തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ കോടതികളിലെയും ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും എഴുതാൻ ഹൈക്കോടതി നിർദ്ദേശം.ഭരണഭാഷ മലയാളമാക്കിയതിനു പിന്നാലെ കോടതി ഉത്തരവുകളും മലയാളത്തിലാക്കണമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഇത് നടപ്പായില്ല. തുടർന്ന് ഉത്തരവുകൾ നിർബന്ധമായും മലയാളത്തിൽ വേണമെന്നു സർക്കാർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി മുതൽ മുൻസിഫ് മജിസ്‌ട്രേട്ട് കോടതികൾ വരെ മലയാളത്തിൽ വിധി എഴുതാനാണു ഹൈക്കോടതി രജിസ്റ്റ്രാർ നിർദേശിച്ചിരിക്കുന്നത്.

മലയാളത്തിൽ ഉത്തരവുകൾ എഴുതാൻ താൽപര്യമുള്ള ന്യായാധിപന്മാരുടെ പട്ടിക ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്കു കൈമാറണം. പരിശീലനം ലഭിച്ചാൽ ഉത്തരവുകൾ മലയാളത്തിൽ എഴുതാൻ തയാറുള്ളവരുടെയും പട്ടിക നൽകണം. തങ്ങളുടെ അഭിപ്രായം സഹിതം പട്ടിക ഉടൻ നൽകാനാണു ജില്ലാ പ്രിൻസിപ്പൽ ജഡ്ജിമാർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ മലയാളത്തിലോ ഇംഗ്ലിഷിലോ ഉത്തരവുകൾ എഴുതാം.

മലയാളത്തിൽ എഴുതാൻ ബുദ്ധിമുട്ട് ഉണ്ടായാൽ അക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണം. അതു പരിഹരിക്കാൻ നടപടിയെടുക്കും. മലയാളം സ്റ്റെനോഗ്രഫിയിൽ സംസ്ഥാന സർക്കാർ സ്റ്റെനോഗ്രാഫർമാർക്കു പരിശീലനം നൽകി തുടങ്ങി. അവരുടെ സേവനം ലഭിക്കുന്നതു വരെ കഴിയുന്നതും സ്വന്തമായി മലയാളത്തിൽ ഉത്തരവ് എഴുതണം.

നിയമ പദാവലികൾ മലയാളത്തിൽ ആക്കി ഉടൻ വിതരണം ചെയ്യും. തത്തുല്യമായ മലയാളം വാക്കുകൾ ലഭിക്കാത്തവയ്ക്ക് ഇംഗ്ലിഷ് വാക്കുകൾ തന്നെ ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്.