കൊച്ചി: വിവാദമായ വാഴക്കാല ലഹരിമരുന്ന് കേസിലെ പ്രധാനിയായ ടീച്ചർ എന്ന സുസ്മിത ഫിലിപ്പ് നാട്ടിലും വീട്ടിലും പഞ്ചപാവം. എന്നാൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഇവർ കൊച്ചിയിൽ മറ്റൊരു ഫ്ലാറ്റിലാണ് താമസം. കോട്ടയം സ്വദേശിയായ ഭർത്താവിന് സുസ്മിതയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് അറിയാവുന്നതിനാൽ തെറ്റിപ്പിരിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഫോർട്ടു കൊച്ചിയിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് താമസം. ഇവരുടെ ഒരു സഹോദരി വിദേശത്താണ്. ഭർത്താവുമായുള്ള ബന്ധം സഹോദരിയുടെ വിവാഹം കഴിഞ്ഞതിന് ശേഷം നിയമപരമായി പിരിയാനായിരുന്നു ഉദ്ദേശം. എന്നാൽ അതിനിടക്ക് ഇവർ കേസിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർക്ക് സുസ്മിതയെപറ്റി നല്ല അഭിപ്രായമായിരുന്നു. വീട്ടുകാർക്കും ഇതേ അഭിപ്രായം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ അറസ്റ്റിലായതോടെയാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും ഇവർ അറിയുന്നത്.

ആദ്യം എക്സൈസ് സംഘം ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. എന്നാൽ പിന്നീട് കേസ് ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തതോടെ കളിമാറി മറിയുകയായിരുന്നു. സുസ്മിതയെ പറ്റി നടത്തിയ അന്വേഷണത്തിൽ ഇവർ സ്ഥിരം ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധപ്പെടാറുണ്ടെന്ന് മനസ്സിലായി. ഇവരെ നിരീക്ഷിച്ചു വരുന്നതിനിടെ ചില ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്ന് കടത്തുമായി ഇവർക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. തുടർന്ന് വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സുസ്മിത ഫിലിപ്പിനെതിരെ അന്വേഷണ സംഘത്തിനു ലഭിച്ചത് ശക്തമായ തെളിവുകളാണ്. എക്സൈസ് റെയ്ഡിൽ പിടിയിലായ പ്രതികളെ നിയന്ത്രിച്ചത് ഇവരായിരുന്നെന്നാണ് കണ്ടെത്തൽ. പ്രതികൾക്ക് എം.ഡി.എം.എ ലഭിച്ചത് എവിടെനിന്ന് എന്ന കാര്യത്തിൽ ഇവർക്ക് അറിവുണ്ട് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിശദമായ ചോദ്യം ചെയ്യലിനും ഫ്ലാറ്റിൽ ഉൾപ്പടെ എത്തിച്ചു തെളിവെടുക്കുന്നതിനും ഇവരെ മൂന്നു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വാങ്ങി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു പത്തു കിലോയിലേറെ വരുന്ന എം.ഡി.എം.എ കൊച്ചിയിൽ എത്തിച്ചെന്ന കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരിൽ പലരെയും കുറിച്ച് അറിവുള്ളത് സുസ്മിതയ്ക്കാണ്. ലഹരി വാങ്ങുന്നതിനായി പ്രതികൾക്കു വലിയ തുക ഇവർ നൽകിയിരുന്നു. കൊച്ചിയിലെ ഏതാനും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഇവരുടെ നിയന്ത്രണത്തിൽ ലഹരി വിൽപന നടത്തിയിരുന്നു തുടങ്ങിയ കണ്ടെത്തലുകൾ അന്വേഷണ സംഘം കോടതിക്കു കൈമാറിയിട്ടുണ്ട്.

അതേസമയം ഇവരെ നേരത്തേ അറസ്റ്റു ചെയ്യാതിരുന്നത് തെറ്റായ തീരുമാനമായെന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. പ്രധാനപ്പെട്ട പല തെളിവുകളും നശിപ്പിക്കുന്നതിന് ഇവരുടെ അറസ്റ്റ് വൈകിയതു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. വാഴക്കാലയിലെ ഫ്ലാറ്റിൽ ലഹരി പിടികൂടിയതിനു പിന്നാലെ അറസ്റ്റിലായവരുടെ സഹായി എന്ന നിലയിൽ തന്നെ എത്തിയ ഇവരെ ചോദ്യം ചെയ്യുന്നതിനു പോലും എക്സൈസ് സംഘം തയാറായിരുന്നില്ല. പകരം നായയെ കൈമാറുന്നത് ഉൾപ്പെടെ ഇവർക്കു വേണ്ട സഹായം ചെയ്യുകയാണ് ഉദ്യോഗസ്ഥർ ചെയ്തത് എന്ന ആക്ഷേപവും ഉയർന്നു.

പ്രതികളായ സംഘത്തെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ 'ടീച്ചർ' കൊച്ചിയിൽ ഇവർക്കു താമസിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തിരുന്ന ആളാണ് എന്നാണു പരിചയപ്പെടുത്തിയിരുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നറിയില്ലെന്നും മറ്റും പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ ഇവരെ വിട്ടയക്കുകയും പ്രതികൾ ലഹരി കടത്തിനു കാറിൽ അകമ്പടിയായി ഉപയോഗിച്ച മുന്തിയ ഇനത്തിൽ പെട്ട നായയെ സംരക്ഷിക്കുന്നതിനായി ഇവരെ ഏൽപിക്കുകയായിരുന്നു. ഇവരാകട്ടെ നായയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനു പകരം മരടിലുള്ള സചിത്രാ സോമൻ എന്ന മൃഗസംരക്ഷണ പ്രവർത്തകയുടെ വീട്ടിൽ ഏൽപിക്കുകയായിരുന്നു. ഇതിനായി ഒരു ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു പറഞ്ഞ് ഇവരെ സഹായിക്കുകയും ചെയ്തു. ദിവസങ്ങളോളം നായ സംരക്ഷണ കേന്ദ്രത്തിൽ സൂക്ഷിച്ച നായയെ ഇവർ തിരെക കൊണ്ടു പോകാതെ വന്നതോടെ സചിത്ര രംഗത്ത് എത്തിയിരുന്നു. ഇതോടെ ബന്ധുക്കൾ എന്നു പറഞ്ഞ് ഒരാളെ ടാക്സിയുമായി പറഞ്ഞയച്ചാണ് ഇവർ നായയെ കൊണ്ടു പോയത്.

ആദ്യ ഘട്ടത്തിൽ തന്നെ 'ടീച്ചർ' എന്ന സുസ്മിതയ്ക്കെതിരെ ആരോപണം വന്നതോടെ ഇവരെ എക്സൈസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന അഭിഭാഷകയുമായി കസ്റ്റംസ് ഓഫിസിലെത്തിയ ഇവരെ കാര്യമായി ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്നു മറ്റു പ്രതികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു.

റിമാൻഡിലായ ഇവരെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു വിട്ടു നൽകണമെന്നായിരുന്നു എക്സൈസ് അപേക്ഷ. ഇത് അംഗീകരിച്ച കോടതി ഇവരെ കസ്റ്റഡിയിൽ വിട്ടു നൽകി. അതേ സമയം മകളുടെ ഇത്തരത്തിലുള്ള ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഫോർട്ടു കൊച്ചിയിൽ താമസിക്കുന്ന മാതാപിതാക്കൾ പറയുന്നത്. ആരോ ഇവരെ ചതിയിൽ പെടുത്തിയതാണെന്നാണ് അവരുടെ അവകാശ വാദം.