന്ന യാഥാർഥ്യം കൂടിയാണ് പുറത്തു വരുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കെഎൽ03 എസി 3588 നമ്പർ ഡിയോ സ്‌കൂട്ടർ. ഇതിന് ദൈനംദിനം ഇന്ധനം നിറയ്ക്കുന്നതിലേക്കായി വാഹന ഉടമയ്ക്ക് അഡ്വാൻസായി അനുവദിച്ച തുകയാണ് 30,000 രൂപ.

കഴിഞ്ഞ വർഷം ഡിസംബർ 28 ന് ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യരാണ് തുക അനുവദിച്ചത് ഒപ്പിട്ടു നൽകിയിരിക്കുന്നത്. കാരയ്ക്കാട് സ്വദേശി സായിറാം പുഷ്പന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഇദ്ദേഹത്തിന്റെ അപേക്ഷ പ്രകാരമാണ് ആവശ്യപ്പെട്ട തുക അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖകൾ പുറത്തു വന്നതോടെ ദുരന്ത നിവാരണ അഥോറിറ്റി വെട്ടിലായിരിക്കുകയാണ്.

മോട്ടോർ വാഹനവകുപ്പാണ് വാഹനം വാടകയ്ക്ക് എടുക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്. 30,000 രൂപ എന്നു പറയുന്നത് അഡ്വാൻസ് മാത്രമാണ്. പിന്നീട് എത്ര രൂപ കൂടി അനുവദിച്ചിട്ടുണ്ടാകാമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു പുതിയ സ്‌കൂട്ടർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം കരാർ അടിസ്ഥാനത്തിലുള്ള വാഹനത്തിന് കൊടുക്കേണ്ടതായും വരുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ധൂർത്താണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.