തിരുവനന്തപുരം: മാവേലിക്കര സർക്കാർ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനായ പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ഡോക്ടർമാരുടെ പ്രതിഷേധം ഇരുമ്പുന്നു. കഴിഞ്ഞ മെയ് 14നാണ് ആക്രമണ സംഭവം ഉണ്ടായത്. അഭിലാഷ് എന്ന പൊലീസുകാരൻ പ്രതിസ്ഥാനത്തായതോടെ തുടക്കത്തിൽ കേസെടുക്കാൻ പോലും തയ്യാറാകാതിരുന്ന പൊലീസ് ഇപ്പോൾ കേസിൽ കള്ളക്കളി തുടരുന്നു എന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം കെജിഎംഒയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെങ്കിലും പൊലീസ് പ്രതിയെ പിടിക്കാൻ തയ്യാറാകാത്തത് ഡോക്ടർമാരിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കൊണ്ടുവന്ന രോഗി ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. രാഹുൽ മാത്യു മരണം സ്ഥിരീകരിച്ച വിവരം അറിയിക്കുക മാത്രമാണ് ഉണ്ടായത്. ഇതിന്റെ പേരിലാണ് രോഗിയുടെ ബന്ധു ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു. നീയൊക്കെ സമാധാനമായി ജോലിചെയ്യുന്നത് കാണിച്ചു തരാം' എന്നൊക്കെ വെല്ലുവിളിച്ചായിരുന്നു മർദ്ദനം.

കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബർ ഇടത്തിലും പ്രതിഷേധം ശക്തമാക്കുകയാണ് ഡോക്ടർമാർ. സംഭവത്തെ കുറിച്ച് ഡോ. ജിനേഷ് പി എസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

മാവേലിക്കര ഗവണ്മെന്റ് ആശുപതയിൽ കഴിഞ്ഞ മെയ്‌ 14-ന് നടന്ന സംഭവമാണ്. പുലർച്ചെ ഏകദേശം 4.21-ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കോൾ വാർഡ് ഡ്യൂട്ടി എടുത്തിരുന്ന ഡോ. രാഹുൽ മാത്യുവിന് ലഭിക്കുന്നു. രാഹുൽ അന്ന് വാർഡിൽ നൈറ്റ് ഡ്യൂട്ടി ആണ്. ആശുപത്രിയിലെ സർജൻ ആണ് രാഹുൽ മാത്യു. രാഹുൽ അത്യാഹിത വിഭാഗത്തിൽ എത്തി പരിശോധിച്ചു. Brought dead ആണ്. അതായത് ആശുപത്രിയിലെത്തുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. പരിശോധിച്ചശേഷം ഡെത്ത് ഡിക്ലയർ ചെയ്തു.

Brought dead ആയതിനാൽ തുടർ നടപടി വേണമെന്നും പൊലീസിൽ അറിയിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു. കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലിരുന്ന ആളാണ് brought dead ആയി വന്നത്. രാഹുൽ മരണവിവരം പറഞ്ഞ ഉടനെ കൂടെ വന്ന ആൾക്കാർ അക്രമാസക്തരായി. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ മകൻ പലതവണ രാഹുലിനെ ഭീഷണിപ്പെടുത്തി. 'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു. നീയൊക്കെ സമാധാനമായി ജോലിചെയ്യുന്നത് കാണിച്ചു തരാം' എന്നൊക്കെ വെല്ലുവിളിച്ചു.

ഏതാണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ്, ഏകദേശം ഏഴേകാലിന് മകൻ രാഹുലിന്റെ ഡ്യൂട്ടി റൂമിലേക്ക് കയറി വന്നു. 'നീ ഒക്കെ കൂടി എന്റെ അമ്മയെ കൊന്നില്ലേടാ @#@$%%-----' എന്ന് തുടങ്ങി ചീത്ത വിളിച്ചു കൊണ്ട് രാഹുലിന്റെ കുത്തിന് പിടിച്ചു, കരണത്തടിച്ചു. അപ്പോൾ അവിടെയെത്തിയ ആശുപത്രി ജോലിക്കാർ പിടിച്ചു മാറ്റി. കൂട്ടുകാരനോട് വീഡിയോ എടുക്കാൻ പറഞ്ഞിട്ട് തിരിച്ചു തല്ലാൻ രാഹുലിനെ വെല്ലുവിളിച്ചു. 'ഡോക്ടർക്ക് എന്നെ തിരിച്ചു തല്ലണമെങ്കിൽ തല്ലിക്കോ'.രാഹുൽ പ്രകോപിതനായില്ല. പകരം പൊലീസിൽ പരാതി നൽകി, നിയമത്തിന്റെ വഴിയേ സഞ്ചരിച്ചു.

