തിരുവനന്തപുരം: കള്ളവോട്ടിന് എതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പോരാട്ടം ഒടുവിൽ വിജയം കാണുന്നു. ഇരട്ടവോട്ട് തടയുന്നതിനായി കർശന നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുക. ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ മാർഗ്ഗരേഖ പുറത്തിറക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കും. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തെര ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശം.

ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഇരട്ടവോട്ടുകളുടെ പട്ടിക രാഷട്രീയ പാർട്ടികൾക്കും പ്രിസൈഡിങ് ഓഫീസർമാർക്കും നൽകണം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. നാല് ലക്ഷത്തി മുപ്പതിതനാലായിരം ഇരട്ട വോട്ടുകളുണ്ടെന്നാണ് ചെന്നിത്തല വൈബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

അതിനിടെ വൻതോതിൽ കള്ളവോട്ട് സൃഷ്ടിച്ച് യഥാർത്ഥ ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢ നീക്കം പൊളിഞ്ഞ് പോയതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ തെളിഞ്ഞ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ വോട്ടർമാരെല്ലാം വ്യാജവോട്ടർമാരാണെന്ന് ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചുവെന്ന് വരെ കള്ളത്തരം പറയുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരം താഴുകയാണ്.

വോട്ടർ പട്ടികയിൽ യഥാർത്ഥ വോട്ടർ അറിയാതെ നിരവധി തവണ ആ വോട്ടറുടെ പേരിൽ വ്യാജവോട്ടർമാരെ സൃഷ്ടിച്ചു എന്ന വസ്തുതയാണ് തെളിവ് സഹിതം താൻ പുറത്തുകൊണ്ടുവന്നത്. ഇത് ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സി.പിഎം ആസൂത്രിതമായി നടത്തിയതാണ്. വിവാഹം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകുമ്പോൾ അവിടെയും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് മനസിലാക്കാം. അതും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഇവിടെ ഒരു ഫോട്ടോ തന്നെ പലപേരുകളിലും വിലാസങ്ങളിലും പലബൂത്തുകളിലും മണ്ഡലങ്ങളിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. ഇത് യഥാർത്ഥ വോട്ടർമാർ അറിയണമെന്നില്ല.

ഇവരുടെ പേരിൽ സൃഷ്ടിക്കപ്പെട്ട വ്യാജതിരിച്ചറിയൽ കാർഡുകൾ എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. അത് കണ്ടെത്തേണ്ടതാണ്. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടത്താനുള്ള വ്യക്തമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആർക്കും മനസിലാകും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യാപകമായി ഇതുപോലെ വ്യാജവോട്ടർമാരെ ചേർത്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പിൽ പിടിക്കപ്പെട്ടതിന്റെ ജാള്യതയും രോഷവും മാത്രമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് 3.17 ലക്ഷം ഇരട്ട വോട്ടുകൾ ഉണ്ടന്നാണ് കമ്മിഷന് പരാതി നൽകിയത്. എന്നാൽ പരിശോധനയിൽ 38,586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നാണ് കമ്മിഷൻ അറിയിച്ചത്. വോട്ടർ പട്ടികയിൽ 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്നും സിപിഎം ചായ്വുള്ള ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദ്ദേശം നൽകണമെന്നുമാണ് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്നും ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.