കൊച്ചി: പിണറായി സർക്കാരിനെ കടന്നാക്രമിച്ച് കെപിസിസി ഉപാധ്യക്ഷൻ ശൂരനാട് രാജശേഖരൻ. പത്ത് കാര്യങ്ങൾ എണ്ണി പറഞ്ഞാണ് വിമർശനം. നാലര വർഷം കൊണ്ട് പുകൾപെറ്റ പെരുമയുടെ മലയാള മണ്ണിനെ പിണറായി വിജയൻ നശിപ്പിച്ചത് എങ്ങനെ എന്നതിനെ കുറിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് എത്ര പ്രബന്ധം വേണമെങ്കിലും അവതരിപ്പിക്കാൻ കഴിയുമെന്ന് ശൂരനാട് വിശദീകരിക്കുന്നു

ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

രാജ്യ ദ്രോഹ കുറ്റങ്ങളും വൻ അഴിമതികളും നടത്തിയ പിണറായി സർക്കാരിനെതിരെ യു.ഡി.എഫ് കേരള പിറവി ദിനം വഞ്ചനാദിനമായി ആചരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ അഴിമതിയുടെയും അധോലോകത്തിന്റെയും നാടാക്കി മാറ്റിയ പിണറായിയോട് മൂന്നര കോടി മലയാളികൾ ഒരുമിച്ച് ഉറക്കെ ആവശ്യപ്പെടുന്നു ' പിണറായി വിജയൻ രാജി വയ്ക്കുക ' .നാലര വർഷം കൊണ്ട് പുകൾപെറ്റ പെരുമയുടെ മലയാള മണ്ണിനെ പിണറായി വിജയൻ നശിപ്പിച്ചത് എങ്ങനെ എന്നതിനെ കുറിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് എത്ര പ്രബന്ധം വേണമെങ്കിലും അവതരിപ്പിക്കാൻ കഴിയും