പക്ഷേ ആശുപത്രി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് നടക്കേണ്ട കേസിൽ ഇതുവരെ അതുണ്ടായിട്ടില്ല. നിയമമറിയുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതി സ്ഥാനത്ത്. സാധാരണ ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യം പോലെ അല്ല ഇത്. ശക്തമായ നടപടി ഉണ്ടാവണം.
മൂന്ന് ആഴ്ചയോളമായി ഡോക്ടർമാർ നിൽപ്പുസമരം, കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധം തുടങ്ങി വിവിധ പ്രതിഷേധങ്ങൾ നടത്തിയിട്ടും ഇത് വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഒരു രീതിയിലും അംഗീകരിക്കാവുന്ന കാര്യമല്ല ഇത്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ നേതൃത്വനിരയിൽ ഉണ്ടായിരുന്ന ആളാണ് രാഹുൽ മാത്യു. കേരള മെഡിക്കോസ് പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ (KMPGA) സെക്രട്ടറി ആയി പ്രവർത്തിച്ച ഒരാളാണ് രാഹുൽ മാത്യു. കോട്ടയം മെഡിക്കൽ കോളേജിലാണ് രാഹുൽ മാത്യു സർജറി പി ജി ചെയ്തത്. അന്ന് ഒരു പിജി ഡോക്ടർക്ക് സമാനമായ സാഹചര്യത്തിൽ മർദ്ദനമേറ്റപ്പോൾ ആ ഡോക്ടർക്ക് പിന്തുണ നൽകാനും നിയമനടപടി സ്വീകരിക്കാനും പ്രേരിപ്പിച്ച വ്യക്തിയാണ് രാഹുൽ മാത്യു.

അന്ന് ആദ്യം പൊലീസ് ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ തയ്യാറായില്ല. കോട്ടയം മെഡിക്കൽ കോളേജിലെ പിജി-ഹൗസ് സർജൻസി ഡോക്ടർമാരും വിദ്യാർത്ഥികളും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി പ്രതിഷേധിച്ചു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനങ്ങൾ മുടക്കാതെ സമരം ചെയ്തു. അതിനുശേഷമാണ് ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ അന്ന് പൊലീസ് തയ്യാറായത്. ഇപ്പോഴും അതേ സ്ഥിതി തന്നെ തുടരുന്നു എന്നത് ഖേദകരമാണ്.

ഒരു രീതിയിലും അംഗീകരിക്കാവുന്ന കാര്യമല്ല ഇത്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ച ഒരാളെ ജീവിപ്പിക്കാൻ ഡോക്ടർക്ക് കഴിവില്ല. ഡോക്ടർക്ക് എന്നല്ല ആർക്കും സാധിക്കുന്ന കാര്യമല്ല അത്. ഇങ്ങനെ മർദ്ദനം സഹിച്ചുകൊണ്ട് ജോലി ചെയ്യാൻ സാധിക്കില്ല. കുറ്റകൃത്യം ചെയ്ത പൊലീസുദ്യോഗസ്ഥൻ അഭിലാഷിനെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കുറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ പാടില്ല.

ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ജോലിയിൽ തുടരണോ എന്ന് സർക്കാർ ആലോചിക്കണം. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ചികിത്സ എന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ മർദ്ദനം ഏൽക്കുമ്പോൾ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് അംഗീകരിക്കാനാവില്ല. രാഹുലിനൊപ്പം, ഒരു സംശയവുമില്ല.