ബംഗലൂരു: ദിവസങ്ങളുടെ വ്യത്യാസത്തിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലാവുന്നത് മൂന്ന് ചലച്ചിത്ര നടിമാർ. ഇതുവരെ കേട്ടുകേൾവിയില്ലാത്ത അപൂർവതയിൽ ഞെട്ടിയിരിക്കയാണ് ഇന്ത്യൻ സിനിമാലോകം. ബിനീഷ് കോടിയേരി വരെ ആരോപിതരായ ബംഗലൂരു മയക്കുമരുന്നു കേസിൽ തെന്നിന്തൻ നടി രാഗിണ ദ്വിവേദി അറസ്റ്റിലായ വാർത്തയാണ് മൂന്ന് ദിവസം മുമ്പ് കേട്ടത്. ഈ കേസിൽ രാഗിണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് കന്നഡ സിനിമാ നടി സഞ്ജന ഗൽറാണിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് അൽപ്പം കഴിഞ്ഞാണ് നടൻ സുശാന്ത്സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ മയക്കുമരുന്നു കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി അകത്താവുന്നത്.

ഇന്ത്യൻ സിനിമയെ ഡ്രഗ് മാഫിയ വിഴുങ്ങുന്നുവെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ്, ഈ ദിവസങ്ങളിലെ അറസ്റ്റ് തെളിയിക്കുന്നത്. പക്ഷേ അതേസമയം ഈ അന്വേഷണം എന്തുകൊണ്ട് പുരുഷ താരങ്ങളിലേക്ക് നീങ്ങുന്നില്ലെന്നും പലരും സംശയം പ്രകടിപ്പിക്കുന്നു. ഹിന്ദി സിനിമയിൽ കൊക്കെയിൽ പാർട്ടികൾ വ്യാപകമാണെങ്കിലും എന്തുകൊണ്ട് ഒറ്റ പുരുഷ താരത്തിലേക്കും അന്വേഷണം നീളുന്നില്ല എന്ന് നടി കങ്കണ  റണൗത്ത് രംഗത്ത് എത്തിയിരുന്നു.

സഞ്ജന ഗൽറാണി കന്നഡയിലെ മാദകത്തിടമ്പ്

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ആറസ്റ്റ് നടി സഞ്ജന ഗൽറാണി കന്നഡയിലെ മാദകത്തിടമ്പ് എന്നപേരിലാണ് അറിയപ്പെടുന്നത്. ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് രാവിലെ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരുന്നത്പക്ഷെ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടർന്നായിരുന്നു റെയ്ഡ്. വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ രാഹുൽ ഷെട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്.



കന്നഡയിൽ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുൻനിര നടിയാണ് സഞ്ജന ഗൽറാണി. കസനോവ, ദ കിങ് ആൻഡ് കമ്മീഷണർ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ. നടി നിക്കി ഗൽറാണിയുടെ സഹോദരികൂടിയാണ്.ഇന്ദിരാ നഗറിലെ നടിയുടെ വീട്ടിൽ രാവിലെ പരിശോധന നടത്തിയതിന് പിന്നാലെയാണ് സിസിബി നടിയെ കസ്റ്റഡിയിലെടുത്തത്.ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. നേരത്തെ പിടിയിലായ മൂന്നാംപ്രതി വിരേൻ ഖന്നയുടെ വീട്ടിലും പൊലീസ് ഇന്ന് റെയ്ഡ് നടത്തി.2006 ൽ ഒരു കഥ സെയ്വാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സഞ്ജന ഗൽറാണി സിനിമ രംഗത്ത് എത്തിയത്2006 ൽ തന്നെ ഹണ്ട ഹെണ്ടതി എന്ന ചിത്രം ഏറെ വിവാദം ഉണ്ടാക്കി. ഹിന്ദി ചിത്രം മർഡറിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ഇതിലെ ഗ്ലാമർ രംഗങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചതാണ്.