1) അഭിമാനപൂർവ്വമായ ഒരു ആരോഗ്യ മോഡൽ നമ്മുടെ നാടിനുണ്ടായിരുന്നു. അതിനെ നശിപ്പിച്ച് പി.ആർ ഏജൻസികൾ വഴി തട്ടിക്കൂട്ട് അവാർഡ് സംഘടിപ്പിക്കുന്ന, പുഴുവരിക്കുന്ന അനാരോഗ്യ വകുപ്പാക്കി മാറ്റി
2 ) പുണ്യഭൂമിയായ ശബരിമലയിൽ ഇരുട്ടിന്റെ മറപറ്റി പിണറായി നടത്തിയ ഇടപെടലുകൾ വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തി. പിണറായിയുടെ ദൈവ വിശ്വാസമില്ലായ്മ വിശ്വാസികളായ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചു
3) പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്ക് കുത്തിയാക്കി മാറ്റി 3 ലക്ഷത്തിലധികം അനധികൃത പിൻവാതിൽ നീയമനങ്ങൾ നടത്തി കേരളത്തിലെ യുവജനങ്ങളെ പിണറായി വഞ്ചിച്ചു
4) വാളയാറിലെ അമ്മ നീതിക്കായി സമരം ചെയ്യുന്നു, കോവിഡ് രോഗി ആംബുലൻസിൽ പീഡിപ്പിക്കപ്പെടുന്നു, കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്ന സ്ത്രീയെ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നു, കുട്ടി സഖാക്കൾ മുതൽ പല പ്രമുഖരും വിവിധ പീഡനക്കേസ് പ്രതികൾ. സ്ത്രീകൾ സുരക്ഷിതരല്ലാതാക്കി, അമ്മ പെങ്ങൾമാരെ ,കുട്ടികളെ ഉൾപ്പെടെ സർക്കാർ വഞ്ചിച്ചു
5) മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യാന്തര കള്ളകടത്ത് സംഘത്തിന്റെ മുഖ്യ സഹായി മാറിയതിനെ തുടർന്ന് പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കർ അറസ്റ്റിൽ, അറസ്റ്റിനായി ഊഴം കാത്ത് പ്രമുഖർ, അങ്ങനെ വോട്ട് ചെയ്ത ജനങ്ങളെ മറന്ന് കൊള്ളസംഘത്തിനു വേണ്ടി ജനങ്ങളെ പിണറായി വഞ്ചിച്ചു
6) പെരിയയിൽ കൃപേഷ്, ശരത് ലാൽ, കണ്ണൂരിൽ ഷുഹൈബ് ഇങ്ങനെ നാട്ടുകാരുടെയും വീട്ടുകാരുടെയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും കണ്ണിലുണ്ണികളായ ചെറുപ്പക്കാരെ വെട്ടിക്കൊന്ന സിപിഎം പ്രതികളെ രക്ഷിക്കാൻ ജനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്ന് പണം നൽകി ഡൽഹിയിൽ നിന്ന് വക്കീലന്മാരെ കൊണ്ട് വരുന്ന നെറികെട്ടകളി നടത്തി നികുതി ദായകരായ ജനങ്ങളെ പിണറായി വഞ്ചിച്ചു
7) ലൈഫ് പദ്ധതിയെ കോഴ പദ്ധതിയാക്കി സ്വപ്നക്കും ശിവശങ്കരനും പണം ഉണ്ടാക്കാനായുള്ള പദ്ധതിയാക്കി മാറ്റി വീടില്ലാത്ത പാവപ്പെട്ട ജനങ്ങളെ പിണറായി വഞ്ചിച്ചു.20 കോടി പദ്ധതിയിൽ 9.5 കോടിയും കോഴ; കാറ്റടിച്ചാൽ കെട്ടിപ്പൊക്കുന്ന ഫ്‌ളാറ്റുകൾ നിലം പതിക്കുന്ന അവസ്ഥ. പാവപ്പെട്ടവരുടെ ദയനീയ അവസ്ഥ മുതലെടുത്തുകൊണ്ട് നടത്തിയ പിണറായി കൊള്ള
8 ) സിനിമകളിൽ പോലും അപൂർവ്വമായി കാണുന്ന ഹൈടെക്ക് അഴിമതികൾ നടത്തി നാടിന്റെ സമ്പത്ത് വ്യവസ്ഥ തകർത്ത് ,ജനിക്കാൻ പോകുന്ന ഓരോ കുട്ടിപോലും 90000 രൂപ കട ത്തിൽ ജനിച്ചു വീഴേണ്ട അവസ്ഥ ( ആളോഹരി കടം ) ഉണ്ടാക്കി നാടിനെ വഞ്ചിച്ച പിണറായി വിജയൻ
9) മലയാളികളുടെ ആരോഗ്യ ഡേറ്റകൾ വിദേശ കമ്പനിക്ക് മറിച്ചു കൊടുത്ത ആദ്യ ഭരണാധികാരിയായി പിണറായി വിജയൻ.. മണൽ ,ബസ്, ആപ്പ് , ഫോൺ, കറന്റ് തുടങ്ങി കൈവച്ച മേഖലകളിൽ എല്ലാം ശാസ്ത്രീയ അഴിമതികൾ നടത്തി നാടിനെ പിണറായി വിജയൻ വഞ്ചിച്ചു
10 )അറസ്റ്റ് തന്റെ നേർക്ക് വരും എന്നറിഞ്ഞ് സിബിഐ യെ തടയാൻ നീയമം ഉണ്ടാക്കുന്ന തിരക്കിൽ ആണ് കേരള പിറവി ദിനത്തിൽ മുഖ്യൻ.ഏതന്വേഷണവും നടത്താൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പിണറായി ഇന്ന് സിബിഐ വേണ്ട എന്ന് വിലപിക്കുമ്പോൾ മലയാളികൾ ഉറക്കെ പറയുന്നു ' മിസ്റ്റർ മുഖ്യമന്ത്രി താങ്കൾ കുറ്റക്കാരനാണ്, അഴിമതിക്കാരനാണ്, ഈ നാടിനെ വഞ്ചിച്ച താങ്കൾ രാജി വയ്ക്കണം, കടക്ക് പുറത്ത് '