തൃശൂർ: വനിതാ ദന്തഡോക്ടറെ ക്ലിനിക്കിൽ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ മരണ കാരണം കണ്ടെത്താൻ വിശദ അന്വേഷണത്തിന് പൊലീസ്. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്.ജോസിന്റെയും ഷെർലിയുടെയും മകൾ ഡോ സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരളം ഏറെ ചർച്ച ചെയ്ത ഞെട്ടിക്കുന്ന കൊലപാതകമായിരുന്നു ഡോ സോന വധക്കേസ്.

രണ്ട് ദിവസമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൊലപാതകക്കേസിൽ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഒളിവിൽപോയ ഇയാൾ ഈ മാസം 20നാണ് ചോറ്റാനിക്കരയിൽ മുറിയെടുത്തത്. വീണ്ടും ജയിലിലാകുമെന്ന ഭയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ചോറ്റാനിക്കര പൊലീസ് മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഡോ.സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. 2020 സെപ്റ്റംബർ 29നാണു സോനയ്ക്കു കുത്തേറ്റത്. ഒക്ടോബർ 4നാണു മരിച്ചത്. മഹേഷുമായി സാമ്പത്തിക തർക്കം ഉണ്ടായതിനെ തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സോന പരാതി നൽകിയിരുന്നു. തുടർന്നു മഹേഷ് സോനയുമായുണ്ടായ വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നു.

സോനയുമായി മഹേഷിന് വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. സോന തൃശൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്താണ് മഹേഷുമായി പരിചയത്തിലാകുന്നത്. ഒപ്പം പഠിക്കുന്ന കൂട്ടുകാരിയുടെ ബന്ധുവായിരുന്നു മഹേഷ്. ഒഴിവു സമയങ്ങളിൽ കൂട്ടുകാരിയുടെ വീട്ടിൽ പോകുമ്പോൾ കണ്ടു മുട്ടുന്ന ഇരുവരും വൈകാതെ പ്രണയത്തിലാകുകയായിരുന്നു. ഇന്റീരിയർ ജോലിക്കാരാനായ മഹേഷുമായുള്ള വിവാഹം നടക്കില്ല എന്നറിഞ്ഞതോടെ വീട്ടുകാരുടെ നിർബന്ധ പ്രകാരം അങ്കമാലി സ്വദേശിയുമായി വിവാഹം കഴിക്കുകയായിരുന്നു. ഇഷ്ടമല്ലാത്ത വിവാഹം ആയിരുന്നതിനാൽ എപ്പോഴും കുടുംബ പ്രശ്‌നങ്ങളായിരുന്നു. ഇതിനിടയിലും മഹേഷുമായുള്ള ബന്ധം സോന നിലനിർത്തിയിരുന്നു. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും വിവാഹ മോചനം നേടുകയും വിദേശത്തേക്ക് ജോലിക്കായി പോകുകയും ചെയ്തു.

സ്ഥിരമായി ഇരുവരും തമ്മിൽ ബന്ധപ്പെടുകയും പ്രണയം ദൃഢമാകുകയും ചെയ്തു. അങ്ങനെയാണ് സോനയും വിദേശത്ത് നിന്നും തിരികെ നാട്ടിലേക്ക് വരുത്തുകയും തൃശൂരിൽ ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ മഹേഷ് ആവശ്യപ്പെടുകയും ചെയ്തത്. അങ്ങനെ കെട്ടിട നിർമ്മാണ കരാറുകാരനായ ഇയാളുമായിച്ചേർന്ന് കുട്ടനെല്ലൂരിൽ ദന്താശുപത്രി ആരംഭിക്കുകയും ചെയ്തു. ഡെന്റൽ ക്ലിനിക്ക് തുടങ്ങിയതോടെ സോന താമസം കുരിയച്ചിറയിലെ ഫ്‌ളാറ്റിലേക്ക് മാറ്റുകയായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് താമസിച്ചിരുന്നത്. എന്നാൽ ഇവർ നിയമ പ്രകാരം വിവാഹം കഴിച്ചിട്ടില്ലായിരുന്നു. മഹേഷുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു എന്ന് വീട്ടുകാരോട് സോന പറഞ്ഞിരുന്നില്ല.

