ബദിയഡുക്ക: നൂറോളം കേസിലെ പ്രതിയായ യുവാവിനെ 8.640 ഗ്രാം മാരക മയക്കുമരുന്നുമായി ബദിയഡുക്ക പൊലീസ് പിടികൂടി. ആലംമ്പാടിയിലെ എൻ. എ അമീറലിയെയാണ് (23,) എസ് ഐ, കെ.പി. വിനോദ്കുമാറും സംഘവും അതിസാഹസികമായി പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ചെടേക്കാലിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിൽ വരികയായിരുന്നു അമീറലി പിടിയിലാവുകയായിരുന്നു.

പൊലീസിനെ കണ്ടത്തൊടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ പൊലീസിന് ഓട്ടമത്സരം തന്നെ നടത്തേണ്ടി വന്നിരുന്നു. എസ് ഐ കെ.പി. വിനോദ്കുമാറിന്റെ മുന്നിൽ ഓടിത്തളർന്നു പോയതല്ലെത്ത അമീറിന് രക്ഷപെടാൻ സാധിച്ചിട്ടില്ല. പാന്റ്‌സിന്റെ കീശയിൽ സോക്‌സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്, ഇയാളുടെപക്കലിൽ നിന്ന് കളിത്തോക്കും കണ്ടത്തി. കണ്ണൂർ, കാസർകോട് ,കർണ്ണാടക എന്നിവിടങ്ങളിലായി നൂറോളം കേസുകളിൽ പ്രതിയാണ് അമീറലിയെന്ന് പൊലീസ് പറഞ്ഞു.

വാഹന പരിശോധനയ്ക്ക് പൊലീസുദോഗസ്ഥരായ വർഗീസ്, കരുൺ എന്നിവർ എസ് ഐ യോടൊപ്പമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം മയക്കുമരുന്ന് വിൽപന നടത്തുന്നവരുമായുള്ള ഏതെങ്കിലും വിധത്തിലുള്ള ബന്ധം ജീവൻ വരെ ഭീഷണി ആയേക്കാം എന്ന മുന്നറിയുപ്പുമായി ബദിയടുക്ക പൊലീസ് രംഗത്തുവന്നു.

മയക്കുമരുന്ന് വില്പനക്കാരിൽ ഭൂരിഭാഗവും അമിതമായ മയക്കു മരുന്ന് ഉപോയോഗത്താൽ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരായാണ് പൊലീസ് കണ്ടത്താറുള്ളതെന്നും ഇത്തരക്കാരുടെ കൈയിൽ കളിത്തോക്കുകൾ, എയർഗൺ ,വിവിധ തരം കത്തികൾ എന്നിവയോടോപ്പോം യഥാർത്ഥ ആയുധങ്ങളും ഉണ്ടാകാറുണ്ടന്നും പൊലീസ് പറയുന്നു.

എംഡിഎഎ പോലുള്ള മയക്കു മരുന്ന് ഉപയോഗിക്കുന്നവർ വളരെ പെട്ടെന്ന് അതിരൂക്ഷമായി പ്രതികരിക്കുന്നവർ ആണെന്നും ഇത് അക്രമണത്തിലേക്ക് വഴിമാറുകയാണ് പലപ്പോഴും സംഭവിക്കുന്നതെന്ന് എസ് ഐ വിനോദ് കുമാർ പറയുന്നു. ഇത്തരത്തിൽ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപതാകം തന്നെ നേരത്തെ നടന്നിട്ടുള്ളത് ഏറെ ഗൗരവപരമായി കാണണ്ട കാര്യമാണെന്ന് എസ് ഐ കൂട്ടിച്ചേർത്തു.

ആയതിനാൽ ഇത്തരം സംഘങ്ങളുമായി പൊതുജനങ്ങൾ യാതൊരുവിധത്തിലുള്ള സമ്പർക്കവും പുലർത്തരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. മയക്കുമരുന്നു സംഘങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് അറിയിക്കേണ്ടത് ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾ ബാധ്യതയായി ഏറ്റടുക്കണം. എന്നാൽ മാത്രമേ വർദ്ധിച്ചുവരുന്ന മയക്കുമരുന്നു സംഘങ്ങളെ തടയിടാൻ സാധിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.