തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായ വിജയനെയും എൽ ഡി എഫിനെയും വീണ്ടും പരിഹസിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ പരിഹാസം. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയം എൽ ഡി എഫിന്റെ ആത്മവിശ്വാസം കൂട്ടി, തുടക്കത്തിൽ പിണറായിയെ മാത്രം ഉയർത്തിക്കാട്ടി പ്രചാരണം തുടങ്ങിയെങ്കിലും വിമർശനങ്ങൾ ശക്തമായപ്പോൾ കാറ്റ് മാറി വീശുമോ എന്ന ഭയം കൊണ്ടാകാം പ്രചാരണത്തത്തിന്റെ സ്വഭാവം മാറിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. പിണറായി സർക്കാർ എന്ന് മുഴങ്ങിയിരുന്ന അനൗൺസ്‌മെന്റുകൾ എൽ ഡി എഫ് സർക്കാർ എന്ന് മാറിയിരിക്കുന്നുവെന്നും സംവിധായകൻ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അനൗൺസ്‌മെന്റുകൾ കേൾക്കുമ്പോൾ കൗതുകകരമായി ഒരു കാര്യം ശ്രദ്ധിച്ചു. പിണറായി വിജയനെന്ന ബിംബത്തെ ജനനായകനായി അവതരിപ്പിക്കുന്നതുപോലും കള്ളക്കടത്തു നടത്തുന്നതുപോലെയാണ് എന്ന് കാണാം. ആദ്യം വിഎസിന്റെ പ്രതിഛായക്ക് പിന്നിലൂടെ ഒളിച്ചുകടത്തി.കോവിഡ് വാർത്താസമ്മേളനങ്ങളുടെ വാചകമേളയും കിറ്റും മുൻനിർത്തി വിജയനെ ക്യാപ്റ്റനായി മാറ്റാൻ തുടങ്ങുമ്പോഴാണ് സ്വർണക്കടത്ത് പിടിച്ചത്.

ദുരിതങ്ങൾക്കിടയിലും കടമെടുത്ത പണം ചെലവഴിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഇമേജ് പൊളിയുന്നു എന്ന തോന്നലിൽ അടവ് മാറി.തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് പോസ്റ്ററുകളിൽ നിന്നൊക്കെ ഒളിപ്പിച്ച് പുതുമുഖങ്ങൾക്ക് നൽകിയ അവസരങ്ങൾകൊണ്ട് മൂടിയാണ് ഈ വ്യാജ ബിംബത്തെ പിൻവാതിലിലൂടെ കടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയം കാര്യങ്ങൾ വീണ്ടും മാറ്റി.

ആത്മവിശ്വാസത്തോടെ തുടക്കത്തിൽ ആനയും അമ്പാരിയുമായി പിണറായിയെ മാത്രം ഉയർത്തിക്കാട്ടി പ്രചാരണം തുടങ്ങിയെങ്കിലും വിമർശനങ്ങൾ ശക്തമായപ്പോൾ കാറ്റ് മാറി വീശുമോ എന്ന ഭയം കൊണ്ടാകാം പ്രചാരണത്തത്തിന്റെ സ്വഭാവം ഇപ്പോൾ മാറിയിട്ടുണ്ട്.പിണറായി സർക്കാർ എന്ന് മുഴങ്ങിയിരുന്ന അനൗൺസ്‌മെന്റുകൾ എൽഡിഎഫ് സർക്കാർ എന്ന് മാറിയിരിക്കുന്നു. ഇതൊക്കെ ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്ന പരിപാടിയാണോ? തരാതരം ജനങ്ങളെ പറ്റിക്കുന്ന പരിപാടി?