തെന്നിന്ത്യയിലെ വിവിധ ഭാഷയിലെ ചിത്രങ്ങളിൽ ഗസ്റ്റ് ഡാൻസറായി ഗാന രംഗങ്ങളിൽ പ്രത്യേക്ഷപ്പെടാറുണ്ട് സഞ്ജന. ഇന്ത്യയിലും വിദേശത്തുമുള്ള താരനിശകളിലും മറ്റും പങ്കെടുത്തിട്ടുണ്ട്സോഷ്യൽ മീഡിയയിൽ സജീവമായ സഞ്ജന, നിരോധിക്കും വരെ ടിക്ടോക്കിലെ പ്രമുഖ സെലബ്രൈറ്റികളിൽ ഒരാളായിരുന്നു. ഇൻസ്റ്റഗ്രാമിലും ഇവർക്ക് ഏറെ ആരാധകരുണ്ട്. നടി രാഗിണി ദ്വിവേദിയുമായുള്ള അടുപ്പമാണ് സഞ്ജനക്ക് വിനയായതെന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്.

രാഗിണിയുടേത് നിശാപാർട്ടികളിൽ വഴിതെറ്റിയ ജീവിതം

മോഹൻലാലിന്റെ 'കാണ്ഡഹാറിലും', മമ്മൂട്ടിയുടെ 'ഫേസ് ടു ഫേസിലും' അടക്കം 25ലേറെ ചിത്രങ്ങങ്ങളിൽ വേഷമിട്ട രാഗിണി ദ്വിവേദിയെ ബംഗലൂരു മയക്കുമരുന്നു കേസൽ കടുക്കിയത് നിശാപാർട്ടികളും വഴിവിട്ട സൗഹൃദങ്ങളും തന്നെയാണെന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്. ഇയിടെയായി സിനിമകളും മോഡലിങ്ങും കുറഞ്ഞതോടെ അവർ മയക്കുമരുന്ന് സിനിമാക്കാർക്ക് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം.

പൊതുവെ എല്ലാവരുമായി നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന, അറിയപ്പെടുന്ന മോഡലും ആങ്കറും കൂടിയായ രാഗിണിയെന്ന മുപ്പതുകാരിയെ നിശാ പാർട്ടികളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ബോയ് ഫ്രണ്ടാണത്രേ. അവിടെവെച്ചുണ്ടായ ബന്ധങ്ങളാണ് ഡ്രഗ് ഡീലിലേക്ക് അടക്കം മാറുകയായിരുന്നു. സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചരുന്നതിന്റെ കണ്ണിയായും രാഗിണി പ്രവർത്തിച്ചുവെന്ന നാർക്കോട്ട്ക്ക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തലുകൾ ഞെട്ടലാണ് കന്നഡ സിനിമാലോകത്തും ഉണ്ടാക്കിയത്. കഴിഞ്ഞ മൂന്നാലുവർഷമായി സിനിമയും മോഡലിങ്ങും ഇവർക്ക് കുറവാണ്. അങ്ങനെ വന്നപ്പോൾ കാമുകനുമായി ചേർന്ന് ഉണ്ടാക്കിയ ബിസിനസ് ആണിതെന്നു ചില കന്നഡ പത്രങ്ങൾ പറയുന്നുണ്ട്. ഇതോടെ രാഗിണിയുമായി ബന്ധമുള്ള നടീ നടന്മാരും സംവിധായകരും ഒരുപോലെ ഭീതിയിലാണ്. നാളെ ആരെ ചോദ്യം ചെയ്യും എന്ന ഭീതിയാണ് എവിടെയും എന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്.

നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ഓഗസ്റ്റ് 21നാണ് കന്നഡ ചലച്ചിത്രമേഖലയിലെ കലാകാരന്മാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് സംശയിക്കുന്ന സംഘത്തെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു സംസ്ഥാനത്തെ സെലിബ്രിറ്റികളുടെയും മോഡലുകളുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഡയറി കണ്ടെടുത്തിരുന്നു. തുടർന്ന് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് നടന്മാർക്കെതിരേ രംഗത്തെത്തിയിരുന്നു. വെടിയേറ്റുമരിച്ച ആക്റ്റീവിസ്റ്റ് ഗൗരിലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത് ലങ്കേഷിൽ നിന്നു പൊലീസ് തെളിവ് എടുത്തിരുന്നു. മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അഭിനേതാക്കളെയും കലാകാരന്മാരെയും മോഡലുകളെയും സിസിബി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയുന്നുണ്ട്.

