കൊച്ചി: ബിലിവേഴ്സ് ചർച്ചിനെതിരെ ആദായ നികുതി വകുപ്പ് കണ്ടെത്തിയത് വലിയ തട്ടിപ്പിന്റെ വിവരങ്ങൾ. ആറായിരം കോടിയുടെ തിരിമറികളിലേക്കാണ് അന്വേഷണം. അഞ്ച് കൊല്ലത്തിനിടെ ആറായിരം കോടി രൂപ ബിലിവേഴ്സ് ചർച്ചിന് വിദേശ സഹായമായി കിട്ടി. ജീവകാരുണ്യ പ്രവർത്തനത്തിന് കിട്ടിയ ഈ സംഭാവന ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം പോലും നടത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. അമേരിക്കയിലും മറ്റും ഇതുസംബന്ധിച്ച നിയമ നടപടികൾ ബിലിവേഴ്സ് ചർച്ചിന് നേരിടേണ്ടി വന്നിട്ടുണ്ട്. സമാനമായ സാമ്പത്തിക തട്ടിപ്പാണ് കേരളത്തിലും ഉയരുന്നത്.

ബിലിവേഴ്‌സ് ചർച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കണക്കിൽ പെടാത്ത അഞ്ച് കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലിവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. കെപി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലിവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. 2012ൽ കെപി യോഹന്നാനെതിരേ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മംഗളം ടിവിയുടെ തിരുവനന്തപുരം ഓഫീസിൽ വരെ അന്വേഷണം നടത്തിയിരുന്നു.

പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്നെത്തിച്ച കാശു ധൂർത്തടിച്ചതിന്റെ പേരിൽ അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ നൂലാമാലകൾ ബിലീവേഴ്സ് ചർച്ചും മെത്രോപൊലീത്ത കെപി യോഹന്നാനും ഒഴിവാക്കിയിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചാണ് കേസ് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോർട്ട്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകിയാണ് കേസും മറ്റും ഒഴിവാക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഈ കേസിന് എന്ത് സംഭവിച്ചുവെന്ന പരിശോധനയും ആദായ നികുതി വകുപ്പ് നടത്തും.

ഇന്ത്യയുടെ ഗ്രാമങ്ങളിലെ മിഷനറി പ്രവർത്തനത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നും പണം സ്വരൂപിച്ചു സ്വന്തം കുടുംബാംഗങ്ങളുടെ പേരിൽ ആസ്തി വർധിപ്പിച്ചു എന്ന് കാണിച്ചു കെ.പി.യോഹന്നാനും ഗോസ്പൽ ഫോർ ഏഷ്യയ്ക്കും എതിരെയുള്ള പരാതിയാണ് അമേരിക്കയിൽ വലിയ ചർച്ചയായത്. അമേരിക്കൻ ഡോക്ടർ ദമ്പതികളായ മർഫി- ഗാർലാൻഡ് എന്നിവർ യോഹന്നാന് എതിരെ നൽകിയ വഞ്ചനാകുറ്റത്തിനും സാമ്പത്തിക തട്ടിപ്പ് കേസിലെ നിലവിലെ അവസ്ഥയും പരിശോധിക്കും. കാനഡയിലും സമാന പരാതി ബിലീവേഴ്സ് ചർച്ചിനെതിരെ ഉയർന്നിട്ടുണ്ട്.

2016ൽ 1,889 കോടി രൂപയാണ് ബിലീവേഴ്‌സ് ചർച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഫണ്ടെന്ന പേരിൽ ഇന്ത്യയിൽ സ്വീകരിച്ചത്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിച്ചിരുന്നു. വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമല്ലായിരുന്നു. അമേരിക്കയിലെ കണക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റിയെന്നും തെളിഞ്ഞു.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനം ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപണം.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ൽ കേവലം 900/ രൂപ മുടക്കുമുതലിൽ തിരുവല്ല സബ്രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി പ്രവർത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായ ധർമ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നത്.

മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നീ സാമുഹിക ഇടപെടലുകളാണ് ലക്ഷ്യമെന്നാണ് സംഘടന വിശദീകരിക്കുന്നത്. ഈ സംഘടനയ്ക്കെതിരെയാണ് ഇപ്പോൾ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നത്.