മംഗ്‌ളുറു: കർണാടകയിലെ മംഗ്‌ളൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ ഡ്യൂടി സമയം ലൈംഗിക അതിക്രമം നടന്നെന്ന് പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോ. രത്‌നാകറാണ് അറസ്റ്റിലായത്.

ജോലിക്കാരികളോട് വളരെ മോശമായി പെരുമാറുന്ന ഡോക്ടർ എതിർത്താൽ അടിക്കുകയും ഡ്യൂടിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് വനിതാ ജീവനക്കാർ പറയുന്നത് . ഇയാളുടെ പ്രവൃത്തികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൾ വ്യപകമായി പ്രചരിച്ചതോടെ ഈ മാസം എട്ടിന് സെർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

കാൽ തിരുമ്മിക്കുക, മാറിടത്തിൽ തല ചേർത്തുവെക്കുക, മടിയിലിരുത്തി കെട്ടിപ്പിടിക്കുക തുടങ്ങിയ ആഭാസങ്ങൾ ഇയാളിൽ നിന്നുണ്ടായെന്നും പൊറുതിമുട്ടിയെങ്കിലും ജീവനക്കാരികൾ പ്രത്യാഘാതങ്ങൾ ഭയന്ന് പരാതി നൽകാൻ സന്നദ്ധമായിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഡോക്ടറുടെ സസ്‌പെൻഷൻ അറിഞ്ഞ മംഗ്‌ളുറു വനിത പൊലീസ് സബ് ഇൻസ്‌പെക്ടർ അയാളുടെ പീഡനം അനുഭവിച്ചതായി പറയുന്ന ജീവനക്കാരികളോട് പരാതി നൽകാൻ നിർദേശിച്ചു.

സാമൂഹിക പ്രവർത്തക നൽകിയ പരാതിയെത്തുടർന്നാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം സംബന്ധിച്ച് പരാതി നൽകിയാൽ തൊഴിൽ സുരക്ഷക്ക് ഭീഷണിയാവുമെന്നാണ് ഇരകൾ പറയുന്നതെന്ന് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു. മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നൽകാൻ അവർ സന്നദ്ധരാണെന്ന് ഇരകളും സമ്മതിച്ചിട്ടുണ്ട്.

കുന്താപുരം, മടിക്കേരി, പെരിയപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ ജീവനക്കാരികളുമൊത്ത് ഡോക്ടർ മാറിമാറി യാത്രകൾ നടത്തിയെന്നും പൊലീസ് അന്വേഷണത്തിൽ അറിവായിട്ടുണ്ടെന്നാണ് വിവരം. ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് നേരത്തെ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ വനിത കമീഷൻ സംഭവം അന്വേഷിച്ച് റിപോർട് നൽകാൻ നിർദ്ദേശം നൽകിയിരുന്നതായി കമീഷനർ അറിയിച്ചു.

എന്നാൽ ഡോക്ടർ സ്ഥലം മാറാതെ അയാൾക്ക് എതിരെ മൊഴി നൽകാനാവില്ലെന്നാണ് ഇരകൾ പറഞ്ഞതെന്നും ലഭ്യമായ വിവരങ്ങളും സാഹചര്യങ്ങളും ഉൾപെടുത്തി റിപോർട് നൽകാനേ കഴിഞ്ഞുള്ളൂവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവം ഡോ. രത്‌നാകറിന്റെ അറസ്റ്റിൽ കലാശിച്ച ശേഷം ജീവനക്കാരികളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് ജില്ല ആരോഗ്യ ഓഫീസർ ഡോ. എം കിഷോർ കുമാർ സിറ്റി പൊലീസ് കമീഷനറെ സമീപിച്ചു.