ക്ലിനിക്ക് തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തു തന്നിരുന്ന ആളാണ് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ആശുപത്രിയുടെ നടത്തിപ്പ് ഇരുവരുടെയും പേരിലായിരുന്നു. ഇതിനിടെ സാമ്പത്തിക ഇടപാടുകളുമായി സംബന്ധിച്ച് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായി. ആശുപത്രിയിൽ നിന്നുള്ള ലാഭം വിനിയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി. ഇതിനിടെ ഭീഷണി, ബ്ലാക്ക് മെയിലിങ് എന്നിവയിലൂടെ മഹേഷ് പണംതട്ടാൻ ശ്രമിക്കുന്നെന്നുകാട്ടി കഴിഞ്ഞ തൃശൂർ സിറ്റി പൊലീസിൽ സോന പരാതി നൽകി. തുടർനടപടികൾക്കായി ഒല്ലൂർ സിഐ. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥലത്തില്ലെന്നുപറഞ്ഞ് മഹേഷ് ഒഴിഞ്ഞുമാറി. സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് വിളിച്ച് പ്രശ്‌നം സംസാരിച്ചു തീർക്കാമെങ്കിൽ മഹേഷുമായി വരാമെന്ന് അറിയിച്ചു. അങ്ങനെയെങ്കിൽ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും കേസ് പിൻവലിക്കാമെന്നും സോനയുടെ ബന്ധുക്കൾ പറഞ്ഞതോടെ നേതാവ് മഹേഷുമായി ക്ലിനിക്കിലെത്തി.

ഇന്റീരിയർ പണിതു നൽകിയ ഇനത്തിൽ 20 ലക്ഷം രൂപ കിട്ടാനുണ്ടെന്നും അതു ലഭിച്ചാൽ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു മഹേഷിന്റെ നിലപാട്. അഞ്ചു ലക്ഷം രൂപ പോലും മുടക്കാതെ ചെയ്ത ജോലിക്ക് ഇതുവരെ നൽകിയ പണത്തിന്റെ കണക്ക് സോന കാണിച്ചതോടെ മഹേഷിന്റെ ഒപ്പമെത്തിയവരും നിലപാടിൽനിന്ന് പിൻവാങ്ങി. തട്ടിയെടുത്ത പതിമൂന്നര ലക്ഷം രൂപ തിരികെ തരണമെന്നും പെൺകുട്ടിയെ വെറുതെ വിടണമെന്നുമായിരുന്നു ബന്ധുക്കൾ മുന്നോട്ടുവച്ച ആവശ്യം. സ്ഥാപനം വിറ്റ് നാട്ടിലേക്കു പോകുകയാണെന്നായിരുന്നു സോനയുടെ നിലപാട്. എന്നാൽ സ്ഥാപനം താൻ നടത്തിക്കൊള്ളാമെന്ന് മഹേഷ് പറഞ്ഞു. ലൈസൻസ് ഉൾപ്പടെയുള്ളവ സോനയുടെ പേരിലായതിനാൽ അതു പറ്റില്ലെന്നു സോന പറഞ്ഞത് അയാളെ പ്രകോപിപ്പിച്ചു.

തർക്കമായതോടെ, പൊലീസ് കേസുമായി മുന്നോട്ടു പോകാമെന്നു ബന്ധുക്കൾ പറഞ്ഞു. ഇത് മധ്യസ്ഥരും സമ്മതിച്ചതോടെ, മഹേഷ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സോനയെ പിന്നിൽനിന്നു വട്ടം പിടിച്ച് വയറിൽ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴേക്കും രണ്ടാമതും കുത്തി. അതു മരണവുമായി. പിന്നീട് മഹേഷിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.