കാസർകോട്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ നടക്കുന്നത് ശക്തമായ നടപടി. ജില്ലയിലെ ഒരു സബ് ഡിവിഷൻ കേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡുകൾ തയ്യാറാക്കിയും സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഐ പി കളുടെ നേതൃത്വത്തിലും ആണ് പരിശോധന വ്യാപകമായിരിക്കുന്നത് .

കാസർഗോഡ് ജില്ലയിലെ ബേക്കൽ സബ് ഡിവിഷന് കീഴിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീണ്ടും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പൊലീസ് പിടികൂടി. കളനാട് കീഴൂർ സ്വദേശിയായ യുവാവിനെ ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാർ മേല്പറമ്പ സി ഐ ടി ഉത്തംദാസ് , എസ് ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി മേല്പറമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേളിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി യുവാവ് പിടിയിലായത്. നേരത്തെ കീഴൂർ ചെമ്പരിക്കയിലെ റിസോർട്ട് റോഡിലുള്ള അബ്ദുള്ള മൻസിലിൽ താമസിച്ചു വന്നിരുന്നതും നിലവിൽ അരമങ്ങാനം ഗവ: സ്‌ക്കൂളിന് സമീപം വാടക താമസക്കാരനുമായ എം എ ഷാഫിയുടെ മകന് മുഹമ്മദ് ബഷീർ, 34 വയസ് എന്നയാളാണ് പിടിയിലായത്.

ഇയാളിൽ നിന്ന് 19.75 ഗ്രാം മാരക മയക്കുമരുന്നയാ എം ഡി എം എ (ങഉങഅ) കെ എൽ 14 ഡബ്ലിയു 3889 ബുള്ളറ്റ് മോട്ടോർ സൈക്കിളും എടിഎം എം കാർഡുകളും പിടികൂടി. കഴിഞ്ഞയാഴ്ച ബേക്കൽ ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാൻ 30 വയസ് എന്നയാളെയും ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ് എ എം 45 വയസ് എന്നയാളെയും മേല്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു അവരിപ്പോൾ ജയിലിലാണ്.

കാസർകോട് ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേന ഐപിഎസിന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് വേട്ടയിൽ ഡി വൈ എസ് പി സികെ സുനിൽ കുമാറിനൊപ്പം മേല്പറമ്പ സിഐ ഉത്തംദാസ് ടി, മേല്പറമ്പ എസ് ഐ വിജയൻ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ് അജീഷ് സന്തോഷ് മേല്പറമ്പ സ്റ്റേഷനിലെ പൊലീസുകാരായ ജോസ് വിൻസന്റ് രജീഷ് പ്രശോഭ് വനിതാ പൊലീസ് ഷീല എന്നിവർ പങ്കെടുത്തു

കാസർകോട് ജില്ല പൊലീസ് മേധാവിയുടെ നേതൃത്ത്വത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വൻ മയക്കുമരുന്ന് വേട്ടയിൽ മയക്കുമരുന്ന് ഒരു ലോബി അമ്പരന്നു നിൽക്കുകയാണ്. മയക്കുമരുന്ന് കടത്തുകാരെയും ഉപയോഗിക്കുന്നവരും പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശമാണ് പൊലീസിന് മയക്കുമരുന്ന് വേട്ടക്ക് കരുത്തു നൽകുന്നത്.

മയക്കുമരുന്ന് സംഘത്തിലെ മറ്റു ആളുകളെ ഡാറ്റാബേസ് തയ്യാറാക്കി ആണ് നിലവിൽ അന്വേഷണം നടത്തി വരുന്നത്. ഇതിനായി മാത്രം സ്‌പെഷ്യൽ ആക്ഷൻ ഫോർസ് രൂപീകരിച്ചതായും കാസർകൊട് ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേന അറിയിച്ചിരുന്നു. 'മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കൾ പൊലീസിനെ അറിയിക്കാൻ മടിക്കരുതന്നും പൊലീസിനൊപ്പം ചേർന് നിന്ന് ഈ വിപത്തിനെ ഒന്നായി നേരിടാമെന്ന്' ഡി വൈ എസ് പി സികെ സുനിൽ കുമാർ അറിയിച്ചു .

'നാളെ ശരിയാകും എന്ന് കരുതി കാത്തിരിക്കാതെ ഇന്ന് തന്നെ ശരിയാക്കാൻ മുന്നിട്ടിറങ്ങിയാൽ വരുംതലമുറയെ വലിയ ആപത്തിൽ സംരക്ഷിക്കാമെന് ' മേൽപ്പറമ്പ് ഐ പി ഉത്തംദാസ് പറഞ്ഞു.