മലപ്പുറം: എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. പ്രണയവും വിവാഹാഭ്യർത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ഇതാണ് ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീർന്നിട്ടില്ല-വിനീഷ് ഇങ്ങനെയാണ് പൊലീസിനോട് കുറ്റ സമ്മതം നടത്തിയത്. നിയമ വിദ്യാർത്ഥിനി ദൃശ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏലംകുളം. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ദൃശ്യ റൂമിൽ ഉറങ്ങുക ആയിരുന്നു.

പെരിന്തൽമണ്ണ ഏലംകുളത്ത് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ദാരുണകൊല നടന്നത്. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാൾ വീട്ടിൽ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേൽപ്പിച്ചു. കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെ കാലത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടിൽ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി അച്ഛന്റെ പെരിന്തൽമണ്ണയിലെ കടയ്ക്ക് തീവച്ചു. പേപ്പറുകൾ കൂട്ടി തീ ഇടുകയായിരുന്നു. 40 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാക്കിയത്. കട കത്തിച്ച ശേഷം പെരിന്തൽമണ്ണയിൽ നിന്ന് രാത്രി യാത്ര തുടങ്ങി. അതും കാൽനടയായി ഒറ്റയ്ക്ക്. പുലർച്ചെയോടെ ദൃശ്യയുടെ വീട്ടിന് അടുത്തെത്തി. പകയുമായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ കട കത്തിയതിന്റെ വേദനയിൽ രാവിലെ തന്നെ അച്ഛൻ പുറത്തേക്ക് പോയി.

വീട്ടുകാർ വാതിൽ തുറന്ന തക്കം നോക്കി. അകത്തു കടന്നു. അതിന് ശേഷം കത്തിയും വീട്ടിനുള്ളിൽ നിന്ന് കൈക്കലാക്കി. അതിന് ശേഷം കുറച്ചു സമയം വീട്ടിനുള്ളിൽ പാത്തിരുന്നു. പതിയെ ദൃശ്യയുടെ മുറിയിൽ എത്തി. ഉറങ്ങി കിടന്ന കുട്ടിയെ മതിവരുവോളം കുത്തി. 21 തവണ കുത്തിയതിന് പിന്നിൽ മനസ്സിലെ പകയായിരുന്നു. അതിന് ശേഷം ദൃശ്യയുടെ അമ്മയേയും അനുജത്തിയേയും കൊന്ന് വീടിന് തീ ഇടകുയായിരുന്നു ലക്ഷ്യം. എന്നാൽ അനുജത്തി ശബ്ദമുണ്ടാക്കിയതോടെ നാട്ടുകാർ ഓടിയെത്തി. വനീഷ് ഓടി മറയുകയും ചെയ്തു.

പ്ലസ് ടു മുതൽ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആണ് പഠിച്ചത്. ദൃശ്യ ഇപ്പോൾ ഒറ്റപ്പാലത്ത് എൽഎൽബിക്ക് പഠിക്കുകയായിരുന്നു. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിൽ ദൃശ്യയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. അച്ഛനും അമ്മയും വേർപിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റെത്. രണ്ട് സഹോദരന്മാർ കൂടി ഉണ്ട്.

ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിൽ ബി.ബി.എ.-എൽ.എൽ.ബി. മൂന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ദൃശ്യ. പഠനത്തിൽ നല്ല നിലവാരം പുലർത്തിയ കുട്ടി. അവധിപോലും പരിമിതമായാണ് എടുക്കാറുള്ളത്. പ്ലസ് ടു പഠനത്തിനുശേഷം 2019-ലാണ് ദൃശ്യ അഞ്ചുവർഷത്തെ കോഴ്‌സിനായി ലക്കിടിയിലെ കോളേജിലെത്തിയത്. ആദ്യവർഷം മാത്രാണ് നേരിട്ടുള്ള ക്ലാസിലുണ്ടായിരുന്നത്. പിന്നീട് രണ്ടുവർഷവും ഓൺലൈനായായിരുന്നു ക്ലാസ്.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടിൽ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി. കഴിഞ്ഞദിവസം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകൾ ദൃശ്യ വീട്ടിൽ കൊല്ലപ്പെട്ടെന്ന വാർത്തയും നാട്ടുകാരറിഞ്ഞത്. കൊലപാതകത്തിന് പുറമേ സി.കെ. ടോയ്സിന് തീയിട്ട സംഭവത്തിന് പിന്നിലും വിനീഷ് വിനോദായിരുന്നു.

പെരിന്തൽമണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനോദിന്റെ വീട്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നതായാണ് വിവരം. ഇയാൾ ദൃശ്യയോട് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. യുവാവിന്റെ ശല്യംചെയ്യൽ തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരേ പരാതിയും നൽകിയിരുന്നു. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച് നശിപ്പിക്കുന്നതിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.

കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണ ഊട്ടി റോഡിലുള്ള സി.കെ. ടോയ്സിൽ തീപ്പിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗൺ ഉൾപ്പെടെ പത്ത് കടമുറികളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ബാഗുകൾ, ലെതർ ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കത്തിനശിച്ചത്. പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് ഒരുമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്.

രാത്രി പത്തരയോടെ തീയണച്ചെങ്കിലും തീപ്പിടിക്കാൻ കാരണമെന്തായിരുന്നു എന്ന് വ്യക്തമായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് വിനോദ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം യുവതിയുടെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയിൽനിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാൻ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ കൊലപ്പെടുത്തുന്നതിനിടെ ബാലചന്ദ്രന്റെ സ്ഥാപനത്തിന് തീയിട്ടത് താനാണെന്ന് പ്രതി വിളിച്ചുപറഞ്ഞു.

രാത്രി സ്ഥാപനത്തിന് തീയിട്ട ശേഷം ഇയാൾ ദൃശ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നതായാണ് കരുതുന്നത്. രാത്രിമുഴുവൻ ഇവിടെ പതിയിരുന്ന ശേഷം രാവിലെ എട്ടുമണിയോടെ വീട്ടിൽ അതിക്രമിച്ചുകയറി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.