രാഗിണിയെ ബംഗലൂരുവിൽ അവർ താമസിക്കുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.പൊലീസുമായി ആദ്യം നടി സഹകരിച്ചരുന്നില്ല. ആരെങ്കിലും നൈറ്റ് പാർട്ടിയിൽ പങ്കെടുത്തതിനെ എങ്ങിനെയാണ് മയക്കുമരുന്നുമായി ബന്ധിപ്പിക്കുക എന്ന് നടി ആരാഞ്ഞു. നാലു മണിക്കൂറോളം അപ്പാർട്ട്‌മെന്റ് അരിച്ചുപെറുക്കിയ പൊലീസ് കഞ്ചാവ് നിറച്ച സിഗരറ്റുകൾ കണ്ടെടുത്തു. അനുനയ വഴികൾ തേടിയിട്ടും നടി തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നതിൽ ഉറച്ചുനിന്നു .കൈയോടെ പിടകൂടിയിട്ടും അവർക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. നടി പുറത്തുവരുന്നത് കാത്തുനിന്ന മാധ്യമ സംഘത്തിനു നേരെ അവർ കൈവീശി സംസാരിച്ചു. പൊലീസ് വിലക്കിയിട്ടും അത് തുടർന്നു.

ബിനീഷ് കോടിയേരിയുടെ പേരിൽവരെ ആരോപണം ഉയർന്ന ബംഗലൂരു മയക്കുമരുന്നു കേസിൽ അന്വേഷണം കൂടുതൽ സെലിബ്രിറ്റികളിലേക്ക് നീങ്ങുതായി സൂചന.. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉൾപ്പെടുന്നു.

റിയ: നായികയിൽ നിന്ന് വില്ലനിലേക്ക്

ബോളവീഡിന്റെ ഇളക്കി മറിച്ച മരണത്തിന്റെ പേരിൽ ഇപ്പോൾ പ്രതിചേർത്തിരിക്കുന്ന റിയ ചക്രവർത്തി ബോളിവുഡിലെ പതിവായ കൊക്കെയിൻ പാർട്ടികളുടെ പേരിൽ നേരത്തെ ആരോപണ വിധേയായണ്. കർണാടകയിലെ ബെംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യൻ സൈന്യത്തിൽ ഓഫിസർ ആയിരുന്നതിനാൽ ആർമി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായി. 2013-ൽ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2012-ൽ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു.

2014ൽ സൊനാലി കേബിൾ എന്ന ചിത്രത്തിലും 2018ൽ ജലേബി എന്ന ചിത്രത്തിലും വേഷമിട്ടു. യാഷ്രാജ് ഫിലിംസിന്റെ 'ബാങ്ക്‌ചോർ', 'ഹാഫ് ഗേൾഫ്രണ്ട്' എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. യാഷ്രാജ് ഫിലിംസിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാൾ ഉയർന്നുകേട്ടിരുന്നത് സുശാന്തുമായുള്ള പ്രണയ വാർത്തകളായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ലഡാക്കിൽ അവധി ആഘോഷത്തിനു പോയതോടെയാണു ബന്ധം കൂടുതൽ പരസ്യമായത്.ഇപ്പോൾ റിയ കാമുകയിയുടെ റോളിൽനിന്ന് വില്ലത്തിയുടെ റോളിലേക്ക് മാറിയിരിക്കയാണ്.
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് റിയയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസമായി റിയയെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനൊടുവിലാണ് നടി അറസ്റ്റിലായിരിക്കുന്നത്. റിയക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നത്.

മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലാണ് ഇവരെ തുടർച്ചയായി ചോദ്യം ചെയ്തത്. ഇതിനിടെ, സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന റിയയുടെ പരാതിയിൽ നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. രാവിലെ പത്ത് മുപ്പതോടെയാണ് റിയ ചക്രവർത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു

കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയയുടെ സഹോദരൻ ഷൗവിക്കിന്റെയും റിയയയുടെ മാനേജർ സാമുവൽ മിറാൻഡയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിയയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. റിയയുടെ നിർദ്ദേശപ്രകാരം സാമുവൽ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.ഷൗവിക്കിന്റെ നിർദ്ദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമുവലും ഷൗവിക്കും തമ്മിൽ നടന്ന പണമിടപാടുകളുടെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. പന്ത്രണ്ടോളം തവണ ഇരുവരും തമ്മിൽ പണമിടപാട് നടത്തിയിട്ടുണ്ട്. അതിൽ പലതിനും റിയയുടെ ക്രെഡിറ്റ് കാർഡാണ് ഉപയോഗിച്ചിരിക്കുന്നത്.ഇതാണ് റിയയ്ക്ക് കുരുക്കാവുന്നത്.

