കൊച്ചി: ഇരട്ട വോട്ടിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. പ്രശ്നം അതീവ ഗൗരവതരമാണെന്നും അടിയന്തര പ്രധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

കേസ് പന്ത്രണ്ട് മണിക്ക് പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞ കോടതി കമ്മിഷനോട് വിശദീകരണം തേടിയ ശേഷം ഹർജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് തവണ കത്തയച്ചെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായില്ലെന്ന് ചെന്നിത്തല ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജവോട്ട് ചേർക്കാൻ ഒത്താശ ചെയ്ത ഒരു ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടിയെടുത്തത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഹൈക്കോടതി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം.സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളോ, ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ വ്യക്തമാക്കുന്നത്. ഇത് ഏതെങ്കിലും ഒരു വ്യക്തി ചെയ്തതല്ല. ഉദ്യോഗസ്ഥർ സംഘടിതമായി ചെയ്ത പ്രവർത്തിയാണ്. അതിനാൽ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

കേസിലെ തുടർ നടപടികൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണായകമാകുന്നു എന്നാണ് വിലയിരുത്തൽ. ഏതായാലും ഐഎഎം പ്രഫസറെ നിയോഗിച്ച് കള്ളവോട്ടുകൾ കണ്ടെത്തിയ കോൺഗ്രസ് നീക്കം അതിനിർണ്ണായകമാകുകയാണ്. എല്ലാ മണ്ഡലത്തിലും സംഘടിതമായി കള്ളവോട്ട് ചേർത്തു എന്നാണ് വ്യക്തമാകുന്നത്. ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവു പുറത്തു വന്നു. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്കമെന്നു തെളിയിക്കുന്നതാണ് രേഖകൾ. അതുകൊണ്ട് തന്നെ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാകും.

നേമത്ത് 88ാം ബൂത്തിലെ അശ്വതി സി.നായർ, ബൂത്ത് 98 ലെ ഷെമി, ചിറയിൻകീഴ് 119ാം ബൂത്തിലെ സിന്ധു, വട്ടിയൂർക്കാവ് 32ാം ബൂത്തിലെ സജിത, കഴക്കൂട്ടം 33ാം ബൂത്തിലെ അനിതാ കുമാരി എന്നിവരുടെ കാർഡുകളിൽ ഒരേ ഫോട്ടോയാണ്. നേമത്തെ തന്നെ 62ാം ബൂത്തിലെ ഷഫീഖ്, ബൂത്ത് 90 ലെ ഹരികുമാർ, 47 ലെ ശെൽവകുമാർ, തിരുവനന്തപുരം 110ാം ബൂത്തിലെ ഉത്തമൻ, വട്ടിയൂർക്കാവ് 89ാം ബൂത്തിലെ സുനിൽ രാജ് എന്നിവർക്കും വിലാസം പലതാണെങ്കിലും ഒരൊറ്റ ഫോട്ടോയാണ്. അതായത് വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന മഷി മായ്ച ശേഷം വേറൊരു ബൂത്തിലെത്തി വോട്ട് ചെയ്യാൻ ഇതിലൂടെ ഇവർക്ക് കഴിയും.

പട്ടികയിൽ പേരു ചേർക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്തകരാറോ പലവട്ടം വോട്ടു ചേർക്കുന്നതു കൊണ്ടോ ആകാം പിഴവെന്ന വാദം തള്ളുന്നതാണു ഒരോ ഫോട്ടോയും വിവിധ മേൽവിലാസവും ഉപയോഗിച്ചുള്ള പേരു ചേർക്കൽ.. പിടിക്കപ്പെടാതിരിക്കാൻ ഒരു പടം ഉപയോഗിച്ചു പല മണ്ഡലങ്ങളിലായി വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണു വ്യക്തമാകുന്നത്. 5 പേരിലെ യഥാർഥ വോട്ടർ ആരാണ്, അവർക്ക് ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടോ തുടങ്ങിയ വിവരങ്ങൾ വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. ഫോട്ടോ ഐഡി നിർബന്ധം ആയതിനാൽ വോട്ടർ പട്ടികയിൽ ഫോട്ടോ ഉള്ള ആളിനേ എല്ലാ വോട്ടും ചെയ്യാനാകൂ. അതുകൊണ്ട് തന്നെ ഇയാൾ അറിയാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടത്താനും ആകില്ല. ഈ വിഷയത്തിൽ ഹൈക്കോടതി അന്വേഷണവും നടപടിയും പ്രഖ്യാപിച്ചാൽ വ്യാജ വോട്ടർമാർ കുടുങ്ങും.

കള്ളവോട്ടുകൾ പിടിച്ചാൽ മാത്രമേ ഇടതുപക്ഷത്തെ തോൽപ്പിക്കാനാകൂ. ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഇത് അനിവാര്യമാണ്. ആറ്റിങ്ങൽ പിടിക്കാൻ അടൂർ പ്രകാശ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പുറത്തെടുത്ത തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും കള്ളവോട്ട് വില്ലനാകുമെന്ന് കോൺഗ്രസുകാർ തിരിച്ചറിഞ്ഞിരുന്നു. അതും പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത വിദഗ്ധനെ. ഇതാണ് കള്ളവോട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിച്ചതും കള്ളത്തരം ഓരോന്നായി പുറത്തു വന്നതിന് വഴിയൊരുക്കിയതും. തുടക്കത്തിൽ ഇടതുപക്ഷം കോൺഗ്രസിനെ ഇതിന്റെ പേരിൽ കളിയാക്കി. എന്നാൽ കമ്മീഷൻ തന്നെ എല്ലാം ശരിയാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ നടപടിയൊന്നും എടുത്തില്ല. ഇതോടെയാണ് ചെന്നിത്തല കോടതിയിലേക്ക് നീങ്ങിയത്.