കൊരട്ടി: ദേശീയപാതയിൽ ലോറിയിൽ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പാന്മസാലയും കടത്തിയ ആളെ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ മലപ്പുറം പൊന്നാനി സ്വദേശി അമ്പലത്ത് സൈനുൽ ആബിദ് (30) നെ എസ്എച്ച്ഒ ബി.കെ.അരുൺ അറസ്റ്റ് ചെയ്തു. 260 പാക്കറ്റ് ലഹരി വസ്തുക്കളും വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എസ്എച്ച്ഒയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലോറിയിൽ പാൽപ്പൊടി, ബിസ്‌കറ്റ് എന്നിവ നിറച്ച പെട്ടികൾക്കു താഴെയാണ് നിരോധിത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവിലെ മജസ്റ്റിക്കിൽ നിന്ന് തിരുവനന്തപുരം കോരാണിയിലേക്കാണ് ഇവ കടത്തുന്നതെന്ന്‌സൈനുൽആബിദ് സമ്മതിച്ചു.

ലഹരി വസ്തുക്കൾ കടത്തുന്നതിന് ഭീമമായ തുകയാണ് സൈനുൽ ആബിദിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി സൈനുൽ ആബിദ് സ്വന്തം വീടു വിറ്റാണ് തുക കണ്ടെത്തിയത്. 12 ലക്ഷം രൂപയാണ് വീടു വിറ്റു ലഭിച്ചത്. നിരോധിത വസ്തുക്കൾ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കെത്തുമ്പോൾ 10 ലക്ഷം രൂപ നൽകുമെന്നു ഇടപാടുകാർ വാഗ്ദാനം നൽകിയതായി പൊലീസിനോട് സമ്മതിച്ചു.

ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനും ലക്ഷങ്ങളാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. രണ്ട് സ്ഥലങ്ങളിലേക്കുള്ള ലോഡുകൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുകയായിരുന്നു സൈനുൽ ആബദിന്റെ ഉദ്ദേശ്യമെന്നു പൊലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായാണ് സൂചന.

ചാലക്കുടി ഡിവൈഎസ്‌പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും എസ്ഐമാരായ ഷജു എടത്താടൻ, സൂരജ്, ജിനുമോൻ, എഎസ്ഐമാരായ എം വിസെബി, ടി.എ.ജെയ്സൺ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മുരുകേഷ് കടവത്ത്, റോയ് പൗലോസ്, തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.