സുശാന്ത് സിങ് രജ്പുത്തിന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലഹരി ചേർത്ത സിഗരറ്റുകൾ റോൾ ചെയ്തുകൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരൻ നീരജ് സിംഗിന്റെ വെളിപ്പെടുത്തിയിരുന്നു. മുംബൈ പൊലീസിൽ നൽകിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകൾ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താൻ റോൾ ചെയ്തുകൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയിൽ പറയുന്നു.അതേസമയം സുശാന്തും റിയ ചക്രബർത്തിയും ആഴ്ചയിൽ രണ്ട് ദിവസം സുഹൃത്തുകൾക്കായി പാർട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കൾ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകൾ നൽകുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് വെളിപ്പെടുത്തി. ഇതേതുടർന്നാണ് സുശാന്തിന്റെ കേസിൽ ലഹരി മാഫിയയുടെ പങ്ക് കൂടി അന്വേഷിക്കാൻ നാർക്കോട്ടിക്‌സ് ഇടപെടുന്നത്.

.സുശാന്തിന്റെ മരണം ബോളിവുഡിലെ ലഹരിമാഫിയയയെ തുറന്നു കാട്ടുന്ന കാമ്പയിനായി വളരുകയാണ്. ബോളിവുഡിൽ ഡ്രഗ് മാഫിയ പിടിമുറുക്കുന്നുവെന്ന പരാമർശവുമായി നടി കങ്കണ റണൗത്ത് രംഗത്തുവന്നതോടെ വിവാദം കൊഴുത്തു.

എത്ര നടന്മാർ സ്വയം രക്ത പരിശോധന നടത്തും

അതേസമയം മയക്കുമരുന്നിന്റെ പേരിൽ ആരോപിതരായ നടന്മാർക്കെതിരെ നടപടിയില്ലെന്ന് പരാതിയുണ്ട്. ബോളിവുഡിൽ ഡ്രഗ് മാഫിയ പിടിമുറുക്കുന്നുവെന്ന പരാമർശത്തിന് പിന്നാലെ , ബോളിവുഡ് നടന്മാരായ രൺബീർ കപൂർ, രൺവീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവർക്ക് നേരേയാണ് കങ്കണ രംഗത്തെത്തി. സ്വയം രക്ത പരിശോധന നടത്തി തങ്ങൾ ലഹരിക്കടിമയല്ലെന്ന് ആരാധകരെ അറിയിച്ചൂടെയെന്നാണ് കങ്കണ ഇവരോട് ചോദിച്ചത്.

'രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ, നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുന്നു. ബോളിവുഡിലെ ഡ്രഗ് അഡിക്ട്സ് ആണ് നിങ്ങളെന്ന ഗോസിപ്പുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിച്ച് ഇതിന് മറുപടി നൽകാൻ തയ്യാറാകു'- കങ്കണ ട്വിറ്ററിൽ കുറിച്ചു.ഇത്തരത്തിൽ ഒരു ചലഞ്ച് ഇവർ ഏറ്റെടുക്കുന്നത് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഒരു മാതൃകയാകുമെന്നും കങ്കണ പറയുന്നു.

നേരത്തേ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ നാർകോട്ടിക്‌സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പി.ആർ ടീം രംഗത്തെത്തിയിരുന്നു. നാർക്കോട്ടിക്‌സ് ബ്യൂറോ ബോളിവുഡിൽ വന്ന് അന്വേഷണമാരംഭിച്ചാൽ എ-ലിസ്റ്റിൽപ്പെട്ട നിരവധി താരങ്ങൾ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗർത്തങ്ങൾ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,' ടീം കങ്കണ ട്വീറ്റ് ചെയ്തു.താനും മയക്കുമരുന്നിന് വിധേയയായിട്ടുണ്ടെന്നും പ്രശസ്ത സിനിമകളിൽ വേഷം ലഭിച്ചപ്പോഴാണ് ഇവിടങ്ങളിലെ വലിയ രീതിയിൽ നടക്കുന്ന ദുഷിച്ച മാഫിയകളെക്കുറിച്ച് അറിയുന്നതെന്നും ട്വീറ്റിൽ പറഞ്ഞു.സിനിമാ മേഖലയിലെ കൂടുതലായും ഉപയോഗിച്ച് വരുന്നതുകൊക്കൈൻ ആണെന്നും ടീം കങ്കണ മറ്റൊരു ട്വീറ്റിൽ പറയുന്നു.

