പാലക്കാട്: തന്നെ സ്ഥലം മാറ്റാൻ കാണിച്ച ഈ ശുഷ്‌ക്കാന്തി ഈ ശുഷ്‌കാന്തി അട്ടപ്പാടിയിലെ വികസനപ്രവർത്തനങ്ങളിൽ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ' - സിപിഎം നേതാക്കളുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ അട്ടപ്പാടിയിലെ ആശുപത്രി സൂപ്രണ്ട് സ്ഥാനത്തു നിന്നും പടിയിറക്കപ്പെട്ട ഡോ ആർ പ്രഭുദാസിന് പറയാനുള്ളത് ഇത്രമാത്രമാണ്. തന്റെ സഹപ്രവർത്തകരായ പലരും പിന്തുണ നൽകുമ്പോഴും അഴിമതിക്കാർക്കെതിരെ പ്രതികരിച്ചതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധം. സർക്കാർ തലത്തിലെ അഴിമതിയെ കുറിച്ച് അറിയിക്കണമെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വിസിൽ ബ്ലോവർ ആയപ്പോൾ കളി മാറുകയും ചെയ്തു. സിപിഎം നേതാക്കളുടെ അഴിമതിയെ കുറിച്ച് മിണ്ടരുത് എന്നാണ് തിട്ടൂരമെന്ന് ഡോ. പ്രഭുദാസ് അറിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് അട്ടപ്പാടിയിൽനിന്നു 100 കിലോമീറ്റർ അകലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റുന്ന ഉത്തരവ് ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസർ ഡോ.ആർ. പ്രഭുദാസിനു ലഭിച്ചത്. ഡോക്ടർ അതിരാവിലെ ചുരമിറങ്ങി, ഉച്ചയോടെ പുതിയ ചുമതലയേറ്റു. 2013ൽ അട്ടപ്പാടിയിൽ ശിശുമരണങ്ങളുണ്ടായപ്പോൾ പ്രഭുദാസിനെ തിരിച്ചെത്തിക്കാൻ ഇടതുപക്ഷം തന്നെയാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ, ശിശുമരണങ്ങൾ വീണ്ടും വാർത്തയായപ്പോൾ അട്ടപ്പാടിയിലെത്തിയ മന്ത്രി കെ. രാധാകൃഷ്ണനോടു പ്രാദേശിക ഭരണനേതൃത്വത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചതോടെയാണു പ്രഭുദാസ് പാർട്ടിയുടെ കണ്ണിലെ കരടായത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സന്ദർശനത്തിൽനിന്ന് ഒഴിവാക്കിയതിനോടു ഡോക്ടർ പരസ്യമായി പ്രതികരിച്ചിരുന്നു.

ഇതോടെ കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലുള്ളവരും സിപിഎം നേതാക്കളും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനോടു പ്രതികരിച്ച പ്രഭുദാസ്, ഫണ്ട് അനുവദിക്കാൻ മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചിലർ കൈക്കൂലി ആവശ്യപ്പെട്ടതായി പറഞ്ഞതു പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതോടെയാണു സ്ഥലംമാറ്റം. അട്ടപ്പാടിയുടെ ആരോഗ്യസ്ഥിതി ചർച്ച ചെയ്യാൻ ഡിസംബർ ഒന്നിന് ഓൺലൈൻ യോഗം ചേർന്നിരുന്നു. മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിയുമുണ്ടായിരുന്നു. യോഗത്തിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നു പറഞ്ഞാണു ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. തലേന്നു കൊല്ലത്തെ വീട്ടിലെത്തി, രാവിലെ അവിടെനിന്നു തിരുവനന്തപുരത്തേക്ക് ഇറങ്ങാൻ നേരത്താണ് ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ എത്തിയ വിവരം അറിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും ആരിൽനിന്നും മറുപടി ലഭിച്ചില്ലെന്നും ഡോ. പ്രഭുദാസ് പറയുന്നു.

അട്ടപ്പാടിയിൽ ശിശുരോഗം മാത്രമല്ല, ജനിതക രോഗങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് വ്യക്തമാകകുന്നത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചെലവഴിക്കുന്ന ഫണ്ടിന്റെ പകുതിയെങ്കിലും കോട്ടത്തറയിൽ ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഡോ. പ്രഭുദാസ് സിപിഎമ്മിന്റെ കണ്ണിലെ കരടാകുന്നത്. ആദിവാസികളുടെ പേരു പറഞ്ഞാണ് പെരിന്തൽമണ്ണ ആശുപത്രിയിൽ കോടികളുടെ ഫണ്ട് സർക്കർ നൽകിയിരുന്നത്. ഫണ്ട് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നവർ കമ്മിറ്റിയിലുണ്ട്. അതു നടക്കില്ലെന്ന് പറഞ്ഞതിന്റെ പ്രതികാര നടപടിയാണ് നേരിടേണ്ടി വന്നതെന്നാണ് ഡോ. പറയുന്നത്.

1995 ൽ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായാണു കൊല്ലം സ്വദേശി ആർ.പ്രഭുദാസ് അട്ടപ്പാടിയിൽ എത്തുന്നത്. താൽക്കാലിക നിയമനമായിരുന്നു. 1996 ൽ അട്ടപ്പാടിയിലുണ്ടായ കോളറ വ്യാപനം തടയാൻ രൂപീകരിച്ച സംഘത്തിന്റെ നേതൃനിരയിൽ പ്രഭുദാസ് ഉണ്ടായിരുന്നു. അട്ടപ്പാടിയിൽനിന്നുള്ള ആദ്യ ആദിവാസി വനിതാ ഡോക്ടർ ഡോ. കമലാക്ഷിയെ 1998 ൽ വിവാഹം ചെയ്തു. 2000 ൽ പുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പിഎസ്‌സി വഴി നിയമനം. 2006 ൽ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി. 2010 ൽ കൊരട്ടി കുഷ്ഠരോഗാശുപത്രിയിലേക്കു സ്ഥലംമാറ്റം.

2012 ൽ ഡപ്യൂട്ടി ഡിഎംഒ ആയി തിരികെ പാലക്കാട്ടേക്ക്. 2013 ൽ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ സംഭവിച്ചപ്പോൾ പ്രഭുദാസിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യമുയർന്നു. തുടർന്നു കോട്ടത്തറ ആശുപത്രിയുടെ സൂപ്രണ്ടായി നിയമനം. 2015 ൽ അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസറുടെ ചുമതല കൂടി നൽകി. 2013 നു ശേഷം അട്ടപ്പാടിയിലെ ശിശുമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കാൻ ആരോഗ്യ പ്രവർത്തകർക്കു സാധിച്ചിരുന്നു.