എല്ലാ ഹൗസ് പാർട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങൾ ഈ പാർട്ടിയിൽ ആദ്യമായി വരികയാണെങ്കിൽ നിങ്ങൾക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലക്കി നിങ്ങൾക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,' ടീം കങ്കണ പറഞ്ഞു.നാർക്കോട്ടിക്‌സ് ബ്യൂറോയെ സഹായിക്കാൻ താൻ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടർച്ചയായി വന്ന ട്വീറ്റിൽ പറഞ്ഞു.'കേന്ദ്ര സർക്കാരിൽ നിന്നും സംരക്ഷണം ലഭിക്കുമെങ്കിൽ നാർക്കോട്ടിക്‌സ് ബ്യൂറോയെ സഹായിക്കാൻ ഞാൻ തയ്യാറാണ്. എന്റെ കരിയർ മാത്രമല്ല, ജീവൻ കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങൾ അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,'-ടീം കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

ഒരു സഹനടൻ എനിക്കും മയക്കുമരുന്ന് നൽകിയെന്ന് കങ്കണ

ബോളിവുഡിലെ തുടക്ക കാലത്ത് ഒരു സ്വഭാവ നടനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി കങ്കണ റണൗത്ത്. ഒരു സഹനടൻ തനിക്ക് മയക്കുമരുന്ന് നൽകുകയും ദുരുപയോഗം ചെയ്തെന്നുമാണ് കങ്കണ പറയുന്നത്.16-ാം വയസ്സിൽ മണാലിയിൽ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാൾ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്.

മുംബൈയിൽ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടിൽ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.'അയാൾ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാൽ എന്നെ ആ വീട്ടിൽ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകൾ അപ്പപ്പോൾ ആയാൾക്കു വിവരം നൽകിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കൽ പോലെ അനുഭവപ്പെട്ടു.

' അയാൾ എന്നെ പാർട്ടികൾക്കു കൊണ്ടു പോയി. ഒരിക്കൽ വല്ലാതെ കൂടിയ സമയത്ത് ഞങ്ങൾ തമ്മിൽ അടുത്തു. ഇത് ഞാൻ ബോധപൂർവം ചെയ്തതല്ലെന്ന് പിന്നീട്് മനസ്സിലായി. എനിക്ക് വലിയ അളവിൽ ഡ്രിങ്ക്സ് നൽകിയിരുന്നു,''ഈ സംഭവം ഒരാഴ്ചയ്ക്കുള്ളിൽ അയാളെന്റെ സ്വയം പ്രഖ്യാപിത ഭർത്താവായി. നിങ്ങളെന്റെ കാമുകനല്ലെന്ന് പറഞ്ഞാൽ അയാളെന്നെ ചെരുപ്പ് കൊണ്ട് തല്ലുമായിരുന്നു,' കങ്കണ പറഞ്ഞു.ദുബായിൽ നിന്നുള്ള ചിലരുമായുള്ള മീറ്റിംഗുകളിൽ അയാൾ തന്നെ കൊണ്ടു പോയെന്നും തന്നെ ഇവരുടെ ഇടയിൽ തനിച്ചാക്കി ഇയാൾ പോവുമായിരുന്നെന്നും തന്നെ ദുബായിലേക്ക് കടത്തുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും കങ്കണ പറഞ്ഞു.

പക്ഷേ ഇപ്പോൾ ഇതാ മയക്കുമരുന്നു കേസിൽ ഒറ്റ നടനുനേരെയും അന്വേഷണം ഉണ്ടാവുന്നില്ല. സുശാന്തിന്റെ മരണത്തിനൊപ്പം ബോളിവുഡിലെ കൊക്കെയിൻ പാർട്ടികളും സമഗ്രമായി അന്വേഷിക്കണം എന്നാണ് ആവശ്യം ഉയരുന്നു. ബംഗലൂരു മയക്കുമരുന്നു കേസിൽ കൂടതൽ ചോദ്യം ചെയ്യൽ ഉണ്ടാവും എന്നത് മലയാള സിനിമയിലും ഭീതി ഉയർത്തുന്നുണ്ട്.